നാലു വയസ്സുകാരിയുടെ കൊലപാതകം; സന്ധ്യയുടേത് ദുരൂഹ സ്വഭാവമെന്ന് ഭർത്താവ്
text_fieldsകോലഞ്ചേരി: സന്ധ്യയുടെ സ്വഭാവം ദുരൂഹമായിരുന്നുവെന്ന് ഭർത്താവും കൊല്ലപ്പെട്ട കല്യാണിയുടെ പിതാവുമായ സുഭാഷ്. സന്ധ്യ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു. അമ്മക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. സന്ധ്യയെ താൻ ഉപദ്രവിച്ചിട്ടില്ലെന്നും സുഭാഷ് പറഞ്ഞു.
രണ്ട് വയസ്സുള്ളപ്പോൾ കല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് കുട്ടിയുടെ നെഞ്ചിലുണ്ട്. തന്റെ അച്ഛൻ വെന്റിലേറ്ററിലാണ്. തിങ്കളാഴ്ച പകലാണ് തിരുവനന്തപുരത്തുനിന്ന് വീട്ടിലെത്തിയത്. ഇ.എസ്.ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആശുപത്രിയിൽ നിൽക്കുമ്പോൾ കുക്കറിന്റെ വാഷർ പൊട്ടിയെന്നും വാങ്ങിവരാമോ എന്നും ചോദിച്ച് സന്ധ്യ വിളിച്ചിരുന്നു. വരാൻ താമസിക്കുമെന്ന് അറിയിച്ചു. 3.30ന് വീട്ടിലെത്തുമ്പോൾ സന്ധ്യ ഉണ്ടായിരുന്നില്ല. വാഷർ വാങ്ങാൻ പോയെന്നാണ് കരുതിയത്. ആറുമണിയായപ്പോഴും കാണാതായതോടെ സന്ധ്യയുടെ വീട്ടിലുൾപ്പെടെ വിളിച്ചിരുന്നു. അവിടെ എത്തിയിരുന്നില്ല.
മുമ്പും രണ്ട് മക്കളെയും വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. അന്ന് കടയിലേക്കെന്ന് പറഞ്ഞായിരുന്നു പോയത്. ദുരൂഹസ്വഭാവം പലതവണ അവരുടെ വീട്ടിൽ അറിയിച്ചിരുന്നുവെന്നും സുഭാഷ് പറഞ്ഞു. സന്ധ്യ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നും മകൻ പറഞ്ഞു. അമ്മ തന്നെയും അനുജത്തിയെയും ടോർച്ചുകൊണ്ട് തലക്കടിച്ചിട്ടുണ്ട്. ഞങ്ങളെ രണ്ടുപേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനായിരുന്നു ഉപദ്രവം എന്നുപോലും അറിയില്ല. തനിക്ക് അമ്മയെ പേടിയായിരുന്നുവെന്നും അമ്മയുടെ വീട്ടിൽ പോകാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മകൻ പറഞ്ഞു.
സന്ധ്യ മുമ്പും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഭർതൃമാതാവ് രാജമ്മയും ആരോപിക്കുന്നു. സന്ധ്യ മക്കളെയുംകൊണ്ട് വീട്ടില് നിന്നിറങ്ങിപ്പോകാറുണ്ട്. പോകുന്ന വിവരം ആരോടും പറയാറില്ല. പോകുമ്പോള് വീട്ടിലെ പാത്രങ്ങളും ഡ്രസ്സുമടക്കം എല്ലാം കൊണ്ടുപോകും- രാജമ്മ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.