ജി.വി.എച്ച്.എസ്.എസ് പയ്യോളിയിലെ മിൽമ ബൂത്ത്, കാന്റീൻ നടത്തിപ്പ്; ജില്ല പഞ്ചായത്ത് യോഗത്തിൽ ബഹളം
text_fieldsകോഴിക്കോട്: പയ്യോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മിൽമ ബൂത്ത്, കാന്റീൻ നടത്തിപ്പു സംബന്ധിച്ച് ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളം. രണ്ടുവർഷം മുമ്പ് ജില്ല പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ നൽകിയ പരാതി സംബന്ധിച്ച് സെക്രട്ടറി ഡി.പി.ഐക്ക് നൽകിയ കത്താണ് സമിതിയിൽ ചൂടേറിയ വാഗ്വാദത്തിനിടയാക്കിയത്. മുൻ വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ സമിതി ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് നൽകാത്തതിനെത്തുടർന്നാണ് സെക്രട്ടറി ഡി.പി.ഐക്ക് റിപ്പോർട്ട് നൽകിയത്.
10 ലക്ഷം രൂപ ഡെപ്പോസിറ്റ് വാങ്ങി പ്രതിമാസം 10,000 രൂപ വാടകക്കാണ് മിൽമ ബൂത്ത്, കാന്റീൻ എന്നിവ നടത്താൻ കൊടുത്തതെന്ന് ദുൽഖിഫിൽ പറഞ്ഞു. നടത്തിപ്പ് ഓപൺ ടെൻഡർ വിളിച്ചു നൽകണം. ജില്ല പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്ന സ്ഥലത്ത് അനുമതിയില്ലാതെ ചെയ്യുന്ന പ്രവൃത്തി അധികാര ദുർവിനിയോഗമായി കണക്കാക്കേണ്ടതാണ്. അനാവശ്യമായ രീതിയിലുള്ള സാമ്പത്തിക ലാഭം ലഭ്യമാക്കാൻ ചില തൽപര കക്ഷികൾ ഉള്ളതായും ഗുരുതര വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവാദികളിൽനിന്ന് സാമ്പത്തിക നഷ്ടം ഈടാക്കണമെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ, ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രസിഡന്റ് ഷീജ ശശി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണത്തിനു നൽകിയിരുന്നതായും പ്രസിഡന്റ് പറഞ്ഞു. ഡി.ഡി.ഇ അന്വേഷിച്ച് റിപ്പോർട്ട് ലഭിക്കാത്തതിനാൽ പുതുതായി ചുമതലയേറ്റ ഡി.ഡിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡി.ഡി.ഇ കെ. ശിവദാസൻ പറഞ്ഞു.
പദ്ധതികൾക്ക് അംഗീകാരം
നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തോട് ചേർന്ന മൂന്നു വൈദ്യുതി കാലുകൾ മാറ്റിസ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ഐ.പി. രാജേഷ് ആവശ്യപ്പെട്ടു. മാനസിക ആരോഗ്യ പുനരധിവാസത്തിനു സൊസൈറ്റി രൂപവത്കരിക്കാനും ഇതുമായി ബന്ധപ്പെട്ട് യോഗം നടത്താനും തീരുമാനിച്ചു. പ്രാഥമിക വിവരങ്ങൾ അറിയിക്കാതെയാണ് മാനസികാരോഗ്യ സൊസൈറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചതെന്ന ആരോപണം യു.ഡി.എഫ് അംഗങ്ങൾ ഉയർത്തിയെങ്കിലും സൊസൈറ്റി രൂപവത്കരിച്ചിട്ടില്ലെന്നും അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പ്രോജക്ട് നടപ്പാക്കൂവെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ പറഞ്ഞു.
കൗൺസിൽ മിനിറ്റ്സ് മൂന്നു ദിവസം മുമ്പ് നൽകാതെ യോഗം ചേരുന്നത് ശരിയായ നടപടിയല്ലെന്നും അടിയന്തര യോഗമാണെങ്കിലും 24 മണിക്കൂർ മുമ്പെങ്കിലും നൽകണമെന്നും ബോസ് ജേക്കബും വി.പി. ദുൽഖിഫിലും പറഞ്ഞു. സകർമ വഴിയാണ് മിനിറ്റ്സ് തയാറാക്കുന്നതെന്നും ഇതെല്ലാം മെംബർമാരുടെ ഇ-മെയിലിലേക്ക് ഉൾപ്പെടെ അയക്കുന്നുണ്ടെന്നും പ്രസിഡന്റ് ഷീജ ശശിയും വൈസ് പ്രസിഡന്റ് പി. ഗവാസും പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ തെറ്റായ രീതിയിലാണ് മറുപടി നൽകിയതെന്നും അതു ശരിയല്ലെന്നും പി. ഗവാസ് പറഞ്ഞു.
ഭൂമിവാതുക്കൽ-ജാതിയേരി റോഡിന് 1.10 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടും 40 ലക്ഷം രൂപയാണ് വകയിരുത്തിയതെന്ന് സി.വി.എം. നജ്മ പറഞ്ഞു. റോഡ് തകർന്നതിനാൽ അടിയന്തരമായി ക്വാറി വേസ്റ്റിട്ട് ഗതാഗതയോഗ്യമാക്കണമെന്നും കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും മെംബർ ആവശ്യപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. സുരേന്ദ്രൻ, കെ.വി. റീന, വി.പി. ജമീല, പി.പി. നിഷ, ഫിനാൻസ് ഓഫിസർ അബ്ദുൽ മുനീർ കുളത്തിൽ, മെംബർമാരായ സുരേഷ് കൂടത്താംകണ്ടി, രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.