മത്സ്യത്തൊഴിലാളി നേതാവ് ലാൽ കോയിൽപറമ്പിൽ അന്തരിച്ചു
text_fieldsചേർത്തല: മത്സ്യത്തൊഴിലാളി നേതാവും സമരനായകനുമായിരുന്ന അർത്തുങ്കൽ ലാൽ കോയിൽപറമ്പിൽ (69) അന്തരിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ നേതാവായ ലാൽ കുറച്ചുനാളായി രോഗബാധിതനായിരുന്നു.
അർത്തുങ്കൽ സെൻറ് ഫ്രാൻസിസ് എച്ച്.എസ്, ചേർത്തല സെൻറ് മൈക്കിൾസ് കോളജ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലാൽ ആലപ്പുഴ രൂപതയുടെ കാത്തലിക് യൂത്ത് മൂവ്മെൻറിലൂടെ പൊതുരംഗത്തേക്ക് വന്നു. കെ.സി.വൈ.എം രൂപത പ്രസിഡൻറ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു.
1980ൽ പയ്യന്നൂർ മുതൽ തിരുവനന്തപുരം വരെ വാഹന പ്രചാരണ ജാഥ നടത്തി. ഗൂഡല്ലൂരിൽ കുടിയിറക്കൽ സമരത്തിൽ ആക്ഷൻ കൗൺസിൽ കൺവീനറായി പങ്കാളിയായി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ജില്ല സെക്രട്ടറിയും സംസ്ഥാന പ്രസിഡൻറുമായി. ട്രോളിങ് നിരോധനത്തിനെതിരെ ആറുതവണ നിരാഹാരസമരം നടത്തി. രണ്ടാഴ്ചവരെ നീണ്ട സമരത്തിനൊടുവിൽ ബോട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് ക്ഷേമത്തിനായി പ്രവർത്തിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു.
എണ്ണിയാൽ തീരാത്ത നൊമ്പരങ്ങൾ, അറേബ്യൻ സമുദ്രത്തിെൻറ ഹൃദയത്തുടിപ്പുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: പൊൻകുന്നം വയലുങ്കൽ കുടുംബാംഗം മിനി പീറ്റർ (അധ്യാപിക സെൻറ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസ്, അർത്തുങ്കൽ). മക്കൾ: നിഥിയ (ന്യൂസിലൻഡ്), നിഥിൻലാൽ (ബംഗളൂരു). മരുമകൻ: മിഥുൻ ജാക്സൺ ആറാട്ടുകുളം (ന്യൂസിലൻഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.