തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ഡി. രാജൻ അന്തരിച്ചു
text_fieldsജസ്റ്റിസ് പി.ഡി. രാജൻ
കൊച്ചി/പത്തനംതിട്ട: ഹൈകോടതി റിട്ട. ജഡ്ജിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനുമായ ഇടയാർമുള പന്നിപുഴയിൽ ജസ്റ്റിസ് പി.ഡി. രാജൻ (68) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. താമസസ്ഥലമായ വെണ്ണല ട്രാവൻകൂർ കോർട്ട്യാർഡ് അപ്പാർട്ട്മെന്റിൽ പൊതുദർശനത്തിനുശേഷം മൃതദേഹം ഇടയാറന്മുളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.
2024 ഒക്ടോബറിലാണ് ഓംബുഡ്സ്മാനായി ചുമതലയേറ്റത്. 2013 ജനുവരി 28ന് കേരള ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയും 2014 ജനുവരി 16ന് സ്ഥിരംജഡ്ജിയുമായി. 2019 ഏപ്രിലിൽ വിരമിച്ചു. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ കുറ്റം ചുമത്തുന്നത് തടയണമെന്നാവശ്യപ്പെടുന്ന പ്രതികളായ പൊലീസുകാരുടെ ഹരജി തള്ളുകയും ഉദയകുമാറിന്റെ അമ്മ പത്മാവതിയമ്മക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമുള്ള ജസ്റ്റിസ് പി.ഡി. രാജന്റെ ഉത്തരവ് ഏറെ ശ്രദ്ധേയമായിരുന്നു.
അഴീക്കോട് നിയമസഭ മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാർഥി കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും ഷാജിയെ അയോഗ്യനാക്കിയതും ഇദ്ദേഹമാണ്. 1991ൽ ജില്ല കൗൺസിൽ അംഗമായി. 1995ൽ ആലപ്പുഴ എം.എ.സി.ടി ജഡ്ജിയായാണ് ജുഡീഷ്യൽ സർവിസ് ആരംഭിച്ചത്. 2009ൽ നിയമസഭാ സെക്രട്ടറിയായി. 2012ൽ കൊല്ലം ജില്ല ജഡ്ജിയായി. എൻ.ആർ.ഐ കമീഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. കെ. വത്സകുമാരി (ഓർത്തോ വിഭാഗം, ഫോർട്ട്കൊച്ചി ജനറൽ ആശുപത്രി). മക്കൾ: ഡോ. ആർ. ഇന്ദുശേഖർ (പി.കെ. ദാസ് മെഡിക്കൽ കോളജ്, ഒറ്റപ്പാലം), അഡ്വ. ആർ. ലക്ഷ്മിനാരായൺ (ഹൈകോടതി). മരുമക്കൾ: ഡോ. റോഷ്നി പി. മുകേഷ് (ഒഫ്താൽമോളജിസ്റ്റ്, പഞ്ചാബ് ഗുരു ഗോബിന്ദ് സിങ് മെഡിക്കൽ കോളജ് ആശുപത്രി), ഡോ. ദേവിപ്രിയ (ജനറൽ സർജൻ, തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ. പി.ഡി. മോഹനൻ (ആറന്മുള പഞ്ചായത്ത് മെംബർ), പി.ഡി. പ്രസന്നകുമാരി, പി. ഡി. മുരളീധരൻ, പി.ഡി. സുരേഷ്ബാബു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.