സിജെപി സമരത്തിനിടെ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsഗോപാലകൃഷ്ണ പിള്ള
മുംബൈ: കോക്രോച്ച് ജനതാ പാർട്ടി മാർച്ചിൽ പങ്കെടുക്കുന്നതിനിടെ നഗരത്തിലെ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗോപാലകൃഷ്ണ പിള്ള (75) ആണ് മരിച്ചത്.
കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച ദാദർ ശിവാജി പാർക്കിൽ സി.ജെ.പി നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വൈകീട്ട് അഞ്ചോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളുടെയും പൊലീസിന്റെയും സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കടുത്ത ചൂടും പൊലീസ് ഉപരോധവും മറികടന്നാണ് ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധവുമായി സി.ജെ.പി മാർച്ച് സംഘടിപ്പിച്ചത്. പാർട്ടിയുടെ ആഹ്വാന പ്രകാരം മുംബൈയിലെ ശിവാജി പാർക്കിൽ പതിനായിരത്തോളം പേർ തടിച്ചുകൂടി. പാട്ടുകളും വിപ്ലവ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ, അംബേദ്കർ-ഗാന്ധിയൻ ആശയങ്ങളും സിനിമ ഡയലോഗുകളും ചേർത്തുണ്ടാക്കിയ പ്ലക്കാർഡുകളും മീമുകളും ഉയർത്തിപ്പിടിച്ചു.
ദേശീയ പതാകയും പ്ലക്കാർഡുകളുമേന്തി എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകളിലെ പ്രവർത്തകർ സമരത്തിൽ അണിനിരന്നു. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അഹിംസയെ കുറിച്ചുള്ള സന്ദേശങ്ങളും അംബേദ്കറുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അപാകതകളും തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലെ (SIR) ആശങ്കകളും പ്രക്ഷോഭകർ ഉന്നയിച്ചു. മഹാത്മാ ഗാന്ധിയുടെ പേരമകനും സാമൂഹിക പ്രവർത്തകനുമായ തുഷാർ ഗാന്ധി, പ്രമുഖ ചലച്ചിത്ര താരങ്ങളായ നസീറുദ്ദീൻ ഷാ, ഷബാന ആസ്മി, പ്രമുഖ സംഗീത സംവിധായകൻ വിശാൽ ദാദ്ലാനി തുടങ്ങിയ പ്രമുഖർ സമരത്തിന് പിന്തുണയുമായി എത്തിയത് പ്രതിഷേധത്തിന്റെ ആവേശം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

