ഓർമകളിലെന്നും വി.എസ്
text_fieldsദീപ്തി വി.എസിനൊപ്പം
ആലപ്പുഴ: കുട്ടനാട്ടിലെ ഞങ്ങളുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് വി.എസ്. അച്യുaതാനന്ദനുള്ളത്. കുട്ടിക്കാലത്ത് ബാലസംഘത്തിൽ പ്രവർത്തിക്കുമ്പോൾതന്നെ പലതവണ വി.എസിനെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി അടുത്ത് കാണുന്നത് കൊച്ചച്ചന്റെ (അച്ഛന്റെ സഹോദരൻ, സി.പി.എം കുട്ടനാട് ഏരിയ മുൻ സെക്രട്ടറി കെ.കെ. അശോകൻ) കല്യാണത്തിനായി എടത്വയിൽ വന്നപ്പോഴാണ്. ഒരുപാട് ആളുകൾ പങ്കെടുത്ത ആ കല്യാണത്തിന്റെ മുഖ്യാതിഥി വി.എസ് ആയിരുന്നു.
എന്റെ കല്യാണത്തിന് ശേഷമാണ് ഞാൻ ബഹ്റൈനിൽ എത്തിയത്. പ്രവാസിയായപ്പോൾ നാട്ടിലെ പരിപാടികൾ ഒക്കെ മിസ് ചെയ്യേണ്ടി വന്നു. പിന്നീട് നാട്ടിലെത്തിയപ്പോഴാണ് വി.എസിനെ വീണ്ടും കാണുന്നത്; കൊച്ചച്ചന്റെ വീട് സന്ദർശിക്കാൻ വീണ്ടും വി.എസ് എത്തിയപ്പോൾ. വി.എസിന്റെ സന്ദർശനം വീട്ടിൽ ഒരു ഉത്സവം തന്നെയായിരുന്നു. അല്ലെങ്കിലും പാർട്ടിപരിപാടികളും ഇലക്ഷനുമൊക്ക ഞങ്ങളുടെ വീട്ടിൽ ഒരു ഉത്സവാന്തരീക്ഷം പോലെ തന്നെയാണ്.
ഒരു തോടിന്റെ കരയിലാണ് ഞങ്ങളുടെ വീട്. വണ്ടി മുറ്റത്തേക്ക് വരില്ല. പടികളുള്ള ഒരു പാലം കടന്നുവേണം വീട്ടിലെത്താൻ. വി.എസിനുവേണ്ടി എല്ലാവരും ചേർന്ന് പെട്ടെന്ന് കയറിയിറങ്ങാൻ പാകത്തിന് ഒരു പാലമൊക്കെ ഉണ്ടാക്കി. മുറ്റത്ത് പന്തലൊക്കെ ഒരുക്കി. ഭക്ഷണകാര്യത്തിൽ ഒക്കെ നല്ല നിഷ്ഠയുള്ള ആളായതിനാൽ അതിനനുസരിച്ചു എല്ലാം തയാറാക്കി. സഖാവ് വീട്ടിൽ എത്തിയ ആ നിമിഷം ഒരിക്കലും മറക്കാൻ ആവാത്തതും വിലമതിക്കാനാവാത്തതും ആയതിനാൽ ഇന്നും ആ ഓർമകൾ ഒരു ആൽബമായി വീട്ടിൽ നിധിപോലെ സൂക്ഷിക്കുന്നു. തിരിച്ചു ബഹ്റൈനിൽ എത്തിയ ശേഷം സഖാവിനെ ഇവിടെ വെച്ച് കാണാനുള്ള ഭാഗ്യം വീണ്ടും ഉണ്ടായി. അന്നും അശോകൻ സഖാവിന്റെ ചേട്ടന്റെ മകൾ എന്ന് പരിചയപ്പെടുത്തി സംസാരിച്ചപ്പോൾ അന്നത്തെ ആ നിറഞ്ഞ ചിരി ഓർക്കുമ്പോൾ ഇപ്പോൾ കണ്ണ് നിറയുന്നു.
അവസാനമായി സഖാവിനെ വീണ്ടും കണ്ടത് തിരുവനന്തപുരത്ത് എന്റെ സഹോദരന്റെ കല്യാണത്തിനാണ്. സഖാവ് വരുമെന്ന് നേരത്തേ അറിഞ്ഞിരുന്നു. അതിന്റെ ഒരു സന്തോഷം വേറൊന്നുതന്നെ ആയിരുന്നു. അതൊരു ഭാഗ്യമായും കരുതുന്നു. ഏറെ ബഹുമാനം തോന്നിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും വിതുര പോലുള്ള വിഷയങ്ങളിൽ സഖാവ് എടുത്ത നിലപാട് എടുത്തുപറയേണ്ടതാണ്. സഖാവിന്റെ പെൻഷൻ തുകയിൽ നിന്ന് മാറ്റിവെച്ച ഒരു ലക്ഷം രൂപ പെൺകുട്ടിയുടെ അച്ഛന്റെ കൈയിൽ കൊടുത്തിട്ട് ഇത് അവളുടെ മുത്തച്ഛൻ തന്നതാണെന്ന് പറഞ്ഞതും അതിലെ പ്രതികളോടൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ചതുമൊക്കെ വി.എസിന്റെ മാനുഷികമൂല്യങ്ങളുടെ അടയാളങ്ങളാണ്.
കമ്യൂണിസം എന്താണെന്നും ഒരു കമ്യൂണിസ്റ്റ് എങ്ങനെയാവണമെന്നും ജീവിച്ചുകാണിച്ചുതന്ന വ്യക്തി. അഴിമതിയുടെ കറ പുരളാത്ത നേതാവ്.
വി.എസിന്റെ വിയോഗത്തോടെ ഒരു യുഗമാണ് അവസാനിച്ചത്. വി.എസ് ജീവിച്ച യുഗത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാനിപ്പോഴും അഭിമാനിക്കുന്നുണ്ട്. വി.എസിന്റെ വിടവാങ്ങൽ കേരളജനതക്കുതന്നെ നികത്താനാവാത്ത ഒരു വിടവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.