Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഎം.ജി.എസ്, സൈനുദ്ദീൻ...

എം.ജി.എസ്, സൈനുദ്ദീൻ മഖ്ദൂം, തുഹ്ഫത്തുൽ മുജാഹിദീൻ: ഹിന്ദു-മുസ്‍ലിം മൈത്രിയുടെ ചരിത്രകാരനായ അംബാസിഡർ

text_fields
bookmark_border
എം.ജി.എസ്, സൈനുദ്ദീൻ മഖ്ദൂം, തുഹ്ഫത്തുൽ മുജാഹിദീൻ: ഹിന്ദു-മുസ്‍ലിം മൈത്രിയുടെ ചരിത്രകാരനായ അംബാസിഡർ
cancel

എം.ജി.എസ്. നാരായണൻ കേരളം കണ്ട വലിയ ചരിത്രകാരനാണ്. ജന്മം കൊണ്ട് പൊന്നാനിക്കാരൻ. മറ്റു പല പൊന്നാനി പ്രതിഭകളെയും പോലെ ഹിന്ദു മുസ്‍ലിം മൈത്രിയുടെ വലിയ വക്താവ്. ഞാൻ ബിരുദ പഠനം കഴിഞ്ഞു നിൽക്കുന്ന കാലത്താണെന്നു തോന്നുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.ജി.എസ് എഴുതിയ ഒരു ലേഖനത്തിലെ പരാമർശമാണ് എന്റെ പരിമിതമായ വായനാനുഭവങ്ങളിൽനിന്ന് അദ്ദേഹം ഓർമയിൽ തങ്ങി നിൽക്കാൻ കാരണമായത്. കേരള ചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലക്ഷണമൊത്ത ഗ്രന്ഥം സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീനാണ് എന്ന പരാമർശമായിരുന്നു അത്.

സ്കൂൾ ക്ലാസുകൾ മുതൽ ബിരുദ തലം വരെ പല രീതിയിൽ ഇന്ത്യ, കേരള ചരിത്രങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും അവിടെയൊന്നും ഇത്തരമൊരു പരാമർശം കണ്ടിരുന്നില്ല. പിന്നയും കുറേക്കഴിഞ്ഞാണ് സി. ഹംസ വ്യാഖ്യാനസമേതം പരിഭാഷപ്പെടുത്തിയ തുഹ്ഫത്തുൽ മുജാഹിദീൻ വായിക്കുന്നത്. ആ വായന എന്നിൽ ആവേശകരമായ അനുഭവമാണ് സൃഷ്ടിച്ചത്. അതിനുകാരണം ചരിത്ര വിജ്ഞാനത്തോടുള്ള പരിമിതമായ താല്പര്യം മാത്രമായിരുന്നില്ല. ഇസ്‍ലാമിക അടിത്തറയിൽ നിന്നുകൊണ്ട് വളരെ സജീവമായി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ഭാഗമായിരിക്കുന്ന കാലത്താണ് ഞാൻ തുഹ്ഫതുൽ മുജാഹിദിനീന്റെ മേൽപറഞ്ഞ പരിഭാഷ വായിക്കുന്നത്. ഇസ്‍ലാമിക അടിത്തറയിൽ നിന്നുകൊണ്ട് ഒരു ബഹുമത സമൂഹത്തിൽ ഇടപെട്ടതിന്‍റെ ചരിത്ര രേഖയും ദാർശനിക വിശദീകരണവും വായിക്കുക എന്നത് പ്രവർത്തനങ്ങളുടെ ആശയ തലം വികസിപ്പിക്കാനും വ്യക്തത കൈവരിക്കാനും സഹായകരമായിരുന്നു.


ഇതുസംബന്ധിയായ പല ആലോചനകളും സംഘടനയിൽ നടന്നിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് 2009 ഫെബ്രുവരി 20ന് മലപ്പുറത്തു വെച്ച് ‘സമകാലിക കേരളം തുഹ്ഫത്തുൽ മുജാഹിദീൻ വായിക്കുന്നു’ എന്ന ശീർഷകത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ചർച്ച സദസ്സ് സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ സംഘാടകൻ എന്ന നിലക്കാണ് എം.ജി.എസുമായി ഞാൻ ആദ്യമായി ബന്ധപ്പെടുന്നത്. പരിപാടിയിൽ അദ്ദേഹത്തിന് പുറമേ ഡോ. എം. ഗംഗാധരൻ, അബ്ദുസമദ് സമദാനി, പിടി കുഞ്ഞഹമ്മദ്, സി. ഹംസ, കെ. അബൂബക്കർ, മുജീബ് റഹ്മാൻ കിനാലൂർ, കെ.കെ. മുഹമ്മദ് അബ്ദുസ്സത്താർ, കെ.ടി. ഹുസൈൻ, ജമീൽ അഹമ്മദ്, ടി. ശാകിർ എന്നിവർ പങ്കെടുത്തിരുന്നു.

ഇതിലെ പ്രഭാഷണങ്ങളും വി.സി. ശ്രീജന്റെ വിഷയസംബന്ധിയായ ഒരു ലേഖനവും ചേർത്ത് ‘തുഹ്ഫത്തുൽ മുജാഹിദീൻ വഴിയും വായനയും’ എന്ന പേരിൽ ഇസ്‍ലാമിക് പബ്ലിഷിങ് ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ‘രചനാത്മക മതേതരത്വം പാശ്ചാത്യമല്ല, കേരളീയമാണ്’ എന്ന തലക്കെട്ടിൽ പുസ്തകത്തിലെ പ്രഥമ ലേഖനം എം.ജി.എസ്സിന്റേതാണ്. തുഹ്ഫത്തുൽ മുജാഹിദീൻ വീണ്ടും വായിക്കുന്നതിനെക്കുറിച്ച് പ്രസ്തുത ലേഖനത്തിൽ എം.ജി.എസ് എഴുതുന്നു: ‘ഈ പുസ്തകത്തിൻറെ പുനർവായനയിലൂടെ നമുക്ക് കിട്ടാവുന്ന ഒരു കാര്യമുണ്ട്. നാലഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ തരത്തിൽ ഒരു ദാർശനികൻ നമുക്കുണ്ടായിരുന്നു. അദ്ദേഹം സാമൂതിരിപ്പാടിന്റെ ഉപദേശകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ നേതൃത്വത്തിൽ കേരളത്തിൽ സമുദായ സൗഹാർദത്തിന്, പുതിയ ഭാഷയിൽ നാം പറയുന്ന സെക്കുലറിസത്തിന് മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുള്ള വസ്തുത പരമ പ്രാധാന്യമർഹിക്കുന്നു’.


കേരളത്തിൽ നിലനിന്ന ബഹുമത രാഷ്ട്രിയത്തിൻ്റെ ചരിത്രത്തെക്കുരിച്ച് അദ്ദേഹം എഴുതുന്നു: ‘മാലിക്ബ്നു ദീനാറും കൂട്ടരും വരുന്നത് ഇസ്‍ലാം സ്വീകരിച്ചു അറബ് രാജ്യത്ത് പോയി താമസിച്ച കേരളക്കാരനായ ചേരമാൻ പെരുമാളുടെ സന്ദേശവും കൊണ്ടാണ്. ആ സൗഹൃദ സന്ദേശം ഏറ്റുവാങ്ങിയതിൽ പ്രമുഖനാണ് കൊണ്ടോടിക്കടുത്ത് നെടിയിരിപ്പിലുള്ള മാനവിക്രമൻ ഏറാടി. പന്ത്രണ്ടാം നൂറ്റാണ്ടിൽ അദ്ദേഹം സ്ഥാപിച്ച കോഴിക്കോട് നഗരത്തിൽ ഹിന്ദുക്കളായ നായന്മാരും നമ്പൂതിരിമാരും പുറത്തുനിന്നു വന്ന ഇസ്‍ലാം മത വിശ്വാസികളായ അറബികളും അവരുടെ സന്തതികളും അടങ്ങുന്ന മാപ്പിള സമുദായവും തമ്മിൽ ഒരു സഖ്യം സ്ഥാപിച്ചു. കുറേ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഹിന്ദു മുസ്‍ലിം സഖ്യം പല പരീക്ഷണങ്ങളെയും അതിജീവിച്ചു. ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ 900 വർഷത്തോളം പല പ്രതിസന്ധികളെയും കടന്നു പോകുന്ന ഈ സഖ്യം ഇന്നും നിലനിൽക്കുന്നു. അതാണ് രാജ്യത്തിൻറെ മുഖ്യധാരാ നന്മയായി പിന്നീട് മാറിയത്. ഇത്തരമൊരു സഖ്യം ലോകത്ത് വേറെ എവിടെയെങ്കിലുമുണ്ടോ? ഉത്തരേന്ത്യയിലോ മധ്യേഷ്യയിലോ യൂറോപ്പിലോ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. അവിടെയൊക്കെ ഈ സമുദായങ്ങൾ ചില കാലങ്ങളിൽ ഒന്നിച്ചു ജീവിച്ചു. ചില കാലങ്ങളിൽ യുദ്ധം ചെയ്തു. എന്നാൽ രണ്ട് പ്രബല സമുദായങ്ങളായ ഹിന്ദു മുസ്‍ലിം സമൂഹങ്ങൾ ഈ തരത്തിൽ ചേർന്ന് നിന്നുകൊണ്ട് ഒരു നാടിന്റെ സംസ്കാരം കെട്ടിപ്പെടുത്ത് വിജയിച്ചത് ആദ്യമാണ്. അതിന്റെ വലിയ നേട്ടങ്ങൾ വാണിജ്യ ലോകത്ത് ദൃശ്യമായിരുന്നു’.

ഈ ചരിത്രാഖ്യാനത്തിന് തീർച്ചയായും ചില പരിമിതികൾ ഉണ്ട്. ബ്രാഹമണ- നായർ -മുസ്‍ലിം സഖ്യം എന്നും ഹിന്ദു- മുസ്‍ലിം മൈത്രി എന്നും പറയുമ്പോൾ ചരിത്രത്തിൽ നിന്ന് അദൃശ്യരായി പോകുന്ന ജന വിഭാഗങ്ങളാണ് പിന്നോക്കക്കാരും ദലിതുകളും. മുസ്‍ലിംകൾക്ക് സവർണ്ണ വിഭാഗങ്ങളുമായി ബന്ധങ്ങൾ ഉണ്ടായിരുന്നതുപോലെ തന്നെ അവർണ്ണ വിഭാഗങ്ങളുമായും ബന്ധങ്ങൾ ഉണ്ടായിരുന്നു. എന്നല്ല അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ പൊതുമണ്ഡലം രൂപപ്പെടുന്നത്. പ്രത്യേകിച്ച് പോർച്ചുഗീസ് അധിനിവേശക്കാരുടെ ആക്രമണം കാരണം മുസ്‍ലിംകൾ തീരപ്രദേശത്തുനിന്നും ഇടനാടുകളിലേക്ക് മാറി താമസിക്കുകയും അവർ അവിടെയുള്ള അവർണരുമായി ചേർന്ന് രൂപപ്പെടുത്തുകയും ചെയ്തതാണ് കേരള ചരിത്രത്തിലെ ആദ്യത്തെ പൊതുമണ്ഡലം.


സാമുദായിക സഹവർത്തിത്തത്തിന്റെ ഈ മാതൃക ലോകത്ത് വേറെ മാതൃകയില്ലാത്തതാണെന്ന വാദവും സംവാദ വിധേയമാണ്. സ്പെയിനിൽ മുസ്‍ലിം ഭരണകാലത്ത് നിലനിന്നിരുന്ന ലാ കോൺവവൻസിയ എന്ന മുസ്‍ലിംകളും ജൂതന്മാരും ക്രിസ്ത്യാനികളും ഉൾക്കൊള്ളുന്ന സമുദായ സഹവർത്തിത്വമാതൃക ഇന്ന് പലരും പഠനങ്ങളിലൂടെ പുറത്തുകൊണ്ടുവരുന്നുണ്ട്. ആഷിഷ് നന്ദിയെപ്പോലെയുള്ള പണ്ഡിതന്മാർ ആധുനിക സെക്കുലറിസത്തെക്കാൾ മെച്ചപ്പെട്ട ബഹുസമുദായ സഹവർത്തിത്ത മാതൃകയായി ഇതിനെ അവതരിപ്പിക്കുന്നുണ്ട്.

എങ്കിലും ആധുനിക യൂറോപ്പിനെയും കേരളത്തെയും താരതമ്യം ചെയ്തുകൊണ്ട് ബഹുമത സഹവർത്തിത്വത്തെക്കുറിച്ച് എം.ജി.എസ് പറയുന്ന കാര്യം വളരെ ശ്രദ്ധേയമാണ്: ‘പലരുടെയും ധാരണ സെക്കുലറിസം ഒരു പാശ്ചാത്യൻ ആദർശമോ ലക്ഷ്യമോ ആണെന്നും നമ്മൾ അത് കടംവാങ്ങിയതാണെന്നുമാണ്. യാഥാർഥ്യം അതല്ല. പാശ്ചാത്യലോകത്ത് അങ്ങനെയൊന്നില്ല. ഇപ്പോൾ കുറേശ്ശെ ഉണ്ടായിവരുന്നുണ്ട്. പക്ഷേ അതുണ്ടായി വരുന്നത് പൊതുവേ മതങ്ങളോടുള്ള ഒരു അകൽച്ചയിലൂടെയാണ്. അവർക്ക് മതം ഹൈന്ദവമോ ക്രൈസ്തവമോ ഇസ്‍ലാമോ എന്തായാലും പ്രശ്നമല്ല. യൂറോപ്പിലും അമേരിക്കയിലും ഭൂരിപക്ഷ ജനങ്ങളും ഈ നിലപാടുകാരാണ്. അതുകൊണ്ടാണ് അവർക്ക് മതസഹാനുഭൂതി സാധ്യമാകുന്നത്. ‘എനിക്ക് ഒരു മതത്തിലും കാര്യമില്ല അതിനാൽ നിങ്ങൾ എന്തു മതം സ്വീകരിക്കുന്നതും എനിക്ക് വിഷയമല്ല’ എന്ന തരത്തിലുള്ള ഒരു നിഷേധാത്മക മതസൗഹാർദം ആണ് ഇന്ന് അമേരിക്കയിലും യൂറോപ്പിലും നമുക്ക് കാണാൻ സാധിക്കുക. കേരളത്തിൽ അങ്ങനെയായിരുന്നില്ല. സാമൂതിരിയും അദ്ദേഹത്തിന്റെ സാമന്തരായ ഉദ്യോഗസ്ഥരും നമ്പൂതിരിമാരും യാഥാസ്ഥികരായ തങ്ങളുടെ വിശ്വാസങ്ങളിൽ അടിയുറച്ചവരും വളരെ മോശമായ ജാതിവ്യവസ്ഥയെ കാര്യമായി പൊക്കിപ്പിടിച്ച് ജീവിച്ചിരുന്നവരും ആയിരുന്നു. എന്നിട്ടും അവരുടെ വിശ്വാസങ്ങൾക്ക് കടകവിരുദ്ധമായ ഇസ്‍ലാമിക വിശ്വാസങ്ങളെ അവർ എതിർത്തില്ലെന്നു മാത്രമല്ല സ്വാഗതം ചെയ്യുകയും ചെയ്തു’.


മതരഹിതമായ മതേതരത്വമല്ല മതസഹിതമായ മതേതരത്വമാണ് കേരളത്തിൽ നില നിന്നിരുന്നത് എന്നാണ് എം.ജി.എസ് പറയുന്നത്. അതേപോലെ മതേതരത്വം എന്നത് നമ്മൾ ഇവിടെ വ്യത്യസ്ത മതവിഭാഗങ്ങൾ ജീവിച്ചുണ്ടാക്കിയ അനുഭവമാണെന്നും. മേൽപ്പറഞ്ഞ ലേഖനത്തിൽ എം.ജി.എസ് എഴുതുന്നു: ‘പോർച്ചുഗീസുകാർ കോഴിക്കോട് വന്നപ്പോൾ കൊളംബസ് അമേരിക്കയിൽ പോയ പോലെ ഭാഷയുടെ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. ഗാമയുടെ കപ്പലിൽ നിന്ന് അന്വേഷണത്തിനിറങ്ങിയ ആളെ ആദ്യം സ്വീകരിച്ചത് കോഴിക്കോട് അങ്ങാടിയിലെ രണ്ട് മാപ്പിളമാരാണ്. കാരണം അവർ മൊറോക്കോയിൽ നിന്ന് വന്നവരായിരുന്നു. അവർക്ക് പോർച്ചുഗീസ് ഭാഷ അറിയാമായിരുന്നു. അവർ വന്നയാളെ സ്വീകരിച്ച് അവർക്ക് വഴി പറഞ്ഞുകൊടുത്തു. സാമൂതിരിപ്പാടിന് വിവരമറിയിച്ച് ഒരാഴ്ചക്ക് ശേഷം ഒരു കൂടിക്കാഴ്ച ഏർപ്പാട് ചെയ്തു’. പോർച്ചുഗീസ് ഭാഷ അറിയാമായിരുന്ന ആ മാപ്പിളമാരെ കുറിച്ച് എംജിഎസ് തുടർന്നെഴുതുന്നു: ‘പോർച്ചുഗീസ് ഭാഷ മാത്രമല്ല സൗഹൃദത്തിൻറെ ഭാഷയും അവർക്കറിയാമായിരുന്നു’.

തുഹ്ഫത്തുൽ മുജാഹിദീനെ കുറിച്ച് എം.ജി.എസ് എഴുതുന്നു: ‘ഉത്തരേന്ത്യയിൽ അൽ ബിറൂനി ചെയ്ത തരത്തിലുള്ള വൈജ്ഞാനിക സേവനമാണ് കേരളത്തെയും ദക്ഷിണേന്ത്യയും സംബന്ധിച്ചിടത്തോളം തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിലൂടെ ശെയ്ഖ് സൈനുദ്ദീൻ മഖ്ദൂം ചെയ്തിട്ടുള്ളത്. അതാണ് പ്രസ്തുത കൃതിയുടെ പ്രസക്തി എന്ന് ചുരുക്കിപറയാം. സംസ്കൃതം, ഇന്ത്യൻ സംസാരഭാഷകൾ, വേദങ്ങൾ, വ്യാകരണം, ഉപനിഷത്ത് തുടങ്ങിയവയെല്ലാം പഠിച്ച് അൽബിറൂനി അവ ബാഹ്യലോകത്തിനു പരിചയപ്പെടുത്താൻ അറബി ഭാഷയിലേക്ക് തർജ്ജിമ ചെയ്തു പരസ്യപ്പെടുത്തി. അത് വലിയൊരു സേവനമായിരുന്നു. കാരണം കിതാബുൽ ഹിന്ദ് എന്ന ഇന്ത്യയെപ്പറ്റിയുള്ള പുസ്തകത്തിലൂടെയാണ് അറബി ലോകവും അവരിലൂടെ യൂറോപ്യൻ ക്രൈസ്തവ ലോകവുമൊക്കെ ഇന്ത്യയെക്കുറിച്ച് യഥാർത്ഥ വസ്തുതകൾ കുറേ മനസ്സിലാക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ കൾച്ചറൽ അംബാസിഡർ എന്ന് പറയാവുന്നത് അൽബിറൂനിയാണ്.

ഏതാണ്ട് അതേ തരത്തിലുള്ള സേവനമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഇവിടെ നിർവഹിച്ചത്. അദ്ദേഹം നിലവിലുള്ള അന്യമത വിശ്വാസികളുടെ ഗ്രന്ഥങ്ങൾ തർജ്ജമ ചെയ്യുക മാത്രമല്ല ചെയ്തത്. അവരുടെ ജീവിതത്തെക്കുറിച്ച് പഠിച്ചു കേരളത്തിലെ ബ്രാഹ്മണർ, നായന്മാർ, തട്ടാൻമാർ, കൊല്ലന്മാർ, ആശാരിമാർ, അതിന് താഴെയുള്ള ഈഴവർ, പുലയർ തുടങ്ങി ഓരോ സമുദായക്കാരും എന്ത് ചെയ്തു, എങ്ങനെ ജീവിച്ചു, അവരുടെ ജാതി വ്യവസ്ഥയിൽ അവർ ഓരോരുത്തരുടെയും സ്ഥാനം എന്തായിരുന്നു, എന്നൊക്കെ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതൊക്കെ മറ്റുള്ളവർ മനസ്സിലാക്കണം എന്ന് ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു’.

‘ഇന്ത്യക്കാർ പൊതുവെ -ഭൂരിപക്ഷം ഹിന്ദുക്കൾ- അന്യ രാജ്യങ്ങളെ കുറിച്ചോ അന്യമതങ്ങളെ കുറിച്ചോ പഠിക്കുന്നതിൽ ഔത്സുക്യം കാണിച്ചിരുന്നില്ല. അൽബിറൂനി ഇന്ത്യയുടെ വിശ്വാസങ്ങളും തത്വചിന്തകളും ആവിഷ്കരിക്കുന്നതിൽ കാണിച്ച ഉത്സാഹം ഇവിടെയുള്ള ഏതെങ്കിലും ബ്രാഹ്മണ ആചാര്യന്മാർ ഇസ്‍ലാമിനെ കുറിച്ച് പഠിക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം മറ്റന്നാകുമായിരുന്നു’ എന്നും എം.ജി.എസ് പ്രസ്തുത ലേഖനത്തിൽ എഴുതുന്നുണ്ട്.

അദ്ദേഹത്തെക്കുറിച്ച എൻറെ മനസ്സിലെ അവസാനത്തെ ശക്തമായ ഓർമ്മ കാശ്മീരിന്റെ പ്രതേകാധികാരം എടുത്തു കളഞ്ഞതിനെതിരെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതാണ്. അതിൽ നിന്ന് അദ്ദേഹത്തെ വിലക്കാൻ സംഘപരിവാർ ശ്രമങ്ങൾ നടത്തിയിരുന്നു. അതിനെയെല്ലാം മറി കടന്നാണ് അദ്ദേഹം ആ പരിപാടിയിൽ പങ്കെടുത്തത്.

ഈയിടെ അന്തരിച്ച പ്രമുഖ ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനും ആയിരുന്ന കെ.കെ. കൊച്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തോടൊപ്പം ഒരിക്കൽ അദ്ദേഹത്തിൻറെ വീട് സന്ദർശിച്ചിരുന്നു. കെ.കെ. കൊച്ച് എം.ജി.എസുമായി കേരള ചരിത്ര വിഷയത്തിൽ സംവാദത്തിൽ ഏർപ്പെടുന്നതിന് സാക്ഷിയാവുകയും ചെയ്തു.

ഹിന്ദു -മുസ്‍ലിം മൈത്രിയുടെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യകാല പള്ളികൾ തദ്ദേശീയ വാസ്തുശില്പ രീതിയിലാണ് നിർമിച്ചിരുന്നത് എന്ന് തുഹ്ഫത്തുൽ മുജാഹിദീനെ കുറിച്ച ലേഖനത്തിൽ എം.ജി.എസ് പറയുന്നുണ്ട്. തുടർന്ന് അദ്ദേഹം എഴുതുന്നു: ‘ഇന്ന് പലർക്കും രണ്ടു തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ട്. ഹിന്ദുക്കളിൽ വിവരം കുറഞ്ഞവരുടെ വിചാരം അതൊക്കെ തങ്ങളുടെ അമ്പലങ്ങളെ പോലെയാണ്, നാലുകെട്ടുകളെ പോലെയാണ്, തങ്ങളുടെ അമ്പലങ്ങളും നാലുകെട്ടുകളും മാപ്പിളമാർ കയ്യേറി പള്ളികളാക്കി മാറ്റിയതാണ് എന്നാണ്. ചിലർ അടുത്ത കാലം വരെ അങ്ങനെ വിശ്വസിച്ചിരുന്നു. ഇപ്പോൾ അങ്ങനെ വിശ്വസിക്കുന്നവരുണ്ടോ എന്നറിയില്ല. പണ്ടുകാലത്ത് സാമൂതിരിപ്പാട് ദാനമായി കൊടുത്തതാണിതെന്ന് അവർക്കറിഞ്ഞുകൂടാ’. തീർച്ചയായും എം.ജി.എസ് ഹിന്ദു -മുസ്‍ലിം മൈത്രിയുടെ ചരിത്രകാരനായ അംബാസിഡർ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MGS NarayananHistorianZainuddin MakhdoomTuhfat Ul Mujahideen
News Summary - MGS narayanan: The Historian Ambassador of Hindu-Muslim fraternity
Next Story