കത്തിച്ചു വച്ച നിലവിളക്കിന്റെ ശോഭ
text_fieldsകോണ്‍ഗ്രസിന്റെ സൗമ്യവും ദീപ്തവുമായ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള സാര്‍. ധരിക്കുന്ന ഖദര്‍ പോലെ തൂവെള്ളയുടെ വിശുദ്ധിയായിരുന്നു അദ്ദേഹത്തിന്റെ മനസിന്. അടിമുടി കോണ്‍ഗ്രസുകാരനും തികഞ്ഞ ഗാന്ധിയനും. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ കരകയറ്റാനുള്ള നിയോഗം ഉണ്ടായത് അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ സൗമ്യമായ സാന്നിദ്ധ്യം തന്നെ എല്ലാ തര്‍ക്കങ്ങളെയും അലിയിച്ചു കളയുമായിരുന്നു. സൗമ്യമായ ആ ചിരിയില്‍ അലിഞ്ഞു പോകാത്ത തര്‍ക്കങ്ങളില്ലായിരുന്നു. അത് കൊണ്ടു തന്നെ കെ.കരുണാകരനും എ.കെ. ആന്റണിക്കും ഓരു പോലെ സ്വീകാര്യനായി തെന്നല സാര്‍. അനുനയത്തിന്റെ അന്തരീക്ഷമുണ്ടാക്കി പാര്‍ട്ടിയ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം കരുത്തോടെ മുന്നോട്ട് നയിച്ചു.
സമ്പന്നമായ തറവാട്ടില്‍ നിന്നു വന്ന അദ്ദഹം ആ സ്വത്തെല്ലാം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. മണ്ഡലം പ്രസിഡന്റ് മുതല്‍ കെ.പി.സി.സി പ്രസിഡന്റ് വരെ പാര്‍ട്ടിയില്‍ അദ്ദേഹം പല പദവികളും വഹിച്ചു. എല്ലാ പദവികളും അദ്ദേഹത്തെ തേടി വരികയായികയായിരുന്നു. പാര്‍ട്ടി താത്പര്യങ്ങളാണ് അദ്ദേഹം എന്നും മുറുകെ പിടിച്ചിരുന്നത്. രണ്ടു തവണ നിയമസഭാ സാമാജികനും മൂന്നു തവണ രാജ്യസഭാംഗവുമായി. സത്യസന്ധമായും ആത്മാര്‍ത്ഥമായും അദ്ദേഹം ആ പദവികളില്‍ പ്രവര്‍ത്തിച്ചു.
എനിക്ക് തെന്നല സാറുമായി ആഴത്തിലുള്ള സ്നേഹബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് വലിയ വാത്സല്യമായിരുന്നു. 1982 ല്‍ അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം സ്വീകരിച്ചത്. 1982 ല്‍ മന്ത്രി സ്ഥാനത്തേക്ക് തെന്നല സാറിന്റെ പേരാണ് പറഞ്ഞു കേട്ടിരുന്നത്. പക്ഷേ ലീഡര്‍ മന്ത്രിയായി നിര്‍ദ്ദേശിച്ചത് എന്നെയായിരുന്നു. ഞാന്‍ ആഗ്രഹിക്കാത്ത സമയത്തായിരുന്നു ലീഡര്‍ എന്നെ ആ ചുമതല ഏല്പിച്ചത്. തെന്നല സാറിന് അതില്‍ തെല്ലും നീരസവും ഉണ്ടായില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എന്നും അച്ചടക്കത്തോടെ അംഗീകരിക്കുന്ന പ്രകൃതമായിന്നു അദ്ദേഹത്തിന്.
ലാളിത്യത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. കത്തിച്ചു വച്ച നിലവിളക്കിന്റെ ശോഭയായിരുന്നു തെന്നല സാര്‍. കെ.പി.സി.സി പ്രസിഡന്റായിരിക്കെ അദ്ദേഹം പൊതുജനപങ്കാളിത്തത്തോടെ ആരംഭിച്ച മണക്കാല പദ്ധതി വിഖ്യാതമാണ്. അടിയുറച്ച ഗാന്ധിയനായിരുന്നു അദ്ദേഹം അവസാന ഘട്ടം വരെ കര്‍മ്മ നിരതനായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.