മാധവമേനോനെ ഓർക്കുമ്പോൾ
text_fieldsടി. മാധവമേനോൻ
കേരളത്തിലെ ആദിവാസികളുടെ സർവോന്മുഖ വികസനത്തിനുവേണ്ടി ഏറ്റവും ആവേശത്തോടെ വാദിച്ച വിദഗ്ധനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ ടി. മാധവമേനോൻ. 1958 മുതൽ 1961 വരെ പാലക്കാട് ജില്ല കലക്ടർ പദവിയിലിരിക്കെ ഒരു യോഗത്തിൽ വികസനത്തിൽനിന്ന് ഒഴിച്ചുനിർത്തപ്പെട്ട സമൂഹങ്ങളെക്കുറിച്ച് ഇ.എം.എസ് പറയുന്നത് കേട്ട് തുടങ്ങിയതാണ് ആദിവാസി വിഭാഗങ്ങളോടുള്ള താല്പര്യം. പിന്നീട് ആ സമൂഹങ്ങളെ അദ്ദേഹം കൈവിട്ടിട്ടില്ല. അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്) ഉന്നതാധികാര സമിതിയിലെ ഏറ്റവും സീനിയർ അംഗമായിരുന്ന അദ്ദേഹം ഊരുവികസനപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ ഏറെ താൽപര്യത്തോടെ റിസർവ് ഫോറസ്റ്റിനുള്ളിലെ കുറുമ്പ ഊരുകളിലേക്ക് ക്ലേശകരമായ വഴികൾ താണ്ടി എത്തുമായിരുന്നു. ‘നിക്ഷിപ്ത വനഭൂമി’യുടെ കസ്റ്റോഡിയൻ ആയി പ്രവർത്തിച്ചപ്പോഴും കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയപ്പോഴും ആദിവാസി വികസനം തന്നെയായിരുന്നു മനസ്സ് നിറയെ.
സ്വകാര്യ വനഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ പകുതി ആദിവാസി വികസനത്തിന് ഉതകുന്നതാക്കി മാറ്റണമെന്ന നിർദേശം മാധവമേനോൻ മുന്നോട്ടുവെച്ചു. അങ്ങനെയാണ് കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസികൾക്കായി പ്ലാന്റേഷനുകൾ ഉണ്ടായത്. വയനാട്ടിൽ രൂപംകൊടുത്ത സുഗന്ധഗിരി ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്ലാന്റേഷൻ ആയിരുന്നു. അടിമജോലികളിൽനിന്ന് ആദിവാസി സമൂഹങ്ങളെ രക്ഷപ്പെടുത്തുന്നതിനാണ് ഇത് ആവിഷ്കരിച്ചത്. അങ്ങനെ രൂപപ്പെട്ട തോട്ടങ്ങൾ ആദിവാസികൾക്ക് കൈമാറിയില്ലെന്ന് മാത്രമല്ല മറ്റു പദ്ധതികൾക്കായി മാറ്റുകയും ചെയ്തു.
വയനാട്ടിൽ പൂക്കോട് ഫാമിന് രൂപംകൊടുക്കുമ്പോൾ അത് ഒരു പുൽമേടായിരുന്നു. ആ പരിസ്ഥിതി അതുപോലെ നിലനിർത്തി കന്നുകാലി വളർത്തൽ ആയിരുന്നു നിർദേശിക്കപ്പെട്ടത്. എന്നാൽ, അതൊക്കെ മറ്റെന്തൊക്കെയോ ആയി മാറിപ്പോയി.
പരിസ്ഥിതി, സാമൂഹിക-നരവംശശാസ്ത്ര പ്രത്യേകതകൾ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്. സാമ്പ്രദായിക വികസന സങ്കൽപങ്ങളിൽ ഇല്ലാത്തതും അതുതന്നെ. ഭൂമി, ആദിവാസി വികസനത്തിൽ എത്ര പ്രധാനമാണെന്ന് കൃത്യമായി മനസ്സിലാക്കിയ ആളാണ് മാധവമേനോൻ. അത് ഏത് പദ്ധതി വരുമ്പോഴും, അവരുടെ മുൻകൈയിൽ വികസിപ്പിച്ചുവേണം ഭൂമി ആദിവാസികൾക്ക് കൈമാറേണ്ടതെന്ന് അദ്ദേഹം നിർദേശിക്കാറുണ്ട്. ആസ്തികൾ ഇല്ലാത്ത സമൂഹത്തിന് അത് സ്വയം വികസിപ്പിച്ചെടുക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെയാണ് ജനകീയാസൂത്രണം പോലുള്ള പ്രവർത്തനതന്ത്രങ്ങളെ അദ്ദേഹം വിമർശിച്ചത്.
ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചശേഷവും ആർജിച്ച അനുഭവങ്ങളെ സമൂഹത്തിന് കൂടുതൽ ഉപയുക്തമാകുന്ന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇന്റർനാഷനൽ സ്കൂൾ ഫോർ ദ്രാവിഡിയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയിരിക്കെ ദ്രാവിഡിയൻ എൻസൈക്ലോപീഡിയയുടെ ചുമതല വഹിച്ചു.
ഫോറസ്റ്റ് റൈറ്റ് ആക്ടുമായി ബന്ധപ്പെട്ട ധാരാളം ചർച്ചകൾക്കും അദ്ദേഹം നേതൃത്വം നൽകി. ആദിവാസികളെ കാട്ടിൽനിന്ന് വേർപെടുത്തി, അവരെ വിശ്വാസത്തിലെടുക്കാതെ വനംവകുപ്പ് അമിതാധികാരം പുലർത്തുന്നത് വിമർശനത്തോടെയേ കാണാൻ കഴിയൂ എന്നദ്ദേഹം പറയുമായിരുന്നു. സാമൂഹിക നീതിയില്ലാത്ത സംരക്ഷണവും വികസനവും അർഥവത്തല്ലെന്നും അദ്ദേഹം വിശ്വസിച്ചു.
2022ൽ പ്രഥമ കേരളപ്രഭ പുരസ്കാരം നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എന്നാൽ, മാധവമേനോൻ മുന്നോട്ടുവെച്ച വികസന സമീപനം ആദിവാസികളുടെ വികസനത്തിൽ ഉൾച്ചേർക്കുക എന്നതാവും അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരം; ഒപ്പം, ആദിവാസികളോടുള്ള നീതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

