സത്യപാൽ മാലിക്: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ പഴയ സോഷ്യലിസ്റ്റ്
text_fieldsന്യൂഡൽഹി: പാർട്ടികൾ പലത് മാറിയെങ്കിലും സത്യപാൽ മാലിക് എന്നും വിമതത്വം സൂക്ഷിച്ചിരുന്നു. പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന രീതി അദ്ദേഹത്തിന് ശത്രുക്കളെയുണ്ടാക്കി. 1974ൽ ആദ്യമായി യു.പി നിയമസഭയിലേക്ക് ബാഘ്പതിൽനിന്ന് ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിൽ മത്സരിച്ചാണ് പാർലമെന്ററി രാഷ്ട്രീയത്തിലെത്തിയത്. അന്ന് തോൽപിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയെ ആയിരുന്നെങ്കിലും മനസ്സിൽ എന്നും മണ്ണിൽ പണിയെടുക്കുന്നവരോടുള്ള അടുപ്പം സൂക്ഷിച്ചു. അതാണ് കർഷക സമരകാലത്തും അദ്ദേഹം പ്രകടിപ്പിച്ചത്.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആ ദിനത്തിന്റെ ആറാം വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ മരണം. ഗവർണർ പദവി വിട്ടശേഷം മാലിക് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതാണ് കണ്ടത്. കർഷകരെ അവഹേളിച്ച് തിരിച്ചയക്കാനാകില്ലെന്നും 600 പേർ മരണം വരിച്ച ഇത്രയും വലിയൊരു സമരം രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം കർഷക സമരത്തെക്കുറിച്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിശബ്ദതയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
2019ലെ പുൽവാമ ഭീകരാക്രമണം പൂർണമായും ഇന്റലിജൻസ് പാളിച്ചയാണെന്ന് 2023ൽ അദ്ദേഹം വെളിപ്പെടുത്തി. ജവാന്മാരെ കൊണ്ടുപോകാൻ കോപ്റ്റർ അനുവദിക്കണമെന്ന സി.ആർ.പി.എഫ് അഭ്യർഥന ആഭ്യന്തര മന്ത്രാലയം തള്ളിയെന്നും ഈ കാര്യങ്ങളിൽ നിശബ്ദനാകാൻ തന്നോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.