സമരഭരിതമായ അധ്യായം
text_fieldsകേരളത്തിന്റെ പൊതുവിലും ഇവിടത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസിന്റെ ജീവിതം. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാറിനെയും സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി.എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെപ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും. ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി.എസിന്റെ വിയോഗത്തോടെ ഉണ്ടാകുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ച അവസാനത്തെ കണ്ണിയാണ് വി.എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ് അസ്തമിച്ചുപോയത്. ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്ക് വി.എസ് വളരെ വേഗമുയർന്നു. പാർട്ടി വി.എസിനെയും വി.എസ് പാർട്ടിയെയും വളർത്തി. 1940ൽ, 17 വയസ്സുള്ളപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി.എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂനിയൻ’ എന്ന സംഘടനയുടെ രൂപവത്കരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂനിയൻ’ ആയി വളർന്നതിലും വി.എസ് വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു.
വഹിച്ച സ്ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്രകൾ ചാർത്തിയ നേതാവാണ് അദ്ദേഹം. കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ജീവിതദൈന്യം നേരിട്ടറിഞ്ഞിട്ടുള്ള വി.എസ്, തന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ട സഖാവ്, കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആ ദാർഢ്യത്തോടെ മുന്നോട്ടുനയിച്ചു. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരെയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി.എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി.എസ് ഉയർന്നത്.
മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, പാർട്ടിയും മുന്നണിയും ആവിഷ്കരിച്ച നയങ്ങൾ നടപ്പാക്കിക്കൊണ്ട് കേരളത്തെ മുന്നോട്ടുനയിച്ചു. പ്രതിസന്ധികളിൽ ഉലയാതെ സർക്കാറിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചു. നിയമ നിർമാണ കാര്യങ്ങളിലും തന്റേതായ സംഭാവനകൾ നൽകി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തനതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി.എസ്. സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.