വി.എസ് എന്നും പ്രതിപക്ഷം
text_fieldsവി.എസ് 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളന നഗരിയിൽ. കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എ.കെ ബാലൻ, എം.എ ബേബി തുടങ്ങിയവർ സമീപം
വി.എസ്. അച്യുതാനന്ദന് പകരമായി വി.എസ്. അച്യുതാനന്ദനല്ലാതെ ആരും തന്നെയില്ല. വി.എസ് കേരള രാഷ്ട്രീയ മണ്ഡലത്തിലെ ഒളിമങ്ങാത്ത നക്ഷത്രമാണ്. വർഗബോധമുള്ളവരിൽ ആവേശത്തിന്റെ തീനാളം ആളിപടർത്തുന്ന നേതാവാണ് അദ്ദേഹം. വർഗ ശത്രുക്കൾക്ക് അദ്ദേഹത്തെ രാഷ്ട്രീയമായി എന്നും ഭയമായിരുന്നു. അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾ, പ്രഭാഷണങ്ങൾ, പ്രതിഷേധ യോഗങ്ങളിലെ പ്രസംഗങ്ങൾ ഇടിമുഴക്കംപോലെയാണ്എതിരാളികളുടെ കർണപുടങ്ങളിൽ പതിച്ചിരുന്നത്. ഇടിമുഴങ്ങുേമ്പാൾ മയിലുകൾ ആനന്ദ നൃത്തം ചെയ്യുമെന്ന് കവികൾ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടിമുഴക്കംപോലുള്ള ശബ്ദം കേരളീയ സമൂഹത്തിൽ മുഴങ്ങുമ്പോൾ ആനന്ദ നൃത്തം ചെയ്യുന്ന കോകിലങ്ങളെ പോലെയായിരുന്നു ജനങ്ങൾ. ഭൂമിയിൽ ഇഴഞ്ഞ് നടക്കുന്ന ജീവികൾക്ക് ഭയവും മയിലുകൾക്ക് ആനന്ദവുമാണ് ഇടിമുഴക്കം. അതുപോലെ ഭൂമിയെ ചൂഷണം ചെയ്ത് ഇഴഞ്ഞ് നടക്കുന്ന ചൂഷകർക്ക് ഭയവും ജനകോടികൾക്ക് ആനന്ദവുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കർഷകതൊഴിലാളികളുടെ പടയാളി
1940ൽ കുട്ടനാട്ടിലെ ചെറുകാലി കായലിന്റെ വരമ്പിൽ സായാഹ്നത്തിൽ ഒരു യോഗം ചേരുകയുണ്ടായി. യോഗത്തിൽ അധ്യക്ഷത വഹിച്ചത് ജാനകി എന്ന കർഷകതൊഴിലാളി മാതാവ് ആയിരുന്നു. സമ്മേളനത്തിൽ 14 വയസുള്ള ഒരു കൗമാര പ്രായക്കാരൻ പങ്കെടുത്തിരുന്നു. അദ്ദേഹമാണ് വി.എസ് അച്യുതാനന്ദൻ. 85 വർഷം മുമ്പ് ആദ്യത്തെ കർഷകതൊഴിലാളി യൂനിയൻ സ്ഥാപിച്ചത് പാടവരമ്പിലെ ഈ യോഗത്തിലായിരുന്നു. അവിടെയാണ് തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ രൂപം കൊണ്ടത്. ഇന്ത്യയിലെ ആദ്യത്തെ വർഗാടിസ്ഥാനത്തിലുള്ള കർഷകതൊഴിലാളി പ്രസ്ഥാനം അങ്ങനെ രൂപം കൊണ്ടു. ആ ശബ്ദം പിന്നീട് നിയസമഭകളിലും പാർലമെൻറിലും ഉയരുന്നതാക്കി മാറ്റിയതും വി.എസ്. അച്യുതാനന്ദനാണ്. നൂറു കണക്കിന് ഏക്കർ വലിപ്പമുള്ള ചെറുകാലി കായലിൽ 1970കളുടെ ആദ്യം കേരളത്തെ സമര പുളകങ്ങൾ അണിയിച്ച ഒരു കർകത്തൊഴിലാളി സമരം നടന്നു. പാദം ആറിലൊന്നും തീർപ്പ് നാലിലൊന്നം ആക്കണം എന്ന അവകാശം ഉന്നയിച്ചായിരുന്നു ആ പണിമുടക്ക് സമരം. അതിനെ നേരിടാൻ പൊലീസ് സേന പോരാതെ കേന്ദ്രത്തിൽ നിന്നും സി.ആർ.പിയെ ഇറക്കി. സമരം നേരിടാൻ സി.ആർ.പിക്കും പൊലീസിനും കഴിഞ്ഞില്ല. ആ സമരത്തിന് നേതൃത്വം കൊടുത്തത് സഖാവ് വി.എസ് ആയിരുന്നു; സമരം വിജയിച്ചു. സമരത്തിൽ പങ്കെടുത്ത സഹദേവൻ എന്ന
തൊഴിലാളി സഖാവിനെ സി.ആർ.പി വെടിവച്ചു കൊന്നു. അദ്ദേഹത്തിന്റെ മൃതശരീരം പാടത്തുനിന്ന് എടുക്കാൻ പട്ടാളം സമ്മതിച്ചില്ല. വിവരമറിഞ്ഞ് വി.എസും കെ.ആർ. ഗൗരിയമ്മയും ഒരു ബോട്ടിൽ അവിടെ എത്തി. അവർ പട്ടാളത്തെ വകഞ്ഞ് മാറ്റി പാടത്തേക്കിറങ്ങി മൃതശരീരം എടുത്ത് ബോട്ടിൽ വച്ച് സഹദേവന്റെ കൈനകരിയിലുള്ള വീട്ടുമുറ്റത്ത് സംസ്കരിച്ചു.
വെട്ടിനിരത്തലിലൂടെ വീണ്ടെടുത്തു കുട്ടനാടിനെ
വി.എസിന്റെ ധൈര്യം, വി.എസ്. അച്യുതാനന്ദൻ-കെ.ആർ. ഗൗരിയമ്മ ദ്വയം ചേരുേമ്പാഴുള്ള ആ വീര്യം ആലപ്പുഴയിലും കേരളത്തിലുമുണ്ടായ സമരങ്ങളിലൂടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കുട്ടനാട് പാട ശേഖരങ്ങൾ നികത്തി റബ്ബറോ അതുപോലുള്ള വിളകളും നട്ട് വ്യവസായ അധിഷ്ഠിത കാർഷിക ഉൽപാദന മേഖലയാക്കി മാറ്റാനുള്ള വ്യാപക ശ്രമങ്ങൾ 1970 - 80 കളിലുണ്ടായിരുന്നു. പാടം നികത്തി കരയാക്കിയാൽ വലിയ വിലകിട്ടും. കർഷകതൊഴിലാളിയുടെ ശല്യവും ഒഴിവാക്കാം. ഇങ്ങനെയുള്ള പലവിധ ദുഷ്ട ചിന്തകളുമായിട്ടാണ് കുട്ടനാട്ടിലെ ജന്മിവർഗവും കാർഷിക മുതലാളിമാരും അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ സർക്കാറിെൻറ സഹായത്തോടെ മണ്ണ് കൂനകൂട്ടി പാടങ്ങൾ നികത്താൻ അനുവാദം കൊടുത്തത്. അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നു.
ഞാൻ ചെയർമാനും എൻ.എം. ആന്റണി സെക്രട്ടറിയുമായ കുട്ടനാട് നെൽകൃഷി സംരക്ഷണ സമിതി രൂപവത്കരിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലും സമരങ്ങൾ നടന്നു. വെട്ടിനിരത്തൽ സമരമെന്ന് അന്ന് ശത്രുക്കൾ ആക്ഷേപിച്ച ഈ സമരത്തിലൂടെ കുട്ടനാട്ടിലെ നെൽകൃഷിയെ നില നിർത്താനും കുട്ടനാട്ടിലെ ജലാശയങ്ങളെ സംരക്ഷിക്കാനും കഴിഞ്ഞു. കാർഷികവും സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം മാത്രമല്ല പരിസ്ഥിതി സംരക്ഷണ പ്രാധാന്യം കൂടിയുള്ള മഹത്തായ സമരമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അതിൽഅന്ന് കുട്ടനാട്ടിലെ പാർട്ടിയുടെ താലൂക്ക് സെക്രട്ടറികൂടിയായ എനിക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോഴും ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. വി.എസാണ് സമരം ഉദ്ഘാടനം ചെയ്തത്. ഒരുപാട് ലാത്തിയടികളും മർദനങ്ങളും അറസ്റ്റ്കളും ഒക്കെ മാസങ്ങൾ നീണ്ടുനിന്ന ആ സമരകാലത്ത് ഉണ്ടായി എങ്കിലും കുട്ടനാട് രക്ഷപെട്ടു. പാലക്കാട് പോലെയുള്ള നെൽകൃഷി മേഖലകളിലൊക്കെ ധാരാളം നിലം നികത്തപ്പെട്ടപ്പോഴും കുട്ടനാട് താലൂക്കിന്റെ വെറും 10 ശതമാനം മാത്രമെ ഇപ്പോഴും നികത്തപ്പെട്ടിട്ടള്ളൂ എന്നതാണ് ആ സമരത്തിെൻറ നേട്ടം. ആ സമരത്തിന് ഊർജ സ്രോതസായതും സമരം സംഘടിപ്പിക്കാൻ നിർദേശം നൽകിയതും വി.എസ് ആയിരുന്നു.
രംഗത്ത് നിന്ന് നയിക്കുന്ന ശൈലി
വി.എസ് സഞ്ചരിക്കാത്ത കുട്ടനാടൻ പാടശേഖരങ്ങളില്ല. 1930 കളുടെ ഒടുവിൽ വി.എസിനെ പാർട്ടി പ്രവർത്തനത്തിന് നിയോഗിച്ചത് പി. കൃഷ്ണപിള്ളയാണ്. നിലംപേരൂർ, കാവാലം പ്രദേശങ്ങളിൽ താമസിച്ച് വി.എസ് കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു. ജന്മിമാരെ തമ്പ്രാനെന്ന് വിളിച്ച് ഓച്ഛാനിച്ച് നിൽകുന്ന സാമൂഹികാന്തരീക്ഷം നിലനിന്ന കാലത്താണ് വി.എസ് കുട്ടനാട്ടിലേക്ക് പോയത്. ‘തമ്പ്രാനെന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞി കുടിപ്പിക്കും അടിയാ ഞങ്ങടെ പരിപാടി’ എന്ന് പറഞ്ഞ കുട്ടനാട്ടിലെ ജന്മിമാരുടെ കുറുവടി സൈന്യത്തെ നേരിട്ട് പരാജയപെടുത്താൻ കഴിഞ്ഞത് വി.എസിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ പ്രത്യക്ഷ സമരമായിരുന്നു ആലപ്പുഴയുടെ നഗരഹൃദയത്തിൽ കർഷകതൊഴിലാളികളുടെയും ജന്മികളുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ആലപ്പുഴ വൈ.എം.സി.എ പാലത്തിൽ നിന്നും തെക്കോട്ട് പിച്ചു അയ്യർ ജങ്ഷനിലേക്ക് 2000ത്തിലേറെ വരുന്ന ജന്മിമാരുടെ സൈന്യം കുറുവടികളുമായി മാർച്ച് ചെയ്യുകയായിരുന്നു. കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന ഇലഞ്ഞിക്കൽ ജോൺ ജേക്കബ് ആയിരുന്നു ജാഥ നയിച്ചത്. ജങ്ഷെൻറ തെക്ക് ഭാഗത്തു നിന്നും വി.എസിന്റെ നേതൃത്വത്തിൽ 5000ത്തോളം കർഷകത്തൊഴിലാളികളും കൈകളിൽ വടികളുമായി സൈന്യവുമായി ഏറ്റുമുട്ടി. ജോൺജേക്കബ്ബിെൻറ വലംകൈയ്യും കുറുവടിപടയുടെ സർവ സൈന്യാധിപനുമായിരുന്നയാൾ മരിച്ചു.
തുടർന്ന് വി.എസ്. ഒന്നാം പ്രതിയായി കൊലപാതക കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. കേസിൽ വി.എസിനെ വെറുതെ വിട്ടു. സ്വന്തം ജീവൻ പണയപെടുത്തി അക്രമികളുമായി ഏറ്റുമുട്ടാൻ രംഗത്ത് നിൽകുന്ന നേതാവായിരുന്നു വി.എസ്. അതിന് വേറെയും ഉദാഹരണങ്ങളുണ്ട്. പുന്നപ്ര - വയലാർ സമരം തൊഴിലാളികളെ വഞ്ചിക്കുന്ന സമരമെന്നായിരുന്നു കോഗ്രസിെൻറ പ്രചാരണം. വയലാറിൽ വെടിവയ്പ്പുണ്ടായ ഒക്ടോബർ 27ന് കമ്മ്യൂണിസിറ്റ് പാർട്ടി വിപുലമായി വയലാർ രക്തസാക്ഷിദിനം ആചരിക്കുേമ്പാൾ തലേന്ന് ചെമ്പതാക ഉയർത്തുന്ന ദിവസം കോൺഗ്രസുകാർ കരിങ്കൊടികളുമായി വഞ്ചനാദിനം ആചരിക്കുമായിരുന്നു. ഒരുതവണ വി.എസ് ആയിരുന്നു ചെങ്കൊടി ഉയർത്തേണ്ടത്. വി.എസ് അതിനായി കൊടിയുടെ ചരടിൽ പിടിച്ച് നിൽക്കുേമ്പാൾ മറുഭാഗത്ത് നിന്ന് 25 ഓളം കോഗ്രസ് പ്രവർത്തകർ കരിങ്കൊടികളുമായി വഞ്ചനാദിനം ആചരിക്കാനെത്തി. വി.എസ് ഉയർത്തുന്ന കൊടിമരം വെട്ടിക്കളയലായിരുന്നു അവരുടെ പരിപാടി.
വി.എസ് മൈക്കിൽകൂടി ഇടിമുഴക്കംപോലെ ‘‘രക്തസാക്ഷികളുടെ കുടീരത്തിമുന്നിൽ രക്തപതാക ഉയർത്തിയ കൊടിമരം വെട്ടുന്നവുടെ കൈകൾ ഞങ്ങൾ വെട്ടുമെന്ന്’’ പ്രഖ്യാപിച്ചു. ഇതുകേട്ട് സഖാക്കൾ കുട്ടത്തോടെ കോൺഗ്രസുകാർക്ക് നേരെ പാഞ്ഞടുത്തപ്പോൾ അവർ കരിങ്കൊടി വലിച്ചെറിഞ്ഞ് ഓടി രക്ഷപെട്ടു. രംഗത്ത് നിന്ന് നയിക്കുന്ന നേതാവായിരുന്നു അദ്ദേഹം. മറക്ക് പിറകിൽ നിന്ന് നയിക്കുന്ന നേതാവായിരുന്നില്ല. കൈയിൽ കഠാരിയോ തോക്കുകളോ ഒന്നുമില്ലാതെ ബലിഷ്ടമായ തെൻറ ശരീരവും ശക്തിയുള്ള കൈകൾ ആഞ്ഞ് വീശി ജന സഞ്ചയത്തെ അണിനിരത്തി സമരങ്ങൾ ചെയ്യുന്നതായിരുന്നു ശൈലി.
മിച്ചഭൂമി സമര നേതാവ്
മിച്ചഭൂമി സമരവും കുടികിടപ്പ് സമരവും 1970കളിൽ കൊടുങ്കാറ്റ്പോലെ ആഞ്ഞടിച്ചപ്പോൾ ആ സമരങ്ങളുടെ നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു. പുന്നപ്രയിലെ അറവുകാട് ക്ഷേത്ര മൈതാനിയിൽ ഒരു ലക്ഷത്തോളം ജനങ്ങളെ മുൻനിർത്തി എ.കെ.ജി ഉദ്ഘാടനം ചെയ്ത, ഇ.എം.എസ് പങ്കെടുത്ത മഹാസമരപ്രഖ്യാപന സമ്മേളനത്തിൽ മിച്ചഭൂമി പിടിച്ചെടുക്കുമെന്നും ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. കുടികിടപ്പുകാർ അവിടെ നിന്ന് ഒഴിയുകയില്ലെന്നും പഞ്ചായത്തിൽ 10 സെന്റും നഗരങ്ങളിൽ അഞ്ച് സെന്റും അവർക്ക് അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിക്കുന്ന പ്രമേയം വി.എസ് അച്യുതാനന്ദനാണ് അവതരിപ്പിച്ചത്. ഇടിവെട്ടുന്ന കരഘോഷത്തോടെ ഒരു ലക്ഷത്തോളം വരുന്ന ജനങ്ങൾ എഴുന്നേറ്റ് നിന്ന് ആ പ്രമേയത്തെ അംഗീകരിച്ച് ആവേശം പകർന്നു. അന്ന് കൊല്ലം ശ്രീനാരായണ കോളേജിൽ എം.എക്ക് പഠിക്കുകയായിരുന്ന ഞാൻ ഈ സമ്മേനം കാണാൻ എത്തിയിരുന്നു. വി.എസ്. എന്ന രണ്ടക്ഷരം ഒരു ജനായത്ത സംഘഗാനമായി പിന്നീട് മാറി. ജനായത്ത പോരിമകൾക്ക് ശക്തി പകർന്നു. കേരളത്തിലെ ലക്ഷകണക്കിന് ഏക്കർ മിച്ച ഭൂമി ഏറ്റെടുത്ത് ഭുമിയില്ലാത്തവർക്കും ദരിദ്ര കർഷകർക്കും രണ്ടേക്കർ വീതവും പട്ടിക വിഭാഗത്തിൽപെട്ടവർക്ക് മൂന്നേക്കർ വീതവും വിതരണം ചെയ്യപ്പെട്ടു. 10 ശതമാനം പേരുടെ കൈകളിൽ അടങ്ങിയിരുന്ന ഭൂമിയുടെ ഉടമസ്ഥത മുഴുവൻ കുടുംബങ്ങൾക്കും കൈവരിക്കുന്നതിലേക്ക് എത്തിച്ചത് മിച്ചഭൂമി - കുടികിടപ്പ് സമരമായിരുന്നു. അറവുകാട് മൈതാനിയിൽ നിന്നും ഉയർന്നകേട്ട ‘മിച്ച ഭൂമി പിടിച്ചെടുക്കും, കുടികിടപ്പ് ഒഴിയില്ല, തെങ്ങുകളിൽ നിന്ന് തേങ്ങ ഞങ്ങൾ അടത്തും’ എന്നിങ്ങനെ എ.കെ.ജിയും ഇ.എം.എസും കെ.ആർ. ഗൗരിയമ്മയും വി.എസ്. അച്യൂതാനന്ദനും ഒരുമിച്ച് നടത്തിയ പ്രഖ്യാപനം കേരളത്തെ പ്രകംമ്പനം കൊള്ളിച്ചു. അത് കേരളത്തിൽ നടപ്പാകുകയും ചെയ്തു.
ശുഭ്രവേഷം മാത്രം ധരിച്ച് അസമത്വത്തെ വേട്ടയാടാൻ ഇടിനാദമായി രാവിലും സുപ്രഭാതത്തിലും വിയർത്ത് കുളിച്ച് നട്ടുച്ചക്കും അദ്ദേഹം പോരാടി. കുടിലിൽ കിടന്ന അടിമകൾക്കും കയറിൽ കുടുങ്ങികിടന്നവർക്കും വിളനെല്ല് വിളയിച്ച കുട്ടനാട്ടിലെ അടിമകളായ തൊഴിലാളിൾക്കും കടലിൽ മരണത്തെ മുഖദർശനം കണ്ട് കടലമ്മ കനിയുന്ന മീനുമായി കരയണയും തൊഴിലാളികൾക്കും നവജീവ സ്വപ്നത്തിൻ മോഹമായി ഉയിരു നിർത്താൻ വേലചെയ്തവർക്കും കണ്ണുകാണാ തമസിൽ നശിച്ച മനുഷ്യകോലങ്ങളുടെ ചരിത്രത്തിൽ നിന്ന് ആവേശം ഉൾകൊണ്ടവർക്കും ഇനിയീ വേഷം കെട്ടിയാടുവാൻ വയ്യ ഇൻക്വിലാബിെൻറ സംഗീതം മാത്രമെ ഇനി ഞങ്ങൾ ആലപിക്കുകയുള്ളൂ എന്ന് ആലപ്പുഴയിൽ നിശ്ചയിച്ച് പ്രഖ്യാപിച്ചതിെൻറ മുന്നണിപോരാളികളിലൊരാൾ വി.എസ് ആയിരുന്നു.
യൂദാസുകൾ തീർത്ത പദ്മവ്യൂഹം കാണാൻ കഴിയാതെപോയി
2011ൽ, അഞ്ച് വർഷം പൂർത്തിയാക്കാതെ വീണ്ടും ജയിച്ച് വി.എസ് മുഖ്യമന്ത്രിയാകാൻ നാട് കൊതിച്ചെങ്കിലും അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. കാരണം ചില യൂദാസുകൾ തീർത്ത പദ്മവ്യൂഹം നേരത്തെകാണാൻ കഴിയാതെപോയി. മൂന്ന് സീറ്റ്കൂടി വിജയിച്ചിരുന്നുവെങ്കിൽ എൽ.ഡി.എഫിന് ഭൂരിപക്ഷംകിട്ടുമായിരുന്നു. വീണ്ടും ഭരണത്തിൽ ഏറേണ്ടതായിരുന്നു അന്ന്. സംസ്ഥാന കമ്മിറ്റിയുടെ വിശകലനത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ച 14 സീറ്റുകളിൽ തോറ്റുവെന്നും വിജയിക്കില്ല എന്ന് കരുതിയ 15 സീറ്റുകളിൽ വിജയിച്ചുവെന്നും രേഖപെടുത്തി. ജയിക്കേണ്ട സീറ്റുകളിൽ പരാജയപ്പെട്ടതാണ് വി.എസിന് വീണ്ടും മുഖ്യമന്ത്രിയാകാൻ കഴിയാതെ വന്നത് എന്ന് പാർട്ടിതന്നെ പറയാതെ മറ്റ് രൂപത്തിൽ പറഞ്ഞ് വച്ചിട്ടുള്ളതും ഇവിടെ ഓർമിക്കുകയാണ്. താൻ ഒറ്റക്ക്പോരാ, ധാരാളം കേഡർ മാർ മുന്നോട്ട് വന്നാലെ പാർട്ടി വളരുകയുള്ളൂ എന്ന കാഴ്ചപാടായിരുന്നു അദ്ദേഹത്തിന്. ആയിരക്കണക്കിന് കേഡർമാരെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധവച്ചു. സ്വഭാവശുദ്ധിയും പോരാട്ട വീര്യവും പ്രത്യയശാസ്ത്ര ബോധവുമുള്ള കേഡർമാരെ മാത്രമാണ് അദ്ദേഹം വളർത്തിയെടുത്തത്. അല്ലാത്ത ആരെയും പ്രോത്സാഹിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിെൻറ പോരാട്ടങ്ങൾ കേരളത്തിെൻറ ചരിത്രത്തിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. അത് പ്രചരിപ്പിക്കേണ്ടതും ആ വഴിപോകാൻ യുവതലമുറയെ പ്രേരിപ്പിക്കേണ്ടതും ഇന്നത്തെ പാർട്ടി നേതൃത്വത്തിെൻറ ചുമതലയാണ്. അതിൽ വീഴ്ചവരുത്തിയാൽ വർഗാടിത്തറയുള്ള ഒരു പ്രസ്ഥാനത്തിെൻറ ദൗർബല്ല്യമായി മാറുമെന്നുള്ളതുകൊണ്ട് ആ കാര്യങ്ങൾക്ക് ഊന്നൽ നൽകുകയാണ് വേണ്ടത്.
മാർക്സിെൻറ ഒരു കവിതയുണ്ട്:
‘‘എനിക്ക് വേണ്ട ശാന്തം സ്വച്ഛ ജീവിതം
ഭൂമികുലുക്കും കൊടുങ്കാറ്റിൻ കരുത്താണ് എന്നാത്മാവിൽ
എെൻറ ജീവിതം സങ്കർഷങ്ങളാൽ നിറയട്ടെ
ഉന്നതമാം മഹാലക്ഷ്യം എൻമുന്നിലായ്’’
അതായിരുന്നു അച്യുതാനന്ദന്റെ ജീവിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.