സാഹിത്യകാരൻ മണിയൂർ ഇ. ബാലൻ മാസ്റ്റർ നിര്യാതനായി
text_fieldsപയ്യോളി: യുവകലാ സാഹിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻറും നോവലിസ്റ്റും കഥാകൃത്തുമായ തിക്കോടി 'രചന'യിൽ മണിയൂർ ഇ. ബാലൻ മാസ്റ്റർ (83) നിര്യാതനായി. 1971ൽ രചിച്ച ആദ്യനോവലായ 'ചുടല', 'ഇവരുമിവിടെ ജനിച്ചവർ', 'എത്രയും പ്രിയപ്പെട്ടവർ', 'തെരുവിൽതീപ്പൊരി', 'ഒടുക്കത്തെ ദാഹം' എന്നീ നോവലുകളും, 'മുന്നേറ്റം', 'പുന്നാരമോൻ' എന്നീ നോവെലറ്റ് സമാഹാരങ്ങളും 'ഉറുമ്പുകളുടെ കാലൊച്ച', 'അമ്പത്തഞ്ച് വയസ്സിെൻറ നിറം', 'പുയ്യാപ്ല', 'ശവദാഹം', 'ഇങ്ങനെയും ചിലർ', 'വരണ്ടുപോകുന്ന നമ്മൾ' എന്നീ കഥാസമാഹാരങ്ങളും, 'തോൽക്കുന്നവരുടെ യുദ്ധം' എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എൻ. കുമാരൻ സ്മാരക അവാർഡ്, പി. സ്മാരക തുളുനാട് മാസിക അവാർഡ്, പി.ആർ. നമ്പ്യാർ അവാർഡ്, പ്ലാവില അവാർഡ്, പ്രഭാത് അവാർഡ്, സുവർണവല്ലി സ്മാരക അവാർഡ് എന്നിവ ലഭിച്ചിരുന്നു.
മണിയൂർ യു.പി സ്കൂൾ, ഉണ്ണികുളം യു.പി, നടുവണ്ണൂർ എസ്.എം.എൽ.പി, പള്ളിക്കണ്ടി ഗവ. എൽ.പി, കാരപ്പറമ്പ് ഗവ. ഹൈസ്കൂൾ, കൊയിലാണ്ടി ഗവ. ഹൈസ്കൂൾ, പയ്യോളി ഗവ. ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993ൽ പയ്യോളി ഗവ. ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്. ഡിപ്പാർട്മെൻറ് സ്കൂൾ ടീച്ചേഴ്സ് യൂനിയെൻറ സംസ്ഥാന വൈസ് പ്രസിഡൻറ് പദവിയും വഹിച്ചിരുന്നു. ഭാര്യ: പി. ജാനകി (റിട്ട. അധ്യാപിക). മക്കൾ: ബിന്ദു (അധ്യാപിക, വാകയാട് ഹൈസ്കൂൾ), ഇന്ദുഭായ്(രജിസ്ട്രാർ ഓഫിസ്, ചേവായൂർ), ദീപ്തി ( താലൂക്ക് ഓഫിസ്, കണ്ണൂർ). മരുമക്കൾ: രാധാകൃഷ്ണൻ (മാനേജർ, യൂനിയൻ ബാങ്ക് വടകര), ചന്ദ്രൻ (ഹയർ ഗ്രേഡ് അസിസ്റ്റൻറ്, എൽ.ഐ.സി, കൊയിലാണ്ടി), മനോജ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കണ്ണൂർ). സഹോദരങ്ങൾ: ഇ. കൃഷ്ണൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ ഗവ. ഹൈസ്കൂൾ നടുവണ്ണൂർ), പരേതരായ എകരത്ത് ചന്തു, ചീരു, നാരായണി, സരോജിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.