രണ്ടു വയസ്സുകാരന് തോട്ടിൽ വീണ് മരിച്ചു
text_fieldsവടകര: ഏറാമല കുന്നുമ്മക്കരയില്‍ തോട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കണ്ണൂക്കര പാട്ടാണ്ടി ഹൗസില്‍ മുഹമ്മദ് ഷംജാസ്-നൂർജഹാൻ ദമ്പതികളുടെ മകന് മുഹമ്മദ് റൈഹാനാണ് മരിച്ചത്. മാതാവിെൻറ വീടായ കുന്നുമ്മക്കര പയ്യത്തൂരിലെ മൂരൂലിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ 11ഒാടെ സഹോദരനോടൊപ്പം കടയിലേക്ക് പോകവേ പയ്യത്തൂരിലെ തോട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി പെയ്ത മഴയില്‍ പയ്യത്തൂരിലെ കൈത്തോട് നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി. സഹോദരങ്ങള്‍: മുഹമ്മദ് ഫൈസാന്‍, മുഹമ്മദ് സഫ്വാന്.
കുരുന്നുകളല്ലേ, ജാഗ്രത പാലിക്കാം
വടകര: കുരുന്നുകളുടെ ജീവൻ ജാഗ്രതക്കുറവിൽ പൊലിയുന്നത് പതിവാകുന്നു. മൂന്ന് കുട്ടികളാണ് ഒരാഴ്ചയുടെ ഇടവേളയിൽ ദാരുണമായി വെള്ളത്തിൽ മുങ്ങിമരിച്ചത്. കണ്ണൂക്കര പട്ടാണ്ടി ഹൗസിൽ മുഹമ്മദ് ഷംജാസ്- കുന്നുമ്മക്കര പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ ദമ്പതികളുടെ മകൻ രണ്ടു വയസ്സുകാരൻ മുഹമ്മദ് റയ്ഹാൻ ആണ് ഞായറാഴ്ച രാവിലെ 11 ഓടെ തോട്ടിൽ വീണുമരിച്ചത്. സഹോദരനൊപ്പം പയ്യത്തൂരിലെ കടയിലേക്ക് പോയ കുട്ടി തോട്ടിൽ വീണു മരിക്കുകയായിരുന്നു.
നാദാപുരത്ത് പയന്തോങ്ങിൽ വെള്ളിയാഴ്ച രണ്ടര വയസ്സുകാരൻ ജിയാൻ സുജിത്ത് കുളത്തിൽ മുങ്ങിമരിച്ചിരുന്നു. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിെൻറ മകനാണ് മരിച്ചത്. മാതാവ് അലക്കുന്നതിനിടെ തൊട്ടടുത്തുനിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയും പിന്നീട് കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി തിരമാലയില്‍പെട്ടാണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിന് മണിയൂര്‍ മുതുവനയില്നിന്നുള്ള സനോമിയ എന്ന 11കാരിയാണ് അപകടത്തില്‍പെട്ടത്. കടലോരത്ത് മാതാവിനൊപ്പം നില്ക്കുമ്പോള് അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്പെടുകയുമായിരുന്നു.ശ്രദ്ധ ആവശ്യമുള്ള പ്രായത്തിൽ കുട്ടികളെ ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടത്തിന് വഴിതെളിക്കുന്നതെന്നാണ് സമാന സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ കാര്യത്തിൽ രക്ഷാകർത്താക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
മുഹമ്മദ് റയ്ഹാെൻറ മരണത്തിന് ഇടയാക്കിയ തോടിെൻറ ഭാഗങ്ങളിൽ സംരക്ഷണഭിത്തി ഒരുക്കാത്തത് അപകടത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തേയും കുട്ടികൾ ഇവിടെ അപകടത്തിൽപെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.