യുവതിയെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsനന്മണ്ട: പാറക്കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരലാട് ക്വാറിക്ക് സമീപം പാറക്കുഴി രഗീഷിെൻറ ഭാര്യ ശിശിര(23)യുടെ മൃതദേഹമാണ് അഗ്നിരക്ഷാ സേനയുടെ സ്കൂബ് ടീം ഉച്ചയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് യുവതിയെ കാണാതായത്. തുടർന്ന് വീട്ടുകാരും അയൽവാസികളും തെരച്ചിൽ നടത്തിയപ്പോൾ പാറക്കുളത്തിനടുത്ത് ചെരുപ്പും മൊബൈൽ ഫോണിെൻറ വെളിച്ചവും ശ്രദ്ധയിൽപ്പെട്ടു. ഉടനെ നരിക്കുനി അഗ്നി രക്ഷാ സേനയെയും ബാലുശേരി പൊലീസിനെയും വിവരം അറിയിച്ചു. വീട്ടിലെത്തിച്ച പൊലീസ് നായ മുൻവശത്തെ ചെമ്മൺ റോഡിലൂടെ ഓടി 100 മീറ്റർ അകലെയുള്ള പാറക്കുളത്തിൽ ഇറങ്ങി യുവതിയുടെ മൃതദേഹം കിടന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.
28 മീറ്റർ ആഴമുള്ള കുളത്തിൽ എട്ടംഗങ്ങളടങ്ങിയ അഗ്നി രക്ഷാ സേനയുടെ സ്കൂബ് ടീം മൃതദേഹം മുങ്ങിയെടുത്തു. 10 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി അസി. ഫയർസർവസ് ഓഫിസർ ടി പി. രാമചന്ദ്രെൻറ നേതൃത്വത്തിൽ നാലു യൂനിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങൾ തെരച്ചിലിൽ പങ്കെടുത്തു. മടവൂർ തറോൽപ്പൊയിൽ സുരേന്ദ്രൻ-ഷിബ ദമ്പതികളുടെ മകളാണ് മരിച്ച ശിശിര. സഹോദരൻ: ആദർശ്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. സംസ്കാരം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മടവൂർ തറോൽപ്പൊയിൽ വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.