മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ
text_fieldsഉള്ള്യേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം സ്വദേശി ദേവതിയാൽ നാറാണത്ത് പ്രത്യാശയിൽ റിട്ട. സി.ആർ.പി.എഫ് എ.എസ്.ഐ നാരായണന്റെ മകൻ ആദർശ് നാരായണനാണ് (22) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ആശുപത്രിയിലെ നിർമാണ തൊഴിലാളിയാണ് ആൺകുട്ടികളുടെ അഞ്ചുനിലയുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ മുറ്റത്ത് വിദ്യാർഥിയെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന ഡോക്ടർമാർ എത്തി പരിശോധിച്ചെങ്കിലും മരിച്ചിരുന്നു.
സഹപാഠികളായ മൂന്നുപേർക്കൊപ്പം നാലാം നിലയിലെ മുറിയിൽ ഭക്ഷണത്തിനുശേഷം കിടന്നുറങ്ങിയതായിരുന്നു ആദർശ്. നാദാപുരം എ.എസ്.പി നിധിൻ രാജിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചു. കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉയരത്തിൽനിന്ന് വീണതിന്റെ പരിക്കുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളതെന്നും മറ്റ് അസ്വാഭാവികതകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മാതാവ്: രജനി. സഹോദരി: ആദിത്യ നാരായണൻ (ബി.ടെക് വിദ്യാർഥിനി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.