അമ്മയും മകനും കുളത്തിൽ വീണു മരിച്ചു
text_fieldsനാദാപുരം (കോഴിക്കോട്): പുറമേരി കൊഴുക്കന്നൂർ അമ്പലത്തിനു സമീപം അമ്മയും മകനും കുളത്തിൽ വീണു മരിച്ചു. കുളങ്ങര മഠത്തിൽ രൂപ (36), മകൻ ആദിദേവ് (ഏഴ്) എന്നിവരാണ് വീടിന് സമീപത്തെ അമ്പലകുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. മകനെ കാണാത്തതിനെ തുടർന്ന് രൂപ അന്വേഷിക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. വീടിന് സമീത്തെ കുളത്തിൽ കുട്ടിയുടെ ചെരിപ്പ് കണ്ടതിനെ തുടർന്ന് രക്ഷിക്കാനായി വെള്ളത്തിൽ ചാടിയതാണെന്ന് കരുതുന്നു. ഇരുവരെയും പുറത്തെടുത്ത് നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളികുളങ്ങരയിലെ മലബാർ ഹോട്ടൽ ജീവനക്കാരൻ സുജിത്താണ് ഭർത്താവ്. ഒന്നര വയസ്സുകാരി ദേവാംഗന മകളാണ്.
വടകര പച്ചക്കറി മുക്കിലെ നാരായണെൻറയും ജാനുവിെൻറയും മകളാണ് രൂപ. സഹോദരങ്ങൾ: ദീപ, സന്തോഷ് (ഓട്ടോഡ്രൈവർ വടകര). പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
പകച്ച് കൊഴുക്കന്നൂർ
നാദാപുരം: അമ്മയുടെയും ഏഴു വസ്സുകാരൻ ആദിദേവിന്റെയും മരണവാർത്തയിൽ പകച്ച് പുറമേരി കൊഴുക്കന്നൂർ പ്രദേശവാസികൾ. ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തവാർത്ത പുറത്തുവരുന്നത്. കുളങ്ങര മഠത്തിൽ രൂപ, മകൻ ആദിദേവ് എന്നിവരെയാണ് വീടിനോടു ചേർന്ന കൊഴുക്കന്നൂർ അമ്പലക്കുളത്തിൽ മരിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. ഉച്ചക്കുശേഷം മകൻ ആദിദേവിനെ തിരഞ്ഞ് മാതാവ് പരിസരത്ത് അന്വേഷണം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, അൽപസമയത്തിനു ശേഷം പായൽമൂടിയ അമ്പലക്കുളത്തിൽനിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് ഭർത്താവ് സുജിത്ത് ഹോട്ടൽജോലിയിലായിരുന്നു.
വിവരമറിഞ്ഞ് വീട്ടിലെത്തിയ സുജിത്തിന്റെ അവസ്ഥ നാട്ടുകാരെയും സങ്കടത്തിലാക്കി. അമ്മയെ അന്വേഷിച്ചുകൊണ്ടുള്ള ഒന്നര വയസ്സുകാരി ദേവാംഗനയുടെ നിലവിളിക്കു മുന്നിൽ നാട്ടുകാരും ബന്ധുക്കളും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. കുളക്കടവിൽ കൽപടവ് ഇറങ്ങുന്നതിനു പകരം തൊട്ടടുത്ത മരത്തിന് ചുവട്ടിലൂടെയാണ് ഇരുവരും ഇറങ്ങിയതെന്ന് സംശയിക്കുന്നു.നാദാപുരം താലൂക്ക് ആശുപത്രിയിൽ എച്ച്.ഡി.സി യോഗം നടക്കുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം ആശുപത്രിയിൽ എത്തുന്നത്.
ഇതോടെ യോഗം നിർത്തിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ആശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നരിക്കുന്ന് യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ ആദിദേവിന് തിങ്കൾ മുതൽ ആരംഭിക്കുന്ന ആദ്യ ഷിഫ്റ്റിലായിരുന്നു ക്ലാസുണ്ടായിരുന്നത്. അവധിദിനം അപകടത്തിലേക്കുകൂടി നയിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.