മർദനമേറ്റ ആദിവാസി യുവാവ് മരിച്ചു
text_fieldsതിരുനെല്ലി: മർദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി കാളങ്കോട് കോളനിയിലെ മാരയുടെ മകന് ബിനു (കുട്ടൻ -32) ആണ് ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി ബന്ധുക്കളും അയല്‍വാസികളുമായ ചിലരുമായുണ്ടായ വാക് തര്‍ക്കത്തിനിടെ ബിനുവിന് മര്‍ദനമേറ്റിരുന്നു. തുടർന്ന് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് ബിനു മരിച്ചത്. തലക്കും മർമസ്ഥാനങ്ങളിലും ഏറ്റ അടിയാണ് മരണകാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കോളനിവാസികളായ നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മർദനത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. ശ്രീജിത്ത് ഉൾപ്പെടെ സ്ഥലത്തെത്തി കോളനിവാസികളുടെ മൊഴിയെടുത്തു. തിരുനെല്ലി സി.ഐ. ഷൈജുവിനാണ് അന്വേഷണ ചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.