ടി.പി. കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണൻ നിര്യാതനായി
text_fieldsടി.പി. കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണൻ നിര്യാതനായി
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതിയും സി.പി.എം ഒഞ്ചിയം മുൻ ഏരിയ കമ്മിറ്റി അംഗവുമായ കുന്നുമ്മക്കര കടത്തലക്കണ്ടിയിൽ കെ.കെ. കൃഷ്ണൻ (79) നിര്യാതനായി. ജീവപര്യന്തം തടവിന് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായിരുന്നു. ഒരുമാസമായി ചികിത്സയിലിരുന്ന കൃഷ്ണനെ ന്യൂമോണിയ ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്ന് രാവിലെയാണ് മരിച്ചത്.
വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കർഷകസംഘം ജില്ല കമ്മിറ്റിയംഗം, സി.പി.എം ഏറാമല ലോക്കൽ കമ്മിറ്റിയംഗം, പുറമേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ബാപ്പു. മാതാവ്: പരേതയായ കല്യാണി. ഭാര്യ: യശോദ. മക്കൾ: സുസ്മി (ഓഡിറ്റർ, സഹകരണ വകുപ്പ് അസി. ഡയറക്ടർ ഓഫിസ്, വടകര), സുമേഷ് (അസി. മാനേജർ കെ.എസ്.എഫ്.ഇ വടകര സെക്കന്റ് ബ്രാഞ്ച്), സുജീഷ് (സോഫ്റ്റ് വെയർ എൻജിനീയർ). മരുമക്കൾ: മനോജൻ (കേരള ബാങ്ക്, നാദാപുരം), രനിഷ, പ്രിയ. സഹോദരങ്ങൾ: മാത, കണാരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു, ഗോപാലൻ.
ടി.പി കേസിലെ പത്താം പ്രതിയായ കെ.കെ. കൃഷ്ണനെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇത് റദ്ദാക്കി ഗൂഢാലോചന കേസ് നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും കെ.കെ. രമയുടെയും അപ്പീൽ പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ നടപടി. കേസിലെ 13ാം പ്രതി പി.കെ. കുഞ്ഞനന്തനും ജയിലിൽ കഴിയവെയാണ് മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.