കോഴിക്കോട്/കോട്ടക്കൽ: സാമൂതിരി രാജാ കെ.സി. രാമചന്ദ്രൻ രാജ (93) നിര്യാതനായി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചയായിരുന്നു അന്ത്യം.
സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ കഴിഞ്ഞ ഏപ്രിൽ മൂന്നിന് നിര്യാതനായതിനെത്തുടർന്നാണ് രാമചന്ദ്രൻ രാജാ സ്ഥാനത്തേക്ക് വന്നത്. സാമൂതിരി സ്വരൂപത്തിലെ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്.
1932 ഏപ്രിൽ 27ന് ജനിച്ച കെ.സി. രാമചന്ദ്രൻ രാജാ കോട്ടക്കൽ കെ.പി സ്കൂൾ, രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡൽഹിയിലായിരുന്നു പഠനം.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ എം.എ നേടി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉപരിപഠനശേഷം മെറ്റൽ ബോക്സിൽ കമേഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി.
ഏതാനും വർഷങ്ങൾക്കുശേഷം ബോംബെയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് ബോംബെയിലെ ഗാർവരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ സ്ഥാപക ഡയറക്ടർ, എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ ഈ പദവികൾ വഹിച്ചു.
ഗുജറാത്തിലെ വാപി യൂനിവേഴ്സിറ്റിയിലെ ഭരണ കൗൺസിൽ അംഗമാണ്.
കാലടി മനജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ: കോട്ടക്കൽ പരപ്പിൽ കുടുംബാംഗം ഇന്ദിര രാജ. മക്കൾ: നാരായൺ മേനോൻ (അമേരിക്ക) കല്യാണി ആർ. മേനോൻ (ബംഗളൂരു).
മരുമക്കൾ: മിന്നി മേനോൻ (അമേരിക്ക) രവി മേനോൻ (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ബംഗളൂരുവിൽ നടക്കും.