വളാഞ്ചേരി: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ലോറി ഡ്രൈവർ മരിച്ചു. കുഴഞ്ഞുവീണതിനെ തുടർന്ന് നിയന്ത്രണംവിട്ട ലോറിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
കല്ലൂർ അയങ്കലം സ്വദേശി കുഴികണ്ടത്തിൽ മുജീബ് റഹ്മാനാണ് (39) മരിച്ചത്. ഗുരുതര പരിക്കേറ്റ മൊയ്തീൻകുട്ടിയെ (35) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ജഹാനൂർ അലി (45), സത്താർ (32) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുജീബ് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടപ്പാറയിലെ ക്വാറിയില്‍ ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം.
ലോറി താഴേക്ക് ഇറക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണംവിട്ട് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്നവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
മരിച്ച മുജീബ് റഹ്മാന്റെ പിതാവ്: അബ്ദുല്ല. മാതാവ്: സൈനബ. ഭാര്യ: റംസീന. മക്കൾ: റിസ്വാന, റിസ്ന.