1921: വിപ്ലവസ്മരണകൾക്ക് 104 വയസ്സ്
text_fieldsആലി മുസ്ലിയാർ
മലപ്പുറം: ദേശീയ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക അധ്യായമായിരുന്ന മലബാർ പോരാട്ടങ്ങൾക്ക് 104 വയസ്സ്. മലബാർ ജില്ലയിൽ 1921 ആഗസ്റ്റ് 20 മുതൽ 1922 ജനുവരി വരെ നടന്ന സായുധപോരാട്ടങ്ങളിലൂടെ കുറഞ്ഞകാലത്തേക്കെങ്കിലും ബ്രിട്ടീഷ് ഭരണത്തെ മറിച്ചിടാൻ പോരാളികൾക്ക് സാധിച്ചു. 1921 ആഗസ്റ്റ് 19ന് ആലി മുസ്ലിയാർ അടക്കമുള്ള ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടിയിലേക്കു നടത്തിയ മാർച്ചാണ് പോരാട്ടത്തിന്റെ പെട്ടെന്നുണ്ടായ കാരണം.
ആഗസ്റ്റ് 20ന് ആലി മുസ്ലിയാരുടെ കേന്ദ്രമായിരുന്ന തിരൂരങ്ങാടി കിഴക്കേപ്പള്ളിയിലും ഖിലാഫത്ത്-കോൺഗ്രസ് നേതാക്കളുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. പള്ളിയിലെ ഗ്രന്ഥങ്ങളും വസ്തുക്കളും വലിച്ചിട്ടു. പള്ളി പട്ടാളം നശിപ്പിച്ചതായി കിംവദന്തി പരക്കുകയും പലഭാഗങ്ങളിൽനിന്നായി പോരാളികൾ തിരൂരങ്ങാടിയിലേക്കു കുതിക്കുകയും ചെയ്തു. ഇങ്ങനെ താനൂരിൽനിന്ന് പുറപ്പെട്ട സംഘത്തിനുനേരെ പൊലീസ് വെടിയുതിർക്കുകയും ഒമ്പതുപേർ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ അതുവരെ സമാധാനപരമായി തിരൂരങ്ങാടിയിൽ സംഘടിച്ച സമരക്കാർ ഇളകി.
ബ്രിട്ടീഷുകാർ പിടികൂടിയവരെ വിട്ടുകിട്ടാൻ ഇവർ പൊലീസ് സ്റ്റേഷനിലേക്കു കുതിച്ചു. ഇവർക്കുനേരെ പൊലീസ് ഏകപക്ഷീയമായി വെടിയുതിർക്കുകയും 20 പേർ രക്തസാക്ഷികളാവുകും ചെയ്തു.
തിരൂരങ്ങാടി സംഭവങ്ങൾ ബ്രിട്ടീഷ് പക്ഷത്തിനും കനത്ത ആഘാതമുണ്ടാക്കി. ലൈൻസ്റ്റർ റെജിമെന്റിലെ എ.എസ്.പി വില്യം തോൺ ഡങ്കൺ റൗളി, ഡബ്ല്യു.ആർ.എം. ജോൺസൺ എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ആലിക്കൽ മൊയ്തീൻ, പങ്കൊടത്ത് ഗോവിന്ദൻ നായർ, മണപ്പാട്ട് വേലായുധൻ നായർ എന്നീ സ്വദേശി പൊലീസ് ഉദ്യോഗസ്ഥരും ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഇവരെ സഹായിക്കാനായി മലപ്പുറത്തുനിന്ന് പുറപ്പെട്ട സ്പെഷൽ ഫോഴ്സിലെ ഇൻസ്പെക്ടർ റീഡ്മാന്റെ കാർ പോരാളികൾ പുഴയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തു.
ഈ സംഭവങ്ങൾക്കുശേഷം സംഘർഷം ഏറനാട്, വള്ളുവനാട്, കോഴിക്കോട്, വയനാട്, കുറുമ്പ്രനാട് താലൂക്കുകളിലേക്കു വ്യാപിക്കുകയും മലബാറിലെ ബ്രിട്ടീഷ് ഭരണത്തിന് വിപ്ലവകാരികൾ അറുതിവരുത്തുകയും ചെയ്തു. ആഗസ്റ്റ് 21 മുതൽ സർക്കാർ ഓഫിസുകൾ കൈയേറിയും പൊലീസ് സ്റ്റേഷനുകൾ കൈയേറി ആയുധങ്ങൾ ശേഖരിച്ചും ആശയവിനിമയസംവിധാനങ്ങൾ തകർത്തും വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കുകയും സമാന്തര ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.