മാധ്യമക്കോടതികൾ മാപ്പുകൊടുത്ത ഭീകരവാദികൾ
text_fieldsഭീകരതയും തീവ്രവാദവും സംബന്ധിച്ച ഏതൊരു വിഷയവും ചർച്ച ചെയ്യാൻ നമ്മുടെ മാധ്യമങ്ങൾക്കും സമൂഹത്തിന് പൊതുവിലും ഏറെ താൽപര്യമാണ്. മുൻവിധി നിറഞ്ഞ പൊതുബോധമാണ് ആ ചർച്ചകളിൽ നിറഞ്ഞുനിൽക്കുക. രാഷ്ട്രീയ സംഘടനകളുടെ പ്രമേയങ്ങളിലും ജനപ്രിയ സിനിമകളുടെ പാത്രരൂപകൽപനയിലും മുതൽ നഴ്സറിക്കുട്ടികളുടെ ആക്ഷൻ സോങ്ങിൽ വരെ ഭീകരരുടെ രൂപവും വേഷവും മതവുമെല്ലാം വിദ്വേഷപ്രാസംഗികരുടെയും ഹേറ്റ് ട്യൂബർമാരുടെയും ആഖ്യാനങ്ങൾക്കനുസൃതമാണ്. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് സ്ഫോടനമുണ്ടായ വാർത്ത കേട്ടയുടനെ, പാനായിക്കുളം കേസിൽ സുപ്രീംകോടതി വെറുതെ വിട്ട യുവാക്കളുടെ വീട്ടിലേക്ക് പൊലീസ് പാഞ്ഞതും അതുകൊണ്ടുതന്നെ. ആ സംഭവത്തിലെ പ്രതി കുറ്റം സ്വയം ഏറ്റുപറഞ്ഞത് അപസർപ്പക വാർത്താ സ്പെഷ്യലിസ്റ്റുകളും വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥരുമടക്കമുള്ള ‘ഭീകരാഘോഷക്കമ്മിറ്റിക്കാരെ’ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ആ കേസിലെ പ്രതി മാർട്ടിനെ ഭീകരവാദിയെന്ന് മാധ്യമങ്ങൾ വിളിക്കാറില്ല, നിരവധി മനുഷ്യ ജീവൻ ഹനിച്ച ആ സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാറുമില്ല.
കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെയും രാജ്യസുരക്ഷയെയും ഒരുപോലെ ആശങ്കയിലാഴ്ത്തി ഈയിടെ ഉണ്ടായ ഗൗരവാർഹമായ രണ്ട് സംഭവങ്ങളാണ് എറണാകുളം സിനഗോഗിന് സമീപമുള്ള 'ബ്ലോസം നഴ്സറി'ക്ക് തീവെച്ച സംഭവവും രാജ്യസുരക്ഷയെ ബാധിക്കുന്ന നിഗൂഢ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് സ്വദേശി ഗുരുമൂർത്തി പിടിയിലായതും. തീവെപ്പ് കേസിൽ പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിനും ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായ ഗുരുമൂർത്തിക്കുമെതിരെ യു.എ.പി.എ. ചുമത്തിയിട്ടുണ്ട്. അധോലോകവും ഭീകരവാദവും കൈകോർക്കുന്ന 'ഹൈബ്രിഡ് ഭീകരവാദ'ത്തിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങളാണിവ രണ്ടും. എങ്കിലും ‘ഇസ്ലാമിക് ടെററിസം’ എന്ന് പാടിപ്പതിഞ്ഞ കഥകളുടെ സ്ഥിരം ചട്ടക്കൂടുകൾക്കും വാർത്താനിർമിത പ്രതിച്ഛായകൾക്കും പുറത്തുനിൽക്കുന്നവരാണ് പ്രതികൾ എന്നതിനാൽതന്നെ മാധ്യമനിലയങ്ങളിൽ ഒട്ടും ആവേശമില്ല. ഈ പശ്ചാത്തലത്തിൽ ‘ഭീകരവാദ’ത്തിന്റെ വാർപ്പുമാതൃകകളെ പൊളിച്ചെഴുതുന്ന ഈ സംഭവങ്ങളെ സൂക്ഷ്മതലത്തിൽ വിലയിരുത്തുന്നത് ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയായി മാറുന്നുണ്ട്. ഒറ്റനോട്ടത്തിൽ വ്യത്യസ്തമെന്ന് തോന്നാവുന്ന ഈ രണ്ട് കേസുകളെയും കൂട്ടിയിണക്കുന്ന നിർണായക ഘടകം പ്രതികളുടെ പൊതുവായ ലക്ഷ്യവും പ്രവർത്തനരീതിയുമാണ്.
പ്രതികൾ ശരിക്കും ആരാണ്?
ബിസിനസ് തകർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഗുരുമൂർത്തി, പണത്തിനുവേണ്ടിയാണ് ഓൺലൈൻ ഹാൻഡ്ലർമാരുടെ നിർദേശപ്രകാരം പ്രവർത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഒരു വർഷത്തോളമായി ഒറ്റപ്പാലത്തും വാണിയംകുളത്തുമുള്ള ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്നതിനിടയിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ടെലഗ്രാം വഴി കൈമാറാനും വിദേശപൗരരെ നിരീക്ഷിക്കാനും ഇയാൾ ക്വട്ടേഷൻ എടുത്തു. നവി മുംബൈ സ്വദേശിയായ യാഷ് സിങ്ങിനെ 25,000 രൂപ നൽകി റിക്രൂട്ട് ചെയ്തതും, ഗുരുമൂർത്തിയുടെ ആറ് ബാങ്ക് അക്കൗണ്ടുകളിലേക്കും പങ്കാളിയുടെ അക്കൗണ്ടിലേക്കും വിദേശത്തുനിന്ന് വൻതോതിൽ പണമൊഴുകിയതും ഈ ശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
മറുവശത്ത്, 'ബോസ്' എന്ന് വിളിക്കപ്പെടുന്ന അജ്ഞാത ഹാൻഡ്ലറുടെ നിർദേശങ്ങൾക്കനുസരിച്ച് കൃത്യം നടപ്പാക്കുകയുമായിരുന്നു എബിൻ പോൾ ചെയ്തത്. സിനഗോഗിന് സമീപം തീവെക്കുന്നതിന് മുമ്പ്, മൂവാറ്റുപുഴ വാളകത്തെ ആൾത്താമസമില്ലാത്ത വീട്ടിലും മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിലും എബിൻ പരീക്ഷണാടിസ്ഥാനത്തിൽ തീവെപ്പ് നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുത്തപ്പോൾ ഓരോ തവണയും 10,000 രൂപ വീതം ഫോൺപേ വഴി ലഭിച്ചു പോലും. സിനഗോഗിന് സമീപമുള്ള ആക്രമണത്തിന് പിന്നാലെ രണ്ട് ലക്ഷം രൂപ ക്രിപ്റ്റോ കറൻസിയായാണ് ഇയാൾക്ക് ലഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എബിന്റെ വീട്ടിൽ നിന്ന് 105 ഗ്രാം രാസലഹരി പിടികൂടിയതും, 2023-ലെ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ സ്ഫോടകവസ്തുക്കൾ വാങ്ങിയ അതേ കടയിൽ നിന്നാണ് എബിനും തീവെക്കാനുള്ള സാമഗ്രികൾ വാങ്ങിയതെന്ന കണ്ടെത്തലും അന്വേഷണ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉദ്യോഗസ്ഥർ നൽകുന്നതോ അവരുടെ പേരിൽ പ്രചരിക്കുന്നതോ ആയ വിവരങ്ങൾ വെച്ച് നിഗമനത്തിലെത്തുന്നത് ഒരർത്ഥത്തിലും ശരിയല്ല. പക്ഷേ, കൊണ്ടാടപ്പെടുകയും പിന്നീട് കോടതികൾ വ്യാജമെന്ന് വ്യക്തമാക്കുകയും ചെയ്ത പ്രമാദമായ ഒട്ടേറെ ഭീകരവാദക്കേസുകൾ കെട്ടിപ്പടുത്തത് ഇത്തരം വിവരങ്ങളുടെയും ഊഹങ്ങളുടെയും അടിത്തറയിലായിരുന്നുവെന്ന് മറക്കാനുമാവില്ല.
ആരാണ് ഇവർക്ക് പിന്നിൽ?
ഈ നിഗൂഢ നീക്കങ്ങൾക്ക് പിന്നിലെ യഥാർഥ സ്പോൺസർമാർ ആരാണ്? രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന സംഭവങ്ങളാണെങ്കിലും, പ്രവർത്തനരീതികളിലെ സമാനതകൾ കാരണം ഇവരുടെ പിന്നിൽ പ്രവർത്തിച്ചത് ഒരേ ഓൺലൈൻ ഹാൻഡ്ലർമാരാണോ എന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ഇന്ത്യയിൽ വിദേശപൗരരും യഹൂദ സമൂഹവും സുരക്ഷിതരല്ല എന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കാനും വിനോദസഞ്ചാര, നിക്ഷേപ മേഖലകളെ തകിടം മറിക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യാവിരുദ്ധ ശക്തികളുടെ നീക്കമായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്.
അതേസമയം, ഭീകരവാദ ഹാൻഡ്ലർമാരിൽ നിന്ന് ലഭിക്കുന്ന വൻതുക ഉപയോഗിച്ച് തങ്ങളുടെ ക്രിമിനൽ സാമ്രാജ്യം വിപുലീകരിക്കാൻ ലോറൻസ് ബിഷ്ണോയ് പോലുള്ള ഗ്യാങ്സ്റ്റർ ഗ്രൂപ്പുകൾ നടത്തുന്ന ശ്രമമായും സംശയിക്കപ്പെടുന്നു. പ്രത്യയശാസ്ത്രപരമായ പൊതുതാൽപര്യമല്ല, മറിച്ച് ‘ക്വട്ടേഷൻ താൽപര്യമാണ്’ ഇവരെ ഒന്നിപ്പിക്കുന്നതെന്നും ഭീകരവാദ സംഘടനകൾക്ക് തങ്ങളുടെ ആശയങ്ങൾ യുവാക്കളിൽ കുത്തിവെച്ച് വർഷങ്ങളോളം പരിശീലനം നൽകുന്നതിന് പകരം, പണവും ലഹരിയും നൽകി അധോലോക ശൃംഖലകൾ വഴിയും പ്രാദേശിക ക്രിമിനലുകൾ വഴിയും ‘ഔട്ട്സോഴ്സിങ്’ രീതിയിൽ ആക്രമണങ്ങൾ നടപ്പാക്കാൻ എളുപ്പത്തിൽ സാധിക്കുന്നുവെന്നുമുള്ള വിലയിരുത്തലുകളും ശക്തിപ്പെടുന്നുണ്ട്.
പിന്നിൽ നിന്ന് നിയന്ത്രിക്കുന്നത് ആരാണെങ്കിലും, ആഗോള ഭീകരവാദത്തിന്റെ അപകടകരമായ ഒരു പുതുരീതിയായി ഇതിനെ കാണാതിരിക്കാനാവില്ല. ‘ഗ്യാങ്സ്റ്റർ, ടെറർ നെക്സസ്’ എന്ന ഈ പുതിയ പ്രതിഭാസം സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വാർപ്പുമാതൃകകൾ വെച്ചുള്ള കേവലം പതിവ് അന്വേഷണ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങാതെ, കാണാമറയത്തിരുന്ന് ക്രിപ്റ്റോ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും ചരടുവലിക്കുന്ന യഥാർഥ ‘ബോസു’മാരിലേക്ക് എത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയേണ്ടതുണ്ട്. പണത്തിനും അധോലോക ആരാധനയ്ക്കും ലഹരിക്കും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന യുവാക്കളെ ഓൺലൈൻ വഴി ആയുധമാക്കുന്ന ഈ ‘ഹൈബ്രിഡ് ഭീകരവാദം’ മനുഷ്യരാശിക്ക് ഒന്നടങ്കം എതിരായ വലിയൊരു വെല്ലുവിളിയാണ്.

