ഓപറേഷൻ ഡി ഹണ്ട്: റൂറൽ ജില്ലയിൽ 425 പേർ പിടിയിൽ
text_fieldsവടകര: കോഴിക്കോട് റൂറൽ ജില്ലയിൽ ഒന്നര മാസത്തിനിടെ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് 408 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരിയുമായി ബന്ധപ്പെട്ട് ആക്രമണ പ്രവർത്തനങ്ങളും കൊലപാതകവുമുൾപ്പെടെ നടന്നതിന്റെ പാശ്ചാത്തലത്തിലാണ് ജില്ല പൊലീസ് മേധാവി കെ.ഇ. വൈജുവിന്റെ നേതൃത്വത്തിൽ ഓപറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിയത്.
സംഭവത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് 425ഓളം പ്രതികളെ അറസ്റ്റുചെയ്തു. 106.354 ഗ്രാം എം.ഡി.എം.എ, 15.69 കി.ഗ്രാം കഞ്ചാവ്, 343 കഞ്ചാവ് ബീഡി, 14.77 ഗ്രാം മെത്തഫെറ്റമിൻ, 1.8 ഗ്രാം ബ്രൗൺ ഷുഗർ, അഞ്ച് നൈട്രാസിപ്പാം ടാബ്ലറ്റ്, ഒരു കഞ്ചാവ് ചെടി എന്നിവ പിടികൂടി. അറസ്റ്റിലായവരിൽ ചിലരെ കാപ്പ ചുമത്തി നാടുകടത്തി. താമരശ്ശേരിയിലുണ്ടായ കൊലപാതകത്തിന്റെയും ആക്രമണ സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ ലഹരിക്കെതിരെ റൂറൽ ജില്ല പൊലീസ് ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ല മേധാവി അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് മൂന്നിന് താമരശ്ശേരി പരപ്പൻ പൊയിൽ ഹൈലാൻഡ് കൺവെൻഷൻ സെന്ററിൽ കണ്ണൂർ റേഞ്ച് ഐ.ജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.കെ. മുനീർ, ലിന്റോ ജോസഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.