ഒൗറംഗസീബിനെ തിരിച്ചറിയാത്ത ചരിത്രത്തിന്‍െറ അടിമകള്‍
text_fields‘സ്വന്തം ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്ത ദേശത്തിന് ഭാവിയില്ല. അതുപോലെ സത്യമാണ്, സ്വന്തം ഭൂതത്തെക്കുറിച്ച് അവകാശപ്പെടാനുള്ള ശേഷി മാത്രമല്ല ഭാവി രൂപപ്പെടുത്തുന്നതില്‍ അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അറിവ് വളര്‍ത്തുന്നതും. ഒരു ദേശം സ്വന്തം ചരിത്രത്തിന്‍െറ അധിപനായിരിക്കണം, അടിമയാവാന്‍ പാടില്ല. മുഹമ്മദീയരോടുള്ള വെറുപ്പിന്‍െറ വികാരം ശിവജിയുടെ കാലഘട്ടത്തില്‍ അനിവാര്യവും ന്യായവുമായിരിക്കാം. എന്നാല്‍, അന്ന് ഹിന്ദുക്കളുടെ വികാരം അതായിരുന്നുവെന്ന ഏക കാരണംകൊണ്ട് ഇന്നും അത്തരമൊരു വികാരം കൊണ്ടുനടക്കുന്നത് അനീതിയും വിഡ്ഢിത്തവുമാണ്’ -സംഘ്പരിവാര്‍ താത്ത്വികാചാര്യന്‍ വീര്‍ സവര്‍ക്കറുടെ വാക്കുകളാണിത്.
സവര്‍ക്കര്‍ ഓര്‍മയിലോടിയത്തെിയത് അദ്ദേഹത്തിന്‍െറ അനുയായികള്‍ ഇന്നും ചരിത്രത്തിന്‍െറ അടിമകളായി പെരുമാറുന്ന അശ്ളീല കാഴ്ച കണ്ടപ്പോഴാണ്. വികല ചരിത്രത്തെ ആയുധമാക്കി പോയകാലത്തോട് നിഴല്‍യുദ്ധം നടത്താന്‍ തുനിഞ്ഞിറങ്ങിയ അവിവേകമാണ് ഡല്‍ഹിയിലെ ഒൗറംഗസീബ് റോഡിനെ അബ്ദുല്‍ കലാം റോഡായി രൂപാന്തരപ്പെടുത്തിയത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആയിരം വര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പരസ്യമായി പരിദേവനംകൊണ്ട കാലസന്ധിയില്‍ ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
ചരിത്രത്തിലെ വില്ലന്‍വേഷമാണ് സംഘ്പരിവാരം ഒൗറംഗസീബിനു നീക്കിവെച്ചിരിക്കുന്നത്. ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം ഭിന്നിപ്പിച്ചു ഭരിക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ ബ്രിട്ടീഷ് ഭരണാധികാരികളും ചരിത്രകാരന്മാരും വിരിച്ച വലയില്‍ ഇക്കൂട്ടര്‍ ഇപ്പോഴും ഗാഢനിദ്രകൊള്ളുകയാണ്. ഒന്നര കി.മീറ്റര്‍ റോഡിന്‍െറ പേരില്‍നിന്ന് ഒൗറംഗസീബിനെ വെട്ടി അബ്ദുല്‍ കലാമിനെ പ്രതിഷ്ഠിച്ച നടപടി തെളിയിക്കുന്നത് മറ്റെന്താണ്? 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചരിത്രകാരന്‍ സര്‍ ഹെന്‍ട്രി എലിയട്ട് കോളനിവാഴ്ചക്കാരുടെ അധികാരതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ച് എഴുതിയ കള്ളക്കഥകളില്‍ അന്ധമായി വിശ്വസിച്ചതാണ് ഇവര്‍ക്ക് പറ്റിയ അമളി. മുഗള്‍ കാലത്ത് ഹിന്ദുക്കള്‍ക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചില്ളെന്നും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും മതഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നുമൊക്കെ എഴുതിവെച്ചത് അണ്ണാക്ക് തൊടാതെ വിഴുങ്ങി. മതസ്പര്‍ധ സൃഷ്ടിക്കുന്നതിന് ഇമ്മട്ടിലുള്ള ചരിത്രപഠനവും വിദ്യാഭ്യാസവും നമ്മുടെ നയമാണെന്ന് ഗവര്‍ണര്‍ ജനറലും വൈസ്രോയിയുമായിരുന്ന കഴ്സണ്‍ പ്രഭുവിന് ഇന്ത്യയിലെ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ എഴുതിയ കത്തുകള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചാണ് നമ്മള്‍ ഇന്നാട്ടില്‍ അധികാരം സുഗമമായി നിലനിര്‍ത്തുന്നതെന്ന് മറ്റൊരു വൈസ്രോയി എല്‍ജിന്‍ പ്രഭുവിന് അയച്ച കത്തിലും വെളിപ്പെടുത്തുന്നുണ്ട്.
യഥാര്‍ഥത്തില്‍ ആരാണ് ഒൗറംഗസീബ്? രാഷ്ട്രീയമായി ഭിന്ന ധ്രുവത്തില്‍ നില്‍ക്കുന്ന നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തെരുവില്‍നിന്ന് ആട്ടിയോടിക്കാന്‍ മാത്രം എന്തപരാധമാണ് അദ്ദേഹം ചെയ്തത്? ആറ് പ്രഗല്ഭ മുഗള്‍ ചക്രവര്‍ത്തിമാരില്‍ അവസാനത്തെയാളാണ് അരനൂറ്റാണ്ടുകാലം (1658-1707) ഡല്‍ഹി ഭരിച്ച ഒൗറംഗസീബ്. അഫ്ഗാന്‍ മുതല്‍ ഡെക്കാന്‍ വരെ നീണ്ടുപരന്നുകിടന്ന മുഗള്‍സാമ്രാജ്യം (ഇന്നത്തെ അഫ്ഗാനും പാകിസ്താനും ബംഗ്ളാദേശും ഉള്‍പ്പെടെ) അതിന്‍െറ ഉത്തുംഗത ദര്‍ശിച്ചത് ഇദ്ദേഹത്തിന്‍െറ കാലഘട്ടത്തിലാണ്. 1700ല്‍ ലോകജനസംഖ്യയുടെ 30 ശതമാനം (60 കോടിയില്‍ 18 കോടി) ഒൗറംഗസീബിന്‍െറ പ്രജകളായിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഹിന്ദുസ്ഥാന്‍തന്നെ. ലോക ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ( ജി.ഡി.പി) 24.5 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. ചൈനയിലെ മിങ് സാമ്രാജ്യം മാത്രമാണ് തൊട്ടടുത്ത് നില്‍ക്കുന്നത്. ബ്രിട്ടന്‍െറ മൊത്തം ഉല്‍പാദനം രണ്ടുശതമാനം വരില്ല. അന്നത്തെ ആഗ്ര, 7,00,000 പൗരന്മാരുമായി യൂറോപ്പിലെ എല്ലാ നഗരങ്ങള്‍ക്കും മുകളിലാണ്. ലണ്ടനും പാരിസും ലിസ്ബനും മഡ്രിഡും റോമും എല്ലാം ചേര്‍ത്തുവെച്ചാല്‍ ലാഹോറിനൊപ്പമത്തെില്ളെന്ന് പറയുന്നത് ചരിത്രകാരന്‍ വില്യം ഡാല്‍റിംപ്സാണ്. പിതാവടക്കമുള്ള തന്‍െറ മുന്‍ഗാമികളെപ്പോലെ ആഡംബര ജീവിതം നയിക്കാനോ രാജ്യസമ്പത്ത് ധൂര്‍ത്തടിക്കാനോ എളിമയാര്‍ന്ന ജീവിതം നയിച്ച, മതനിഷ്ഠയുള്ള ഒൗറംഗസീബ് തയാറായിരുന്നില്ല. തൊപ്പി തുന്നിയും ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും കിട്ടുന്ന ചില്ലറ തുട്ടുകള്‍കൊണ്ടാണത്രെ സ്വകാര്യാവശ്യങ്ങള്‍ നിറവേറ്റിയത്. താജ്മഹലും ചെങ്കോട്ടയും ഡല്‍ഹി ജുമാമസ്ജിദും കെട്ടിപ്പൊക്കിയ ഷാജഹാന്‍െറ പുത്രനാണ് ഈ ചക്രവര്‍ത്തിയെന്ന് ഓര്‍ക്കുമ്പോഴാണ് ആ ജീവിതത്തിന്‍െറ ലാളിത്യവും എളിമയും കണ്ട് നാം അമ്പരന്നുപോകുന്നത്.
സംഗീതത്തെ കുഴിച്ചുമൂടിയ മതാന്ധന്‍ എന്ന ആരോപണത്തെ ശരിവെക്കുന്ന ഒരു ചരിത്രരേഖയും ഇതുവരെ ആരും കണ്ടത്തെിയിട്ടില്ല. ഹിന്ദുത്വയും സംഗീതവും തമ്മിലെന്താണ് ബന്ധമെന്ന് ചോദിക്കരുത്. ഒൗറംഗസീബിന്‍െറ പേര് ചുരണ്ടിയെടുത്ത് അബ്ദുല്‍ കലാമിന്‍െറ പേര് ആലേഖനംചെയ്യുമ്പോള്‍ പലരും കലാമില്‍ കാണുന്ന പ്രകടമായ ഹൈന്ദവാഭിമുഖ്യം വീണ വായനയിലാണ്. എന്നാല്‍, ഇത്തരം വിതണ്ഡാവാദങ്ങള്‍ മുന്നോട്ടുവെക്കുന്നവര്‍ ഒരു പരമാര്‍ഥം അറിയാതെപോയി; മുസ്ലിം സൂഫിമാര്‍ പേര്‍ഷ്യയില്‍നിന്ന് കൊണ്ടുവന്ന സംഗീതോപകരണമാണ് വീണ.
മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഹിന്ദുക്കള്‍ക്ക് ഏറ്റവുമധികം ഭരണപ്രാതിനിധ്യം ലഭിച്ചത് ഒൗറംഗസീബിന്‍െറ കാലത്തായിരുന്നു. അദ്ദേഹത്തിന്‍െറ ഭരണത്തില്‍ അത്യുന്നത പദവിയിലുള്ള രണ്ടു സൈനികമേധാവികളും ഹിന്ദുക്കളായിരുന്നു; ജസ്വന്ത് സിങ്ങും ജയ് സിങ്ങും. രാജാരാജ്രൂപ്, കബീര്‍ സിങ്, പ്രേംദേവ് സിങ്, ദിലീപ് റോയ്, ലസിക് ലാല്‍ ക്രോറി തുടങ്ങിയ ഹിന്ദുനേതാക്കള്‍ ഭരണത്തിന്‍െറ കുഞ്ചികസ്ഥാനങ്ങള്‍ അലങ്കരിച്ചു. മതമൈത്രിക്ക് കീര്‍ത്തികേട്ട അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ മൊത്തം ഉണ്ടായിരുന്നത് 14 ഹിന്ദു മന്‍സബ്ദാരികള്‍ (ഉയര്‍ന്ന സൈനികപദവി) ആണെങ്കില്‍ ഒൗറംഗസീബിന്‍െറ കാലത്ത് അത് 148 ആയിരുന്നുവെന്ന് ചരിത്രകാരനായ ശര്‍മ സാക്ഷ്യപ്പെടുത്തുന്നു. ഷാജഹാന്‍െറ കാലത്ത് ഹൈന്ദവ ഉദ്യോഗസ്ഥരുടെ അനുപാതം 24.5 ശതമാനമാണെങ്കില്‍ ഇദ്ദേഹത്തിന്‍െറ കീഴില്‍ 33 ശതമാനമാണ്. ഒൗറംഗസീബിനെക്കുറിച്ച് ഇവിടെ പ്രചാരത്തിലുള്ള അസത്യജടിലമായ അപവാദങ്ങള്‍ ദൂരീകരിക്കുന്നതിന് ആത്മാര്‍ഥശ്രമങ്ങള്‍ നടത്തിയ ചരിത്രകാരനാണ് ഗവര്‍ണര്‍കൂടിയായിരുന്ന ഡോ. ബി.എന്‍. പാണ്ഡെ. അലഹബാദ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ രണ്ടു ക്ഷേത്രപൂജാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ ചില ഒൗദ്യോഗിക രേഖകള്‍ കാണാനിടയായ അനുഭവം ഡോ. പാണ്ഡെ പങ്കുവെക്കുന്നുണ്ട്. ക്ഷേത്രപരിപാലനത്തിന് പണത്തിനു പുറമെ ഏതാനും ഭൂമിയും ചക്രവര്‍ത്തി ദാനംചെയ്തതിന്‍െറ രാജകല്‍പന (ഫിര്‍മാന്‍) പൂജാരിമാരില്‍ ഒരാള്‍ ഹാജരാക്കിയപ്പോള്‍ അതിന്‍െറ ആധികാരികത പരിശോധിക്കാന്‍ പ്രഗല്ഭ അഭിഭാഷകനും അറബിക്, പേര്‍ഷ്യന്‍ ഭാഷകളില്‍ പണ്ഡിതനുമായ ഡോ. തേജ് ബഹാദൂര്‍ സപ്രുവിനെ ചുമതലപ്പെടുത്തിയത്രെ. ബ്രാഹ്മണനായ സപ്രുവിന്‍െറ സൂക്ഷ്മപരിശോധനയില്‍ ആ ഫിര്‍മാന്‍ ഒൗറംഗസീബിന്‍േറതാണെന്ന് തെളിഞ്ഞു. ഇതോടെ ഒൗറംഗസീബില്‍നിന്ന് ഭൂമി ദാനം കിട്ടിയ ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോ. പാണ്ഡെ ശ്രമം തുടര്‍ന്നു. ഉജ്ജയിനിലെ മഹാകാലേശ്വര, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗുവാഹതിയിലെ ഉമാനന്ദ് ക്ഷേത്രം തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി ഭൂമി നല്‍കിയതിന്‍െറ രേഖകളാണ് അദ്ദേഹത്തിന്‍െറ മുന്നിലുള്ളത്. വാരാണസിയിലെ ക്ഷേത്രങ്ങളുടെ പരിപാലനത്തില്‍ ഒൗറംഗസീബ് അതീവശ്രദ്ധാലുവായിരുന്നുവെന്നും ചരിത്രം പറയുന്നു. എന്നിട്ടും ഒൗറംഗസീബ് എങ്ങനെ ‘ക്ഷേത്രധ്വംസക’നായി എന്ന ചോദ്യത്തിനു മറുപടി തരുന്ന ഒരു സംഭവം ‘ആധികാരിക’ ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കാതെ പോയി. ബംഗാളിലേക്കുള്ള യാത്രാമധ്യേ വാരാണസിയിലത്തെിയപ്പോള്‍ ഒരുദിവസം അവിടെ വിശ്രമിക്കുകയാണെങ്കില്‍ വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ഗംഗയില്‍ സ്നാനം നടത്താനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുമല്ളോ എന്ന് അകമ്പടിയിലുണ്ടായിരുന്ന രാജാക്കന്മാര്‍ ചക്രവര്‍ത്തിയെ ഓര്‍മപ്പെടുത്തിയത്രെ. ഒൗറംഗസീബ് സമ്മതം നല്‍കി. സ്നാനവും ദര്‍ശനവും കഴിഞ്ഞ് റാണിമാരെല്ലാം തിരിച്ചുവന്നിട്ടും കച്ചിലെ മഹാറാണിയെ മാത്രം കണ്ടില്ല. വിവരമറിഞ്ഞ ചക്രവര്‍ത്തി രോഷാകുലനായി. മഹാറാണിയെ അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു. തിരച്ചിലിനിടയില്‍, ചുമരിലെ ഗണേശവിഗ്രഹം നീക്കം ചെയ്യാവുന്നതാണെന്ന് കണ്ടത്തെി. വിഗ്രഹം നീക്കിയപ്പോള്‍ നിലവറയിലേക്കുള്ള നടകളാണ് കണ്ടത്. ആ വഴിയുള്ള അന്വേഷണത്തില്‍ മഹാറാണി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട് അവശയായി കിടക്കുന്ന ദാരുണ കാഴ്ചയാണ് കണ്ണില്‍ തടഞ്ഞത്. ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. അശുദ്ധമായ ആ സ്ഥലത്തുനിന്ന് ഗണേഷവിഗ്രഹം മാറ്റാനും ക്ഷേത്രം നീക്കം ചെയ്യാനും പൂജാരിയെ ശിക്ഷിക്കാനും കല്‍പിച്ചതാണ് ഒൗറംഗസീബിന് ക്ഷേത്രധ്വംസക പട്ടം ചാര്‍ത്തിക്കൊടുത്തത്.
ഒൗറംഗസീബിലൂടെ അക്ബറിലേക്കും ഹുമയൂണിലേക്കും ഷാജഹാനിലേക്കും ജഹാംഗീറിലേക്കും നീളുന്ന ചരിത്രാക്ഷേപം ഹിന്ദുത്വ എവിടെ കൊണ്ടാണവസാനിപ്പിക്കുക? കാറ്റാടി മരങ്ങളോട് യുദ്ധംചെയ്ത ഡോണ്‍ ക്വിക്സോട്ടിന്‍െറ കഥാപാത്രത്തെക്കാള്‍ പരിഹാസ്യരാവുകയേയുള്ളൂ ഇവര്‍. ചരിത്രത്തിന്‍െറ കുഞ്ഞേടുകളില്‍ തങ്കലിപികളില്‍ കുറിച്ചിടപ്പെട്ട സമ്മോഹനമായൊരു കാലഘട്ടത്തെ രോഗാതുരമായ മനസ്സുകൊണ്ട് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് എന്തുമാത്രം പോഴത്തമാണ്! ഒൗറംഗസീബിനെ തള്ളിപ്പറയുമ്പോഴും അദ്ദേഹത്തിന്‍െറ പിതാവ് ഷാജഹാന്‍ കെട്ടിപ്പടുത്ത ചെങ്കോട്ടയില്‍നിന്നുകൊണ്ടാണ് സാക്ഷാല്‍ മോദി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതെന്ന വിരോധാഭാസം നമുക്ക് കണ്ടില്ളെന്ന് നടിക്കാം. l

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.