സുപ്രീംകോടതിയിൽ ഒരു നിശ്ശബ്ദ വിപ്ലവം
text_fields1999ൽ, അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇന്ത്യാ ഗവൺമെന്റിന് ഒരു കുറിപ്പയച്ചു- ഉന്നത ജുഡീഷ്യൽ തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ, തുല്യ യോഗ്യതയുള്ളവരും എന്നാൽ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമായവരെ സർക്കാർ അവഗണിക്കരുതെന്നന്നായിരുന്നു ആ കുറിപ്പിന്റെ ആകത്തുക. ആ കുറിപ്പ് രാഷ്ട്രപതിയുടെ ഉത്തരവായിരുന്നില്ല. അതു സ്വീകരിക്കാൻ സർക്കാറിന് ഒരു തരത്തിലും ബാധ്യതയുമില്ലായിരുന്നു. മറിച്ച്, സർക്കാറിന് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാവുന്ന ഒരു സൗമ്യമായ ഓർമപ്പെടുത്തൽ മാത്രം.
തന്റെ കുറിപ്പിന് ഒരു പ്രചാരണവും അദ്ദേഹം ആഗ്രഹിച്ചില്ല. എന്നിരിക്കിലും കുറിപ്പ് സർക്കാറിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ, അത് പത്രങ്ങൾക്ക് ചോർന്നു. സുപ്രീംകോടതിയിൽ സംവരണം അവതരിപ്പിക്കാൻ നിർദേശിച്ചതിന്, പലരും അദ്ദേഹത്തെ ശക്തമായി വിമർശിച്ചു. ന്യൂഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ദ്വൈവാരിക രാഷ്ട്രപതിയുടെ നിർദേശത്തെക്കുറിച്ച് ഒരു കവർ സ്റ്റോറി പ്രസിദ്ധീകരിച്ചു. രാഷ്ട്രപതിയുടെ കുറിപ്പിനെ വിമർശനാത്മകമായി വിശകലനം ചെയ്യുകയല്ല ആ നിർദേശത്തെ അപലപിക്കുകയും അദ്ദേഹത്തെ അപഹസിക്കുകയുമായിരുന്നു ആ ലക്കത്തിന്റെ ലക്ഷ്യം. കവറിൽ രാഷ്ട്രപതിയുടെ വികലമായ ഫോട്ടോ പ്രസിദ്ധീകരിച്ചുകൊണ്ട് മാഗസിൻ അവരുടെ ഉള്ളിലിരിപ്പ് മറയില്ലാതെ വിളിച്ചുപറഞ്ഞു.
അതിനുശേഷം ഇന്ത്യയിൽ ഒരുപാട് സംഭവവികാസങ്ങളുണ്ടായി. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഒരുകാലത്ത് യോഗ്യതയുള്ള ആളുകളുടെ കുറവുണ്ടായിരുന്നു, എന്നാൽ, ഇന്ന് അങ്ങനെയല്ല. ഇന്ത്യയുടെ നിലവിലെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്, ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ബുദ്ധമതക്കാരനാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മലയാളിയായ ജസ്റ്റിസ് സി.ടി. രവി കുമാർ വിരമിക്കുന്നതുവരെ, നിലവിലെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് പ്രസന്ന വരാലെയും ഉൾപ്പെടെ പട്ടികജാതി പശ്ചാത്തലത്തിലുള്ള മൂന്ന് ജഡ്ജിമാർ സുപ്രിംകോടതിയിലുണ്ടായിരുന്നു, ഇരുവരും ബുദ്ധമതക്കാരാണ്. അവർക്കു മുമ്പ്, പട്ടികജാതി സമൂഹത്തിൽനിന്ന് ചീഫ് ജസ്റ്റിസായ ഏകവ്യക്തി മലയാളിയായ കെ.ജി. ബാലകൃഷ്ണൻ ആയിരുന്നു.
ചീഫ് ജസ്റ്റിസ് പദവിയിൽ ഗവായിയുടെ കാലാവധി നവംബറിൽ അവസാനിക്കും. പദവിയുടെ ചുരുങ്ങിയ കാലയളവിൽത്തന്നെ എന്റെ വിദ്യാലയം എന്ന കവിതയിൽ മഹാകവി ഒളപ്പമണ്ണ പാടിയ ‘‘മധുരമിജ്ജീവിതം, ചെറുതാണെന്നാകിലും’’ എന്ന വരിയെ ഓർമപ്പെടുത്തും വിധം സുപ്രീം കോടതിയിൽ ഒരു തരത്തിലെ വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. സുപ്രീം കോടതി ജഡ്ജിമാർ തങ്ങളുടെ സ്വത്തുക്കൾ ചീഫ് ജസ്റ്റിസിന് വെളിപ്പെടുത്തണമെന്ന് ഒരു തീരുമാനമുണ്ടായിരുന്നെങ്കിലും, അതു നടപ്പാക്കിയത് ജസ്റ്റിസ് ഗവായി ആയിരുന്നു. സുപ്രീം കോടതി വെബ്സൈറ്റ് സന്ദർശിച്ചാൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ ആർക്കും പരിശോധിക്കാൻ സാധിക്കും. ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ്, വിരമിക്കലിനു ശേഷം ഒരു ജോലിയും താൻ സ്വീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗവർണർ സ്ഥാനം സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസിന്റെ ഔചിത്യത്തെയും അദ്ദേഹം പരോക്ഷമായി ചോദ്യം ചെയ്തു, സുപ്രീംകോടതി ജഡ്ജിയുടെ പദവിയേക്കാൾ താഴ്ന്ന ഗവർണർ പദവിയിലേക്ക് മുൻ ന്യായാധിപന്മാരെ നിയോഗിക്കുന്നത് തരംതാഴ്ത്തലിന് തുല്യമാണ്.സുപ്രീംകോടതിയിലെ മറ്റൊരു മുൻ ജഡ്ജി ഇപ്പോൾ ആന്ധ്ര പ്രദേശ് രാജ്ഭവനിലുണ്ട്.
‘‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’’ എന്ന് മഹാകവി കുമാരനാശാൻ പറഞ്ഞത് ഉൾക്കൊണ്ടതു പോലുള്ള ചട്ടമാറ്റങ്ങൾ വേറെയുമുണ്ടായി. 3000ത്തിലധികം ജീവനക്കാരുള്ള സുപ്രീംകോടതിയിൽ സംവരണം ഉണ്ടായിരുന്നില്ല. പിന്നാക്ക വിഭാഗങ്ങൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ചരിത്രത്തിലാദ്യമായി സംവരണം അവതരിപ്പിച്ചത് ജസ്റ്റിസ് ഗവായിയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 146 (2) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഈ പരിവർത്തനാത്മക തീരുമാനം അദ്ദേഹം നടപ്പാക്കുമ്പോൾ 1999-ൽ പ്രസിഡന്റ് ഡോ.കെ.ആർ. നാരായണൻ പ്രകടിപ്പിച്ച ആഗ്രഹത്തിന്റെ പൂർത്തീകരണമായി അതുമാറി.
ചീഫ് ജസ്റ്റിസായിരിക്കെ ഡി.വൈ. ചന്ദ്രചൂഡ് വസതിയിൽ നടത്തിയ പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ
ജസ്റ്റിസ് ഗവായി അടുത്തിടെ മറ്റൊരു ധീരമായ തീരുമാനം കൈക്കൊണ്ടു-ഇന്ത്യയുടെ 2024 നവംബറിൽ വിരമിച്ച ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ഔദ്യോഗിക വസതി ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടു. എട്ടു മാസം മുമ്പ് വിരമിച്ചെങ്കിലും പ്രതിമാസം 5430 രൂപ മാത്രം വാടക നൽകി മുൻ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയിൽ താമസിച്ചുപോരുകയായിരുന്നു. ഡൽഹിയിലെ ഏറ്റവും പിന്നാക്കമായ ചേരികളിൽപ്പോലും ആ വാടകക്ക് ഒരു വീട് കിട്ടില്ലെന്ന് അറിയാത്തയാളല്ലല്ലോ ചന്ദ്രചൂഡ്. തനിക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന ആ പദവിയിലെത്തിയെങ്കിലും വീടൊഴിഞ്ഞു കൊടുക്കാനുള്ള ന്യായബോധം മുൻ ന്യായാധിപൻ പ്രകടിപ്പിച്ചില്ല. സർക്കാർ നൽകുന്ന താമസ സൗകര്യം ലഭ്യമാവാതെ നിരവധി ജഡ്ജിമാർ ഗെസ്റ്റ് ഹൗസുകളിൽ താമസിക്കുന്നെന്നതും മതിയായ രേഖകളില്ലെന്ന പേരിൽ തലസ്ഥാന നഗരിയിലെ ദരിദ്രരിൽ ദരിദ്രരായ മനുഷ്യർ കോളനികളിൽനിന്നും കുടിലുകളിൽനിന്നും ദിനേനയെന്നോണം കുടിയൊഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നെന്ന യാഥാർഥ്യവും ജസ്റ്റിസ് ചന്ദ്രചൂഡിനെ അലട്ടിയില്ല.
ചന്ദ്രചൂഡിനോട് വീട് ഒഴിയാൻ പറയണമെന്ന് സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ട സ്ഥിതിക്ക് സ്വാഭാവികമായും അദ്ദേഹത്തിനത് അനുസരിക്കേണ്ടിവന്നേക്കും. അദ്ദേഹത്തിനു ശാരീരിക വെല്ലുവിളി നേരിടുന്ന രണ്ടു പെൺമക്കളുണ്ടെന്ന് വാദത്തിനുവേണ്ടി പറയാമെങ്കിലും അതദ്ദേഹത്തിന് ശാശ്വതമായി ഒരു സർക്കാർ വീടിന് അർഹത നൽകുന്നില്ല. സുപ്രീംകോടതി സർക്കാറിന് കത്തെഴുതുന്നതുവരെ കാത്തു നിൽക്കാതെ സ്വയം വീട് ഒഴിഞ്ഞുകൊടുത്ത് മാന്യത കാണിക്കണമായിരുന്നു അദ്ദേഹം.
സമീപകാലത്ത് ഏറെ പ്രതീക്ഷകൾ നൽകിയ, മാധ്യമപ്പുകഴ്ത്തലുകൾ നേടിയ ഒന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ സുപ്രീംകോടതി പ്രവേശം. സകല പ്രതീക്ഷകളെയും അദ്ദേഹംതന്നെ തട്ടിമറിച്ചിട്ടു.
അന്യായമായി തകർക്കപ്പെട്ട, ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് നിലകൊണ്ട ഭൂമി ഹിന്ദു സമൂഹത്തിന് നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ ജഡ്ജിമാർ ആരും ഒപ്പിട്ടിട്ടില്ലെങ്കിലും, അത് എഴുതിയത് ചന്ദ്രചൂഡാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അയോധ്യ കേസിൽ വിധി എഴുതാൻ ശ്രീരാമന്റെ ഉപദേശം തേടിയെന്ന അദ്ദേഹത്തിന്റെ ‘തുറന്നുപറച്ചിൽ’ ഞെട്ടിക്കുന്നതായിരുന്നു. ഗ്യാൻവാപി തർക്കത്തിൽ ആരാധനാലയ നിയമം അട്ടിമറിക്കാനുതകും വിധത്തിൽ നടത്തിയതുൾപ്പെടെ ഒട്ടനവധി സർക്കാർ അനുകൂല വിധിന്യായങ്ങൾ ചന്ദ്രചൂഡിൽനിന്നുണ്ടായി. അതിനെല്ലാമുപരി നാളിതുവരെ ഒരു ചീഫ് ജസ്റ്റിസും ചെയ്യാത്ത രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സ്വകാര്യ പൂജക്കായി തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു? എന്തായാലും, ജസ്റ്റിസ് ഗവായി അദ്ദേഹത്തിന് തന്റെ സ്ഥാനം കാണിച്ചുകൊടുത്തിരിക്കുന്നു, അതുവഴി സുപ്രീംകോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്തിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.