ജയിലുകളിൽ തിരുത്തൽ നടക്കണമെങ്കിൽ
text_fieldsജയിലുകളിൽ കഴിയുന്ന ഓരോ മനുഷ്യരും ആശങ്കപ്പെടുന്നത് സമൂഹം ഏതുനിലയിലാവും ഇനി തന്നെ വിലയിരുത്തുക എന്നതിനെക്കുറിച്ചാണ്. പ്രിയപ്പെട്ടവർക്കുപോലും തന്നെ വേണ്ടെന്ന തോന്നൽ ശക്തമാകുമ്പോഴാണ് പലരും ജീവിതംതന്നെ വേണ്ടെന്ന തീർപ്പിലെത്തുന്നത്
‘‘എനിക്കിനിയും മരിക്കണം...’’ പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾ ഉറക്കെ പറഞ്ഞു. ഒരു സെൻട്രൽ ജയിലിൽ കഴിയുന്ന ഈ മനുഷ്യൻ രണ്ടുതവണയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ചെയ്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കുന്ന താൻ കാലാവധി കഴിഞ്ഞിറങ്ങിയാൽ ഉറ്റവരാരും സ്വീകരിക്കില്ലെന്ന ചിന്ത അയാളെ അത്രയേറെ നീറ്റുന്നുണ്ടായിരുന്നു. ജയിൽ അന്തേവാസികളുടെ മാനസിക-ശാരീരിക നവീകരണത്തിനായി ‘ഇല ഫൗണ്ടേഷൻ’ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ഞാനിദ്ദേഹവുമായി സംസാരിച്ചത്. ഇനിയും മരിക്കാൻ ശ്രമിക്കുമെന്ന് ആവർത്തിച്ചയാളോട് ‘‘താങ്കളുടെ ജീവിതം ഞങ്ങൾക്ക് ആവശ്യമുണ്ട്’’ എന്ന് പറഞ്ഞ നിമിഷം ആ മുഖത്ത് മിന്നിമാഞ്ഞ തിളക്കം ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. അവിശ്വസനീയതയോടെ അയാൾ ചോദിച്ചു: ‘‘വീട്ടുകാർക്കുപോലും വേണ്ടാത്ത എന്നെ നിങ്ങൾക്കെന്തിനാണ്?’’
‘‘മനസ്സിലും ശരീരത്തിലും മുറിവേറ്റ് തളർന്നുപോയ അനേകം മനുഷ്യരുണ്ട് പുറത്ത്. അവരെ ശുശ്രൂഷിക്കാനും ചേർത്തുപിടിക്കാനും ഞങ്ങൾക്കൊപ്പം വരണം. നിങ്ങൾക്കതിനു സാധിക്കും. ഇവിടുത്തെ കാലാവധി പൂർത്തിയാക്കി ഇറങ്ങുന്ന അന്ന് നിങ്ങളെ കാത്ത് ഞങ്ങളുണ്ടാകും’’ എന്ന് ഉറപ്പുനൽകി. അത്ഭുതം വിട്ടുമാറിയില്ലെങ്കിലും ആ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു. ഇനി ജീവിക്കണമെന്നും പുറത്തിറങ്ങി മറ്റുള്ളവർക്കായി ജീവിക്കണമെന്നുമുള്ള പ്രതീക്ഷയുടെ തിരിനാളമായിരുന്നു പുഞ്ചിരി.
കോടതികൾ ശിക്ഷ വിധിച്ചവരെ അടച്ചുപൂട്ടിയിടാനുള്ള തടങ്കൽപ്പാളയങ്ങൾക്കപ്പുറം, അവരെ മാന്യപൗരന്മാരായി സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന തിരുത്തൽ-പുനരധിവാസ കേന്ദ്രങ്ങളായി ജയിലുകളെ മാറ്റുകയെന്നത് ആധുനിക നിയമവ്യവസ്ഥയുടെയും ജയിൽവകുപ്പുകളുടെയും പ്രധാന ദൗത്യമാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജയിൽവകുപ്പിന്റെ പേര് ‘കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്’ എന്നാക്കുകയും അന്തേവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അന്തേവാസികളുടെ എണ്ണക്കൂടുതലും അടിസ്ഥാനസൗകര്യങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അപര്യാപ്തതയും മൂലം പദ്ധതികൾ പലതും താളംതെറ്റുകയാണ്. സംസ്ഥാനത്തെ പ്രധാന ജയിലുകളിലൊന്നായ വിയ്യൂരിൽ അഞ്ഞൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുള്ളിടത്ത് നിലവിൽ ആയിരത്തിലധികം തടവുകാരുണ്ട്. 727 പേർക്ക് ഇടമുള്ള പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർ 1500-ൽ കൂടുതലാണ്. 568 പേർക്ക് കഴിയാൻ സ്ഥലമുള്ള തവനൂർ സെൻട്രൽ ജയിലിൽ 736 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കണ്ണൂരിലൊഴികെ 13 ജില്ലാജയിലുകളിലും സമാനമാണ് അവസ്ഥ. ഉദ്യോഗസ്ഥരുടെ അവസ്ഥ അതിലേറെ ദയനീയമാണ്. 2013-ൽ വിവിധ സബ്ജയിലുകൾ സ്പെഷ്യൽ സബ്ജയിലുകളായും ജില്ലാജയിലുകളായും ഉയർത്തിയെങ്കിലും അതിനാനുപാതികമായി ജീവനക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. അവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിലും പോരായ്മകളുണ്ട്.
ജയിലുകളിൽ കഴിയുന്ന ഓരോ മനുഷ്യരും ആശങ്കപ്പെടുന്നത് സമൂഹം ഏതുനിലയിലാവും ഇനി തന്നെ വിലയിരുത്തുക എന്നതിനെക്കുറിച്ചാണ്. പ്രിയപ്പെട്ടവർക്കുപോലും തന്നെ വേണ്ടെന്ന തോന്നൽ ശക്തമാകുമ്പോഴാണ് പലരും ജീവിതംതന്നെ വേണ്ടെന്ന തീർപ്പിലെത്തുന്നത്. മറ്റു ചിലരാവട്ടെ, ജയിലിൽനിന്ന് മോചിതരായാലും കുറ്റവാളി എന്ന മുദ്രയിൽനിന്ന് മോചനമുണ്ടാകില്ലെന്ന ചിന്തയിൽ കൊടുംകുറ്റവാളികൾക്കൊപ്പം കൈകോർക്കുന്നു. ചെറുകുറ്റങ്ങൾക്ക് പിടിക്കപ്പെട്ടവർ ക്രിമിനലുകളായി മാറുന്നു. ശിക്ഷ അനുഭവിക്കേണ്ടിവന്ന മനുഷ്യർ ജയിലിൽ ജീവിതം അവസാനിപ്പിക്കുകയോ കൂടുതൽ അപകടകരമായ വഴികൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നുവെങ്കിൽ അതിൽ സമൂഹം വഹിക്കുന്ന പങ്കിനെക്കുറിച്ച് നാം ഓരോരുത്തരും ആത്മവിചാരം നടത്തേണ്ടതുണ്ട്. ഏതു വലിയ കുറ്റവാളിയും പിറന്നുവീണത് ശുദ്ധിപ്രകൃതിയോടെ തന്നെയാണ്. അതുകൊണ്ടുതന്നെ പരിവർത്തനങ്ങൾ സാധ്യതയുണ്ടെന്നതിൽ യാതൊരു സംശയവും വേണ്ടാ. മനുഷ്യനിൽ അന്തർലീനമായിക്കിടക്കുന്ന സ്നേഹം, കരുണ, ദയ, സഹാനുഭൂതി തുടങ്ങിയ വികാരങ്ങളെ പരിപോഷിപ്പിക്കാനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്.
ജയിലുകളിലെത്തുന്നവരിൽ പലരും കടുത്ത മാനസികസമ്മർദവും ലഹരി പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ഡ്രോവൽ സിൻഡ്രോം) പ്രകടിപ്പിക്കുന്നവരാണ് ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്ക് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് സേവനങ്ങൾ ലഭ്യമാണെങ്കിലും തീർത്തും അപര്യാപ്തമാണ്. ജയിൽവകുപ്പിന്റെയും ജീവനക്കാരുടെയും ആവശ്യങ്ങൾ സംബന്ധിച്ച് ജസ്റ്റിസ് ആനന്ദ് നാരായൺ മുള്ള കമ്മിഷൻ, ഡോ. അലക്സാണ്ടർ ജേക്കബ് കമ്മിഷൻ എന്നിവരുടെ റിപ്പോർട്ടുകളിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല. ഒരു തിരുത്തൽ കേന്ദ്രമെന്ന നിലയിൽ നിലവിലെ പരിമിതികൾക്ക് പരിഹാരം കാണുന്നതിനൊപ്പം, അന്തേവാസികളിൽ കാരുണ്യവും ദയയും സഹാനുഭൂതിയും ഉൾപ്പെടെയുള്ള മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകണം.
തവനൂർ സെൻട്രൽ ജയിൽ അന്തേവാസികൾക്കായുള്ള സൈക്കോ സോഷ്യൽ കോഗ്നിറ്റീവ് തെറാപ്പി പരിശീലനത്തിന്റെ ഭാഗമായി നാടകക്യാമ്പ്, ഫിലിം പ്രദർശനം, സംഗീതപരിപാടികൾ, കൗൺസലിങ്, കൃഷി തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഇല ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു പാലിയേറ്റീവ് പരിചരണത്തിലുള്ള മനുഷ്യരുമായി നടത്തിയ സംഗമം. ക്യാൻസർ ബാധിച്ച് ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയയായി കൊളോസ്റ്റമി ബാഗുമായി ജീവിക്കുന്ന അറുപതുകാരി ഖദീജത്ത അന്തേവാസികളോട് ചോദിച്ചു: ‘‘എന്തിനാണ് നിങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങളെ മറന്ന് ജീവിതം പാഴാക്കിക്കളയുന്നത്?’’ അവരുടെ സ്വാഭാവിക ശൈലിയിലുള്ള ചോദ്യങ്ങൾക്കും ജീവിതാനുഭവങ്ങളുടെ വികാരനിർഭരമായ വിവരണത്തിനും കാതോർത്ത തടവുകാരിൽ പലരും തലതാഴ്ത്തി കണ്ണീർവാർത്തു. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റ് വീൽചെയറിലായിട്ടും തളരാതെ ജീവിക്കുന്ന ശബരി ഗിരീഷും, പതിനെട്ടോളം വർഷം ക്യാൻസറിനോട് പോരാടി മുന്നേറുന്ന ഹംസത്തുവും പങ്കുവെച്ച ജീവിതകഥകൾ അന്തേവാസികളുടെ ഹൃദയത്തിൽ വലിയ നനവാണ് പടർത്തിയത്.
മാരകരോഗങ്ങളും ശാരീരികക്ലേശങ്ങളും നേരിടുമ്പോഴും പ്രതീക്ഷയോടെ ജീവിക്കുന്ന ഈ മനുഷ്യരുടെ വാക്കുകൾ കേട്ട് ജയിലറകൾ പൂർണമായും നിശ്ശബ്ദമായി. അത്തരം സന്ദർഭങ്ങൾ ആദ്യമായാണ് ജയിലിനകത്തുണ്ടാകുന്നതെന്നാണ് വെൽഫെയർ ഓഫീസർ വിപിൻ പ്രതികരിച്ചത്. ഈ അനുഭവങ്ങൾ പലരിലും മാറ്റത്തിന്റെ തുടക്കമായി. ജയിലിൽനിന്നിറങ്ങിയ ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിച്ചവരും, മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ഉപദേശം തേടിയവരും, തുടർജീവിതത്തിന്റെ നേർവഴി അന്വേഷിച്ചവരും കുറവല്ല. തെറ്റുകൾ തിരുത്തി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മനസ്സുകളെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ് പ്രധാനം.
അന്തേവാസികളുടെ മാറ്റത്തോടൊപ്പംതന്നെ പ്രധാനമാണ് ജയിൽ ഉദ്യോഗസ്ഥരുടെ ക്ഷേമവും. കടുത്ത മാനസികസമ്മർദം അനുഭവിക്കുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ കൗൺസിലിങ്ങും സന്തുലിതജീവിതത്തിനായുള്ള പരിശീലനങ്ങളും നൽകണം. നിലവിലെ പോരായ്മകൾ പരിഹരിച്ച് സമഗ്രമായ ഹ്രസ്വ-ദീർഘകാല പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ ജയിലുകൾ യഥാർഥ ‘കറക്ഷൻ ഹോമുകൾ’ ആയി മാറുകയുള്ളൂ. അത്തരമൊരു നവീകരണത്തിലൂടെ കുറ്റകൃത്യങ്ങളില്ലാത്ത നാളേക്ക് വഴിതുറക്കാൻ നമുക്ക് സാധിക്കട്ടെ.
(കുറ്റിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇല ഫൗണ്ടേഷൻ സ്ഥാപകനാണ് ലേഖകൻ)

