ഭാഷാ പഠനത്തിൽ എ.ഐ: ആശയും ആശങ്കയും
text_fieldsമനുഷ്യൻ ഉൽപത്തി മുതൽ വിവിധ പരിണാമ വികാസ ഘട്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്. തുഴവഞ്ചികളിൽ നിന്ന് കുതിച്ചുപായുന്ന യാനങ്ങളിലേക്ക്, കുടിലുകളിൽനിന്ന് അംബരചുംബികളായ കൊട്ടാരങ്ങളിലേക്ക് എന്നിങ്ങനെ സർവ മേഖലയിലും മാറ്റം കൈവരിച്ചിട്ടുണ്ട്. ഇവയെല്ലാം ജീവിതം കൂടുതൽ വേഗതയുള്ളതും ആസ്വാദ്യകരവുമാവുന്നതിന് സഹായകമായിട്ടുണ്ട്.
ഇതിനെല്ലാമിടയിലും ശ്രദ്ധേയമായ ഒരു സ്ഥായിഭാവം നിലനിൽക്കുന്നത് ഭാഷയുടെ ആശയവിനിമയ രീതിയിലാണ്. സന്ദേശവാഹകർ, കൈയെഴുത്ത് കത്തുകൾ എന്നിവയിൽനിന്ന് ഫോണിലേക്കും തൽക്ഷണ സന്ദേശങ്ങളിലേക്കും മാറിയപ്പോഴും ആശയവിനിമയത്തിന്റെ സാരാംശത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടില്ല. തെരുവുമധ്യത്തിൽ പെരുമ്പറ കൊട്ടിയുള്ള വിളംബരത്തിൽനിന്ന് സർക്കാർ വെബ്സൈറ്റിലെ ഡിജിറ്റൽ അറിയിപ്പായി മാറി എന്നുമാത്രം. ഉപകരണങ്ങൾ മാറിയെങ്കിലും ആശയവിനിമയത്തിനുള്ള പ്രേരണ മാറിയിട്ടില്ല.
നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അത്തരം സമവാക്യങ്ങളെ ഒന്നാകെ മാറ്റിമറിക്കുകയാണ്. അവ ഉപന്യാസങ്ങൾ രചിക്കുന്നു, സങ്കീർണ സമവാക്യങ്ങൾക്ക് പരിഹാരം കാണുന്നു, കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നു, സംഗീതം ചിട്ടപ്പെടുത്തുന്നു, ഗവേഷണത്തിനും വിവർത്തനത്തിനുമൊക്കെ സഹായിച്ച് വഴികാട്ടിയും സുഹൃത്തുമായി എപ്പോഴും കൂടെയുണ്ടാകുന്നു, സങ്കീർണമായ ശാസ്ത്ര സമസ്യകളെ പോലും ഒറ്റ ക്ലിക്കിലൂടെ ദൃശ്യവത്കരിക്കുന്നു.
ഭാഷയിൽ നിർമിത ബുദ്ധിയുടെ സംഭാവന വിശകലനം ചെയ്യേണ്ടതാണ്. വ്യാകരണം, പദാവലി, വിവിധ സാഹിത്യ രൂപങ്ങൾ എന്നിവ നിർമിത ബുദ്ധി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അവ ഉൾക്കൊള്ളുന്ന നർമം, വാത്സല്യം മുതലായ വികാരങ്ങൾ വിനിമയം ചെയ്യപ്പെടുന്നില്ല. പദാനുപദ വിവർത്തനത്തിലൂടെ ആശയം നൽകുന്നുവെങ്കിലും എ.ഐക്ക് അനുഭവങ്ങൾ നൽകാൻ സാധിക്കില്ല. വിവിധ നിലവാരത്തിലുള്ള മനുഷ്യരിലൂടെ ഭാഷ കൈമാറ്റം ചെയ്യപ്പെടുമ്പോൾ തെറ്റ്-ശരികളിലൂടെ, നേരനുഭവങ്ങളിലൂടെ അവ ആർജിക്കപ്പെടുന്നു. ഒരു ആപ്പിനോ ചാറ്റ് ബോട്ടിനോ ഈ ഒരു തലം സ്പർശിക്കാൻ കഴിയുന്നില്ല.
അറബി ഭാഷാ പഠനത്തെ എ.ഐ ഉപകരണങ്ങൾ തീർച്ചയായും സഹായിക്കും. ഉച്ചാരണം നല്ലതാക്കും, വ്യാകരണം വിശദീകരിക്കും, വ്യക്തിഗത പരിശീലനം നൽകും, പാഠാസൂത്രണം തയാറാക്കുന്നതിലും വിലയിരുത്തൽ ഉപകരണങ്ങൾ രൂപപ്പെടുത്തുന്നതിലും ഞൊടിയിടയിൽ ഫീഡ്ബാക്ക് ലഭ്യമാക്കുന്നതിലും ഒക്കെ സഹായിക്കുകയും ചെയ്യും. പക്ഷേ, ഭാഷയുമായ ഹൃദയബന്ധം ഉണ്ടാക്കാൻ ഈ ഉപകരണങ്ങൾക്ക് കഴിയുമോ?
അറബി ഭാഷ നിരന്തരം പരിണാമ വികാസങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഭാഷാഭേദങ്ങൾ, ശൈലികൾ, ആതിഥ്യ മര്യാദയുടെ പദങ്ങൾ എന്നിവയെല്ലാം നവീകരിക്കപ്പെടുന്നു. ഒരു യന്ത്രത്തിന് ഈ മാറ്റങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞേക്കും. പക്ഷേ ആശയവിനിമയത്തിന്റെ ജീവസ്സുറ്റ താളങ്ങൾ രേഖപ്പെടുത്താൻ കഴിയില്ല. ഭാഷയിൽ ശരിയായ വൈദഗ്ധ്യം നേടാൻ കേൾവിയും പ്രതികരണവും പൊരുത്തപ്പെടലുമെല്ലാം വഴി ആ താളത്തിന്റെ ഭാഗമാകണം.
ഒരു അന്യഭാഷയായിട്ടാണ് അറബി ഭാഷ കേരളത്തിൽ പഠിപ്പിക്കപ്പെടുന്നത്. രണ്ടാം ഭാഷാ പഠനം ഒരു യാന്ത്രിക പ്രവർത്തനമാണ്. യാന്ത്രിക പ്രക്രിയയെ സ്വാഭാവികത സൃഷ്ടിച്ചെടുത്ത് നിർവഹിക്കേണ്ടിടത്ത് യന്ത്രസാമഗ്രികൾ ഉപയോഗിച്ച് വീണ്ടും യാന്ത്രികമാക്കപ്പെടുമ്പോൾ സൃഷ്ടിക്കപ്പെടാൻ പോകുന്ന അസ്വാഭാവികത ആശങ്കപ്പെടുത്തേണ്ടതാണ്. എങ്കിലും, എ.ഐ നൽകുന്ന ഗുണഫലങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. എ.ഐ ഉപകരണങ്ങൾക്ക് പാലങ്ങൾ പണിയാം, നഗരങ്ങൾ രൂപകൽപന ചെയ്യാം, വിവരങ്ങൾ വിശകലനം ചെയ്യാം. പക്ഷേ, മനുഷ്യർക്കിടയിൽ പാലങ്ങൾ പണിയുമ്പോൾ അവയെ സഹായികളാക്കാം, പകരക്കാരാക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

