എഴുത്തും വായനയും പഠിക്കാത്ത സ്കൂളിങ് കൊണ്ട് എന്തുകാര്യം?
text_fieldsഅടുത്ത അധ്യയന വർഷത്തിലേക്ക് കുഞ്ഞുങ്ങളെ അയക്കാനൊരുങ്ങുന്ന ഈ വേള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം കാര്യക്ഷമമാണ് എന്ന് ആലോചിക്കാൻ കൂടി വിനിയോഗിക്കേണ്ട സമയമാണ്. വിദ്യാഭ്യാസം ഒരു കുട്ടിയുടെ ഭാവി മാത്രമല്ല, സമൂഹത്തിന്റെ തന്നെ ഭാവിയാണ് രൂപപ്പെടുത്തുന്നത്. ശക്തമായ സ്കൂൾ സംവിധാനത്തിൽ നിന്നാണ് അറിവും പ്രാപ്തിയുമുള്ള, വെല്ലുവിളികളെ നേരിടാൻ സജ്ജരായ നാളെയുടെ പൗരർ വളർന്നുവരുന്നത്. ആ കുഞ്ഞുങ്ങൾ നാളത്തെ ശാസ്ത്രജ്ഞരും ഡോക്ടർമാരും കലാകായിക താരങ്ങളും എൻജിനീയർമാരും നാടിൻ നായകരുമൊക്കെയാവുന്നു.
അനുദിനം പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ ജീവിതം മുമ്പത്തേക്കാളുമേറെ ശാസ്ത്ര- സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവസാങ്കേതിക വിദ്യകളും പുതുതലമുറ ജോലികളും കാര്യങ്ങൾ ചെയ്യാനുള്ള പുതിയ വഴികളും തുറന്നുവരുന്നു. അത്തരമൊരു കാലത്ത്, അടിസ്ഥാന അറിവ് മാത്രം മതിയാവില്ല. കുട്ടികൾ സ്വയം ചിന്തിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ജീവിതകാലം മുഴുവൻ പുതിയ അറിവുകൾ സ്വായത്തമാക്കാനും പഠിക്കേണ്ടതുണ്ട്.
കമ്പ്യൂട്ടിങ്, മെഡിക്കൽ, ബിസിനസ്, കൃഷി തുടങ്ങി ഭാവിയിൽ ഏതൊരു തൊഴിൽ മേഖലയിലും വ്യക്തതയോടെ ചിന്തിക്കാനും വിശകലനം ചെയ്യാനും ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാനും കഴിവുള്ളവരെ ആവശ്യമായി വരും. കാണാപ്പാഠം പഠിക്കുന്നതിലുപരി ഡിജിറ്റൽ സാക്ഷരത, യുക്തിസഹമായ ചിന്ത, സർഗാത്മകത എന്നിവക്കാണ് ഭാവിയിൽ പ്രാധാന്യമുണ്ടാവുക. സോഫ്റ്റ് വെയർ, ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ ഇന്നത്തെ സാങ്കേതികവിദ്യകൾ യുക്തിയും ഗണിതവും ഉപയോഗിച്ച് ഉറച്ച ചിന്തയുടെ കഴിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിവേഗം വളരുന്ന ഈ മേഖലകളിൽ കേവലം എഴുത്തും വായനയും അറിഞ്ഞാൽ പോരാ, കമ്പ്യൂട്ടറിനെപ്പോലെ ചിന്തിക്കാനും പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പോംവഴി കണ്ടെത്താനുംകൂടി കഴിയണം.
ചെറിയ ക്ലാസുകളിൽത്തന്നെ വായന, എഴുത്ത്, കണക്ക് എന്നിവയിൽ ശക്തമായ അടിത്തറ നേടുന്നില്ലെങ്കിൽ പിന്നീട് അത് പഠിച്ചെടുക്കാൻ കുട്ടികൾക്ക് വല്ലാത്ത ബുദ്ധിമുട്ടായിവരും. തൊഴിൽ മേഖലയിൽ മാത്രമല്ല, ശക്തമായ സ്കൂൾ സംവിധാനമുള്ള രാജ്യങ്ങൾ നവീകരണത്തിലും മുന്നിലാണ്. അവർ കൂടുതൽ കൂടുതൽ ആശയങ്ങൾ മുന്നോട്ടുവെക്കുന്നു, കൂടുതൽ വാണിജ്യ സാധ്യതകൾ തുറന്നിടുന്നു, ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് ബുദ്ധിപരമായ പരിഹാരങ്ങൾ നിർദേശിക്കുന്നു. അതേസമയം, ദുർബലമായ വിദ്യാഭ്യാസ സമ്പ്രദായമുള്ള രാജ്യങ്ങൾ പലപ്പോഴും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും പുരോഗതിയിലും പിന്നിലാണ്.
കഴിഞ്ഞ 20 വർഷത്തിനിടെ, നമ്മുടെ രാജ്യത്തെ കൊച്ചുഗ്രാമങ്ങളിൽ നിന്നുൾപ്പെടെ നിരവധി യുവജനങ്ങൾ എൻജിനീയറിങ്ങുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലേക്ക് ഉയർന്നുവന്നിട്ടുണ്ട്. ഇത് ഏറെ ഗുണപരമായ ഒരു മാറ്റമാണ്. എന്നാൽ, സൂക്ഷ്മ നോട്ടത്തിൽ കാര്യങ്ങൾ നാം കരുതുന്നത്ര ഗുണകരമല്ല, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ അടിസ്ഥാന പഠന നിലവാരം വിലയിരുത്തുന്ന, രാജ്യവ്യാപകമായി നടക്കുന്ന സർവേയെ അടിസ്ഥാനപ്പെടുത്തിയ ASER പോലുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത് ഇന്നും ഗ്രാമങ്ങളിലെ ഒട്ടനവധി കുട്ടികൾ വായനയിലും അടിസ്ഥാന ഗണിതത്തിലും ബുദ്ധിമുട്ടുന്നുവെന്നാണ്.
കേരളത്തിലെ ASER പഠനം നൽകുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്മിശ്ര ചിത്രമാണ്. ആറിനും 14 നുമിടയിൽ പ്രായമുള്ള മിക്കവാറും എല്ലാ കുട്ടികളും സ്കൂളിൽ ചേർന്നിട്ടുണ്ടെന്നത് അഭിമാനകരമായ മികച്ച നേട്ടമാണ്. പല ജില്ലകളിലും സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം 0.1 ശതമാനത്തിൽ താഴെയാണ്. അതായത് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ മിക്കവാറും എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നുണ്ട്. ഈ കുട്ടികൾ ശരിക്കും പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ നിർഭാഗ്യവശാൽ, ഇല്ല അഥവാ പര്യാപ്തമല്ല എന്നാണ് ഉത്തരം. എട്ടാം ക്ലാസിലെ കുട്ടികളിൽ പലർക്കും ചെറിയൊരു വാചകം കൂട്ടിവായിക്കാനോ ലളിതമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനോ പോലും അറിയില്ല. കുട്ടികൾ രണ്ടോ മൂന്നോ വർഷം മുമ്പ് നേടിയിരിക്കേണ്ട ശേഷികളാണിവ.
ഏറ്റവും നടുക്കുന്ന ഫലങ്ങൾ കണ്ടത് സർക്കാർ സ്കൂളുകളിൽ പ്രവേശനം വളരെ കൂടുതലുള്ള ചില ജില്ലകളിലാണ്. 56.9 ശതമാനം കുട്ടികൾ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വയനാട്ടിൽ ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ 19.8 ശതമാനം പേർക്ക് മാത്രമേ ലളിതമായ ഒരു ഹരണ പ്രശ്നം പരിഹരിക്കാനറിയൂ. 67.1 ശതമാനം കുട്ടികൾ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കാസർകോട്ട് 23.1ശതമാനം പേർക്കും 60.3 ശതമാനം പേർ പഠിക്കുന്ന മലപ്പുറത്ത് 21.7 ശതമാനം പേർക്കും മാത്രമേ ഹരണമറിയൂ.
ഭൂരിഭാഗം കുട്ടികൾ സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്ന ജില്ലകളും ഇവയാണ്. അതേ സമയം, തിരുവനന്തപുരം, കണ്ണൂർ പോലുള്ള ജില്ലകളിലെ നിലവാരം വളരെ മികച്ചതാണ്. കണ്ണൂരിൽ, മുതിർന്ന ക്ലാസുകളിൽ പഠിക്കുന്ന 87 ശതമാനം പേർക്കും അവരുടെ പാഠപുസ്തകങ്ങൾ വായിക്കാൻ കഴിയും. തിരുവനന്തപുരത്ത്, പകുതിയിലധികം പേർക്കും ഹരണ പ്രശ്നങ്ങൾ പരിഹരിക്കാനറിയും. പഠന ഫലങ്ങളിലെ അന്തരം പ്രകടമാക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിലെ വ്യക്തമായ അസമത്വമാണ്. കേരളത്തിന്റെ ചില ഭാഗങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു, മറ്റുള്ളവർ പിന്നാക്കം പോകുന്നു. നിർഭാഗ്യവശാൽ, പിന്നോട്ടുപോകുന്ന കുട്ടികൾ പലപ്പോഴും ദരിദ്ര-പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ളവരാണ്.
കുട്ടികൾ ഏറെയും സ്കൂളിൽ ചേർന്നുവെന്ന് കേൾക്കുമ്പോൾ കാര്യങ്ങളെല്ലാം ശുഭകരമാണെന്ന് തോന്നിപ്പോകും. എന്നാൽ, അവശ്യം നേടിയിരിക്കേണ്ട അടിസ്ഥാന പഠനം പോലുമില്ലാതെ അവരെ വിജയിപ്പിക്കുക വഴി ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ മറച്ചുപിടിക്കപ്പെടുകയാണ്. ദരിദ്ര പിന്നാക്ക ചുറ്റുപാടുകളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
കാലക്രമേണ, ഇത് ആഴത്തിലുള്ള സാമൂഹിക വിഭജനത്തിലേക്കാണ് കൊണ്ടെത്തിക്കുക. മെച്ചപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ ഒന്നാം സ്ഥാനക്കാരാകുമ്പോൾ, മറ്റുള്ളവർക്ക് അവസരം ഇല്ലാതാകുന്നു. പ്രൈമറി സ്കൂളിൽ പിന്നാക്കംപോയ പല കുട്ടികളും ഉയർന്ന ക്ലാസുകളിൽ ഒന്നും പഠിക്കാനാവാതെ വരുമ്പോൾ സ്കൂളുകൾ തന്നെ ഉപേക്ഷിക്കുന്നു. നിരാശയും നിസ്സഹായതയും നാണക്കേടും വന്നുമൂടുന്നതോടെ കാലക്രമേണ, പഠനത്തിൽ താൽപര്യം നഷ്ടപ്പെട്ട് നിശ്ശബ്ദമായി അവർ പിൻവാങ്ങുന്നു.
കുട്ടികളുടെ മടിയോ കഴിവുകേടോ അല്ല ഇതിനു കാരണം, മറിച്ച് ശരിയാം വിധത്തിലെ അധ്യാപനത്തിന്റെ പരാജയമാണെന്നാണ് എന്റെ പക്ഷം. പല അധ്യാപകരും അമിതഭാരം അനുഭവിക്കുന്നു, ശരിയായ പരിശീലനത്തിന്റെ അഭാവം അവർക്കുണ്ട്, അല്ലെങ്കിൽ കുട്ടിക്ക് അടിസ്ഥാനകാര്യങ്ങൾ മനസ്സിലായോ എന്ന് പരിഗണിക്കാതെ കൂടുതൽ പുതിയ വിഷയങ്ങൾ പഠിപ്പിക്കാൻ നിർബന്ധിതരാകുന്നു. ASER റിപ്പോർട്ടുകളിൽ പത്തുവർഷമായി ഇതേ പ്രവണത തുടരുകയാണെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നത് ഞെട്ടിപ്പിക്കുന്നു. കേരളത്തിൽ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമുദായ കൂട്ടായ്മകളും സജീവവും ശക്തവുമാണെങ്കിലും ഈ പ്രധാന പ്രശ്നത്തിൽ ക്രിയാത്മകമായി ഇടപെട്ട് പരിഹാരം കണ്ടെത്താൻ അവർക്കാർക്കും സാധിച്ചിട്ടില്ല.
പഞ്ചായത്തുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂളുകളെ നിരീക്ഷിക്കുകയും, സായാഹ്നപഠന ഗ്രൂപ്പുകളെ പിന്തുണക്കുകയും വേണം. ഹാജർ നിലയിൽ മാത്രമല്ല, യഥാർഥ പഠനത്തിൽ പുരോഗതിയുണ്ടാക്കുന്ന സ്കൂളുകളെ പുരസ്കരിക്കുകയും വേണം. ദശകങ്ങൾ മുമ്പ് സാക്ഷരതാ നിലവാരം വർധിപ്പിക്കുന്നതിന് നാം നടത്തിയതുപോലുള്ള പ്രയത്നം സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്തുന്നതിനും ആവശ്യമാണ്.
വിദ്യാസമ്പന്നരായ യുവജനങ്ങളും സന്നദ്ധ സംഘടനകളും ഇതിന് മുന്നിട്ടിറങ്ങണം. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്ക് പിന്തുണയേകാൻ പ്രാദേശിക പഠന ഗ്രൂപ്പുകളും വാരാന്ത്യ ക്ലാസുകളും ഒരുക്കണം. മനസ്സുവെച്ചാൽ എളുപ്പം സാധിക്കുന്ന ഉദ്യമമാണിത്. ഇത് കേവലമൊരു വിദ്യാഭ്യാസ പ്രശ്നമല്ല, ഭാവിയെ ബാധിക്കാനിരിക്കുന്ന കടുത്ത പ്രതിസന്ധിയാണ്. വിദ്യാലയത്തിൽ പോകുന്ന, വിദ്യാഭ്യാസം ലഭിക്കാത്ത ഒരു തലമുറയെയാണ് നമ്മൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടപടിയെടുക്കുകയാണെങ്കിൽ, നമുക്കത് പരിഹരിക്കാൻ സാധിക്കും. ഇനിയും കാത്തിരുന്നാൽ, ഒരു തലമുറ മുഴുവൻ അതിന് വില നൽകേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.