ബംഗ്ലാദേശ്: ജനാധിപത്യത്തിന് ശുഭാരംഭം
text_fieldsഅനുയായികളെ അഭിവാദ്യം ചെയ്യുന്ന ബംഗ്ലാ നാഷനൽ പാർട്ടി അധ്യക്ഷൻ താരീഖുർറഹ്മാൻ
ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന് അത്യന്താപേക്ഷിതമായ ഏറ്റവും കുറഞ്ഞ നിബന്ധന സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ്. വോട്ടവകാശം എന്നത് കേവലം ഒരു ഭരണഘടനാ വ്യവസ്ഥയല്ല, അത് പൗരജനങ്ങളുടെ അന്തസ്സിന്റെ കാതലാണ്. 2008നുശേഷം ബംഗ്ലാദേശ് ശരിയായ ഒരധികാര കൈമാറ്റത്തിന് സാക്ഷ്യംവഹിച്ചിട്ടില്ല. അത് രാജ്യത്തെ ഏകപാർട്ടി ആധിപത്യത്തിലും ഭരണസംവിധാനത്തിന്റെ ക്രമാനുഗതമായ സ്വേച്ഛാധിപത്യവത്കരണത്തിലും കൊണ്ടെത്തിച്ചു.
ജനവിധിയിലൂടെ സർക്കാറുകളെ മാറ്റാനുള്ള വഴി അടയുമ്പോൾ രാഷ്ട്രീയ വ്യവസ്ഥയിലെ ഉത്തരവാദിത്തം ദുർബലമാകുമെന്നും ഭരണകൂടം പൗരരുടെമേൽ അമിത ആധിപത്യം സ്ഥാപിക്കുമെന്നും ചരിത്രം പഠിപ്പിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ ബംഗ്ലാദേശി ജനത ജനാധിപത്യ പരിവർത്തനങ്ങൾക്ക് വിധേയരായിട്ടുണ്ടെങ്കിലും അതിന്റെ ഘടകങ്ങളെ സംയോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തദ്ഫലമായി ജനാധിപത്യ പ്രതിസന്ധികൾ ആവർത്തിക്കപ്പെട്ടു. ’24ലെ ജനകീയ പ്രക്ഷോഭം രാജ്യത്തിന് വീണ്ടും ഒരവസരം നൽകിയിരിക്കുകയാണ്. ആകയാൽ, ബംഗ്ലാദേശിൽ ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ് വെറുമൊരു അധികാര കൈമാറ്റ പ്രക്രിയ മാത്രമല്ല; ജനാധിപത്യത്തിന്റെ അടിത്തറ പുനർനിർമിക്കുന്നതിനുള്ള ഒരു പരീക്ഷണം കൂടിയാണ്.
തെരഞ്ഞെടുപ്പ് ദിവസം ചില ഒറ്റപ്പെട്ട ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഒരു തെരഞ്ഞെടുപ്പ് പോലും പൂർണമായും സുതാര്യവും കുറ്റമറ്റതുമായിരുന്നുവെന്ന് അവകാശപ്പെടാനാവില്ല. ഇതുവരെയുള്ള സൂചനകൾപ്രകാരം വലിയതോതിലുള്ള അട്ടിമറികൾ നടന്നതായി കാണുന്നില്ല എന്നതുതന്നെ ഒരു ശുഭസൂചനയാണ്.
എക്സിക്യൂട്ടിവ് ഉത്തരവിലൂടെ അവാമി ലീഗിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിനാൽ അവർക്ക് ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരു പ്രധാന പാർട്ടിയുടെ അഭാവം വോട്ടിങ് ശതമാനത്തെ സ്വാഭാവികമായും ബാധിക്കും. എങ്കിലും, പ്രാഥമിക കണക്കുകൾ പ്രകാരം 60 ശതമാനത്തിനടുത്ത് വോട്ടിങ് രേഖപ്പെടുത്തിയത് നിരാശാജനകമല്ല. കൂടുതൽ പങ്കാളിത്തം ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുമായിരുന്നു. എങ്കിലും ഇതൊരു നല്ല തുടക്കമായി കാണാം. അക്രമങ്ങളില്ലാതെ തെരഞ്ഞെടുപ്പ് അവസാനിച്ചു എന്നത് മുമ്പെങ്ങുമില്ലാത്തൊരു കാര്യമാണ്.
ഫലം എന്തുതന്നെയായാലും ജനാധിപത്യത്തിന് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം അത്യാവശ്യമാണ്. ‘വിജയി എല്ലാം നേടുന്നു’ എന്ന രാഷ്ട്രീയ സംസ്കാരമാണ് കാലങ്ങളായി ഇവിടെ നിലനിന്നിരുന്നത്. പുതിയ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ഭരണഘടനാപരമായ അംഗീകാരവും ഫലപ്രദമായ പങ്കും നൽകണം. ജനാധിപത്യത്തിലേക്കുള്ള മാറ്റം ഒരു കൂട്ടായ പ്രക്രിയയാണെന്ന് പ്രതിപക്ഷവും മനസ്സിലാക്കണം.
പുതിയ സർക്കാറിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. ജനഹിതത്തെ മാനിക്കുന്നതിൽ പരാജയപ്പെടുന്നത് സർക്കാറിലുള്ള വിശ്വാസം തകർക്കുമെന്നതുതന്നെ പ്രധാനം. കഴിഞ്ഞ 15 വർഷത്തെ രാഷ്ട്രീയവത്കരണത്തിൽനിന്ന് ഉദ്യോഗസ്ഥ സംവിധാനത്തെ മോചിപ്പിച്ചാൽ മാത്രമേ നിഷ്പക്ഷതയും പ്രഫഷനലിസവും തിരികെ കൊണ്ടുവരാൻ സാധിക്കൂ. വിമർശനങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനും ഇടംനൽകണം. സ്വതന്ത്രമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി മാറ്റണം. ആൾക്കൂട്ട അക്രമങ്ങളും ക്രമക്കേടുകളും ഇല്ലാതാക്കി പൗരാവകാശങ്ങൾ സംരക്ഷിക്കണം. പണപ്പെരുപ്പം നിയന്ത്രിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക മേഖലയിലെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നിവ അടിയന്തര മുൻഗണനകളായിരിക്കണം.
ഫെബ്രുവരി 12ലെ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ സാധ്യതയുടെ നിമിഷമാണ്. ഈ അവസരത്തെ രാഷ്ട്രനിർമാണത്തിനുള്ള കൂട്ടായ പ്രക്രിയയാക്കി മാറ്റാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞാൽ രാജ്യത്തിന് ജനാധിപത്യത്തിലേക്ക് ഉറച്ച ചുവടുകൾ വെക്കാം. അല്ലെങ്കിൽ, ഇതൊരു അപൂർണ അധ്യായമായി ചരിത്രത്തിൽ അവശേഷിക്കും. ജനാധിപത്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് പ്രയാസകരമാണ്. പക്ഷേ, അത് നിലനിർത്തുന്നത് അതിലും പ്രയാസകരമാണ്. ആ കഠിനമായ ദൗത്യമാണ് ഇപ്പോൾ ബംഗ്ലാദേശിന് മുന്നിലുള്ളത്.
(ധാക്ക സർവകലാശാല ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗം പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

