രാജ്യം ‘ബിലോങ്ങിങ്’ വായിക്കുമ്പോൾ
text_fieldsസോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ പൊതുസ്വീകാര്യതയെ ഒരു പുസ്തകത്തിന്റെ വിജയത്തിനപ്പുറം, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയശക്തികൾ പതിറ്റാണ്ടുകളായി ആസൂത്രിതമായി നടത്തിവന്ന ഏറ്റവും ദീർഘവും ക്രൂരവുമായ വ്യക്തിഹത്യാ പദ്ധതികളിലൊന്നിന്റെ അതിഗംഭീരമായ പരാജയമായിക്കൂടിയാണ് കാണേണ്ടത്. രാജ്യത്ത് പതിറ്റാണ്ടുകളായി സംഘ്പരിവാർ വലിയ രാഷ്ട്രീയ നിക്ഷേപം നടത്തിയത് സോണിയ ഗാന്ധിയുടെ ഒരു വ്യാജരൂപം നിർമിച്ചെടുക്കാനായിരുന്നു.
ഇന്ത്യയെ കൈയടക്കാൻ ഗൂഢാലോചന നടത്തുന്ന വിദേശി, ഇന്ത്യക്കാരെ മതപരിവർത്തനം ചെയ്യാൻ നിയോഗിക്കപ്പെട്ട ക്രിസ്ത്യൻ ഏജന്റ് എന്നിങ്ങനെയുള്ള ആരോപണങ്ങൾ പോലും ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടു. സംഘടിത ഗൂഢാലോചനകളാലും ആസൂത്രിത പ്രചാരണങ്ങളാലും അപമാനിച്ചും അവഹേളിച്ചും രാഷ്ട്രീയമായി തകർത്തും എന്നെന്നേക്കുമായി നിശ്ശബ്ദയാക്കാൻ ശ്രമിച്ച ഒരു സ്ത്രീ, മറ്റുള്ളവർ മെനഞ്ഞെടുത്ത ചരിത്രത്തിനപ്പുറം സ്വന്തം ജീവിതത്തിന്റെ സത്യങ്ങൾ സ്വയം പറയാൻ മുന്നോട്ടുവന്നിരിക്കുന്നു. ഈ പൊതുസ്വീകരണം എന്നെ സന്തോഷിപ്പിക്കുന്നത് സോണിയ ഗാന്ധിയോടുള്ള വ്യക്തിപരമായ അനുഭാവംകൊണ്ടു മാത്രമല്ല. അതിനപ്പുറമുള്ള ഒരു ഇന്ത്യയുടെ സാന്നിധ്യം അതിൽ ഞാൻ തിരിച്ചറിയുന്നു. വിദ്വേഷത്തിന്റെ ശബ്ദങ്ങൾക്കപ്പുറം വായിക്കാനും ചിന്തിക്കാനും സ്വന്തം അഭിപ്രായം രൂപപ്പെടുത്താനും ആഗ്രഹിക്കുന്ന മനുഷ്യർ ഇന്നും ഈ രാജ്യത്തുണ്ടെന്ന തിരിച്ചറിവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
പ്രണയത്തിലൂടെയാണ് സോണിയ ഇന്ത്യയെ അറിഞ്ഞത്. എന്നാൽ തുടർച്ചയായ ബോധ്യത്തിലൂടെയും ആത്മസാക്ഷാത്കാരത്തിലൂടെയും ഈ രാജ്യത്തിന്റെ അസാധാരണമായ സാംസ്കാരിക വൈവിധ്യത്തെ അവർ അനുഭവിച്ചറിഞ്ഞു. സഹവാസത്തിലൂടെയും പാരസ്പര്യത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും സാംസ്കാരിക വിനിമയങ്ങളിലൂടെയും ഒരാൾ ഇന്ത്യൻ പൗരയായി മാറുന്നതിൽ എന്താണ് കുറ്റം? ജന്മസ്ഥലവും വംശപരമ്പരയും മതവും മാത്രമാണോ ഒരാളുടെ ദേശീയത നിർണയിക്കേണ്ടത്? സോണിയ ഗാന്ധിയുടെ ജീവിതം ഈ ചോദ്യങ്ങൾ അസാധാരണമായ വ്യക്തതയോടെ ഉയർത്തുന്നു.
പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ സോണിയ ഗാന്ധി തുറന്നുപറയുന്ന വ്യക്തിപരമായ അനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിനുള്ളിൽ ജീവിച്ച ഒരാളുടെ ജീവിതം അധികാരത്തിന്റെ കഥ മാത്രമല്ല, സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും ഏകാന്തതയുടെയും കഥ കൂടിയാണ്.
ഇന്ദിര ഗാന്ധിയുടെ വധവും രാജീവ് ഗാന്ധിയുടെ കൊലപാതകവും അവരുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച സംഭവങ്ങളാണ്. 1984 ഒക്ടോബർ 31ന് വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇന്ദിര ഗാന്ധിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അനുഭവിച്ച വേദനയും ഏഴു വർഷങ്ങൾക്കുശേഷം രാജീവ് ഗാന്ധിയുടെ വധവാർത്ത കേൾക്കുമ്പോൾ തകർന്നുപോയ ജീവിതവും പുസ്തകത്തിൽ ഹൃദയഭേദകമായി അവതരിപ്പിക്കപ്പെടുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം ഇന്ത്യ വിടാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടപ്പോഴും അവർ അതിന് തയാറായില്ല. ‘‘ഇന്ത്യ എന്റെ വീടാണ്, എന്റെ മക്കളുടെ വീടാണ്’’ എന്ന അവരുടെ നിലപാട് ദേശീയതയെയും സ്വന്തമായിരിക്കലിനെയും കുറിച്ചുള്ള ഏറ്റവും ശക്തമായ വ്യക്തിപരമായ പ്രഖ്യാപനമായി മാറുന്നു.
രാജീവിന്റെ മരണശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള സമ്മർദങ്ങളെ വർഷങ്ങളോളം അവർ ചെറുത്തുനിന്നു. രാഷ്ട്രീയത്തോട് സ്വാഭാവികമായ അകൽച്ചയും പൊതുജീവിതത്തോടുള്ള മടിയും ഉണ്ടായിരുന്നിട്ടും, കോൺഗ്രസ് പാർട്ടി തകർച്ചയുടെ വക്കിലെത്തിയപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ തയാറായി. 1998ൽ പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധി, രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ഭാഷാപരമായ പരിമിതികളും അപരിചിതത്വവും ആത്മവിശ്വാസക്കുറവും നേരിട്ടു. എന്നാൽ ക്രമേണ അവർ പാർട്ടിയെ പുനഃസംഘടിപ്പിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധങ്ങൾ സ്ഥാപിക്കുകയും സഖ്യരാഷ്ട്രീയത്തിന്റെ സങ്കീർണതകളെ കൈകാര്യം ചെയ്യുകയും ചെയ്തു. 2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയവും തുടർന്ന് പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനവും അവരുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക അധ്യായങ്ങളാണ്. അധികാരം നേടുന്നതിനേക്കാൾ അധികാരത്തിന്റെ ഉത്തരവാദിത്തവും അതിന്റെ പരിധികളും തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ നിലപാടിന്റെ ഉദാഹരണമായി ആ തീരുമാനം ഇന്നും ഓർമിക്കപ്പെടുന്നു.
ഈ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നരേന്ദ്ര മോദി, രാഷ്ട്രീയ സ്വയംസേവക സംഘം, വർഗീയ സംഘർഷങ്ങൾ, ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളിൽ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളും വലിയ ചർച്ചകൾക്ക് വഴിവെച്ചു. സോണിയ ഗാന്ധി അത്തരം മാറ്റങ്ങൾ അംഗീകരിക്കാൻ തയാറായില്ലെന്നും തുടർന്ന് ഹാർപ്പർകോളിൻസ് ഇന്ത്യ പുസ്തകം പ്രസിദ്ധീകരിക്കാൻ മുന്നോട്ടുവന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രസാധകർ ഈ സംഭവവികാസങ്ങളെക്കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, ഒരു രാഷ്ട്രീയ നേതാവിന്റെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനത്തിൽ ആരാണ് അന്തിമവാക്ക് പറയേണ്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഈ സംഭവവികാസങ്ങൾ ഇന്ത്യയിലെ ബൗദ്ധിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ചരിത്രകാരന്മാരും എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരന്മാരും സ്വതന്ത്രചിന്തകരും നിരന്തരം സംശയത്തിന്റെയും അപമാനത്തിന്റെയും ലക്ഷ്യങ്ങളായി മാറുന്ന ഒരു രാഷ്ട്രീയ സംസ്കാരം വളർന്നുവരുന്നത് ആശങ്കാജനകമാണ്. വിയോജിപ്പിനെ രാജ്യദ്രോഹമായും ചോദ്യങ്ങളെ കുറ്റമായും സ്വതന്ത്രചിന്തയെ ശത്രുതയായും ചിത്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്ര അന്തരീക്ഷം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെത്തന്നെ ദുർബലപ്പെടുത്തുന്നു. വിദ്വേഷത്തെ ദേശസ്നേഹമായി അവതരിപ്പിക്കുകയും അപമാനത്തെ രാഷ്ട്രീയ വിജയമായി ആഘോഷിക്കുകയും ചെയ്യുന്ന ഈ പ്രവണത ഇന്ത്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ പാരമ്പര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
പുസ്തകത്തിന് ലഭിക്കുന്ന പൊതുസ്വീകാര്യതയും നിരൂപണങ്ങളും അതിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും കുടുംബബന്ധങ്ങളിലെ വൈകാരികതയും ആത്മപരിശോധനയും നിരൂപകർ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയ ജീവിതത്തിന്റെ ചില ഭാഗങ്ങൾ കൂടുതൽ വിശദമായി അവതരിപ്പിക്കാമായിരുന്നുവെന്നും കുടുംബത്തിന്റെ രാഷ്ട്രീയ പിഴവുകളെയും വിവാദങ്ങളെയും കുറിച്ചുള്ള വിലയിരുത്തലുകളിൽ പരിമിതികളുണ്ടെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു ആത്മകഥയെ വിമർശനാത്മകമായി വായിക്കുന്നതിൽ തെറ്റില്ല. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഒരു മനുഷ്യന്റെ ആഖ്യാനം സമ്പൂർണമായ ചരിത്രത്തിന്റെ പകരമാവണമെന്നില്ല. എന്നാൽ മറ്റുള്ളവർ നിർമിച്ച അപവാദങ്ങളുടെ ചരിത്രത്തെ ചോദ്യം ചെയ്യാനും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ജീവിതത്തെ അവതരിപ്പിക്കാനും അതിന് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.
സോണിയ ഗാന്ധിയുടെ ജീവിതം ഇന്ന് കൂടുതൽ പ്രസക്തമാകുന്നത് ഇന്ത്യയുടെ മതേതരത്വവും ബഹുസ്വര ജനാധിപത്യവും കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ്. ഇന്ത്യ ഒരു മതത്തിന്റെയോ ഒരു സാംസ്കാരിക സ്വത്വത്തിന്റെയോ ഒരു പ്രത്യയശാസ്ത്ര പാരമ്പര്യത്തിന്റെയോ മാത്രം സ്വന്തമല്ല എന്ന നിലപാടിന്റെ രാഷ്ട്രീയ പ്രതിനിധാനമാണ് അവരുടെ പൊതുജീവിതം. മതപരമായോ വംശപരമായോ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലോ സ്വന്തം ദേശീയത തെളിയിക്കേണ്ടിവരാത്ത ഒരു രാജ്യത്തെക്കുറിച്ചുള്ള അവരുടെ നിലപാട് ഇന്നും പ്രസക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല, ഈ രാജ്യത്തിന്റെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കാനുള്ള പൊതുവായ ഉത്തരവാദിത്തമാണ്.
സോണിയ ഗാന്ധിയുടെ ആത്മകഥയെ ഞാൻ ആഘോഷിക്കുന്നത് അവർ ഒരു രാഷ്ട്രീയ നേതാവായതുകൊണ്ടോ അവരുടെ എല്ലാ രാഷ്ട്രീയ നിലപാടുകളോടും എനിക്ക് യോജിപ്പുള്ളതുകൊണ്ടോ അല്ല. വെറുപ്പിന്റെ രാഷ്ട്രീയ യന്ത്രങ്ങൾക്കുമുന്നിൽ സ്വന്തം സ്വത്വം അടിയറവെക്കാൻ വിസമ്മതിക്കുന്നതിന്റെ പേരിലാണ്. മനുഷ്യത്വം ബോധപൂർവം എടുത്തുകളഞ്ഞ ഒരു രാഷ്ട്രീയ ജീവിതത്തിലേക്ക് മനുഷ്യനെ തിരിച്ചുകൊണ്ടുവരുന്നതിന്റെ പേരിലാണ്. ഒരു സ്ത്രീയുടെ ആത്മകഥയെ ഭയക്കുന്ന പ്രത്യയശാസ്ത്രത്തിന് യഥാർഥത്തിൽ ഭയമുള്ളത് സോണിയ ഗാന്ധിയെയോ കോൺഗ്രസിനെയോ പ്രതിപക്ഷത്തെയോ അല്ല. മനുഷ്യന്റെ സ്വതന്ത്രമായ ചിന്തയോടും ഓർമകളോടും സംവാദങ്ങളോടും തന്നെയാണ്.
സോണിയ ഗാന്ധിയുടെ ആത്മകഥയെക്കുറിച്ചുള്ള ഈ സംവാദം ഒടുവിൽ നമ്മെ എത്തിക്കുന്നത് ഒരു ലളിതമായ ചോദ്യത്തിലാണ്: നമുക്ക് വേണ്ടത് മനുഷ്യരെ അപമാനിക്കുന്ന രാഷ്ട്രീയം തന്നെയാണോ, അതോ മനുഷ്യരുടെ ജീവിതവും ഓർമകളും ആശയങ്ങളും പരസ്പരം കേൾക്കാൻ കഴിയുന്ന ഒരു ജനാധിപത്യ സംസ്കാരമാണോ? എന്റെ തിരഞ്ഞെടുപ്പ് രണ്ടാമത്തേതാണ്. പുസ്തകങ്ങൾ വായിക്കുകയും മനുഷ്യരെ ആദരിക്കുകയും വിയോജിപ്പുകളെ സംവാദത്തിലൂടെ നേരിടുകയും ചെയ്യുന്ന ഇന്ത്യയുടെ പക്ഷത്താണ് ഞാൻ.
shajiwayanad@gmail.com

