ശുദ്ധീകരണം വേണ്ടത് ജാതിവാദ മനസ്സുകളിൽ
text_fieldsഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്നതായി പറയപ്പെടുന്ന ‘ശുദ്ധീകരണ’ ചടങ്ങിനെക്കുറിച്ച് ഉയരേണ്ട ലളിതമായ ഒരു ചോദ്യമുണ്ട്: യഥാർഥത്തിൽ അവിടെ എന്താണ് ശുദ്ധീകരിക്കപ്പെട്ടത്? ഒരു സമ്മേളനത്തിനു ശേഷം പ്ലാസ്റ്റിക് കുപ്പികളും പേപ്പർ പ്ലേറ്റുകളും ഭക്ഷണപ്പൊതികളും മറ്റ് അവശിഷ്ടങ്ങളും ചിതറിക്കിടന്ന ഒരു വേദിയായിരുന്നു അതെങ്കിൽ, അവിടെ ആവശ്യമായിരുന്നത് ശുചീകരണമായിരുന്നു. ശുചീകരണ തൊഴിലാളികൾ നിത്യവും ചെയ്യുന്നതും അതുതന്നെയാണ്. പൊതുയോഗങ്ങൾക്കും ഉത്സവങ്ങൾക്കും കനത്ത മഴക്കും ശേഷം അവർ നിലം തൂത്തുവാരി മാലിന്യങ്ങൾ നീക്കുകയും റോഡുകൾ വൃത്തിയാക്കുകയും ചെയ്യുന്നു. ആരും അതിനെ ‘ശുദ്ധീകരണം’ എന്ന് വിളിക്കാറില്ല.
‘ശുദ്ധീകരണം’ എന്ന വാക്ക് നമ്മെ ശുചിത്വത്തിൽ നിന്ന് ആചാരപരമായ ശുദ്ധിയിലേക്ക് കൊണ്ടുപോകുന്നു. ഇന്ത്യയിലാകട്ടെ, ആചാരപരമായ ശുദ്ധിക്ക് ജാതിവ്യവസ്ഥയുമായി ദീർഘവും അസ്വസ്ഥതയുളവാക്കുന്നതുമായ ചരിത്രബന്ധമുണ്ട്. അതുകൊണ്ടാണ് ഹൽദ്വാനി സംഭവത്തെ കേവലം പദപ്രയോഗങ്ങളിലെ ചെറിയൊരു തർക്കമായി തള്ളിക്കളയാൻ കഴിയാത്തത്. അവിടെ നടന്നത് വെറുമൊരു വേദി വൃത്തിയാക്കൽ മാത്രമായിരുന്നുവെങ്കിൽ അതിൽ ആക്ഷേപകരമായി ഒന്നുമില്ല.
എന്നാൽ, ഒരു ദലിത് നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തതുകൊണ്ടാണ് അത്തരമൊരു ആചാരം നടത്തിയതെങ്കിൽ, ആ സംഭവം ശക്തമായ അപലപനം അർഹിക്കുന്നു. ചില മനുഷ്യർ മറ്റുള്ളവരെക്കാൾ ശുദ്ധരാണ് എന്ന ചിന്താഗതിയിൽ നിന്ന് ഇന്ത്യ ഇപ്പോഴും പൂർണ്ണമായി മുക്തമായിട്ടില്ല. രാജ്യത്തിന്റെ ചരിത്രം ഇത്തരം ഓർമ്മപ്പെടുത്തലുകളാൽ നിറഞ്ഞതാണ്.
1978-ൽ അന്നത്തെ ഉപപ്രധാനമന്ത്രിയും ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ദേശീയ നേതാക്കളിൽ ഒരാളുമായിരുന്ന ബാബു ജഗ്ജീവൻ റാം വാരണാസിയിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹം അതിൽ മാല ചാർത്തി മടങ്ങിയതിനു ശേഷം, സവർണ്ണ വിഭാഗങ്ങൾ ആ പ്രതിമയെ ആചാരപരമായ ശുദ്ധീകരണത്തിന് വിധേയമാക്കി. ഒരു ദലിതന്റെ സ്പർശനം പ്രതിമയെപ്പോലും അശുദ്ധമാക്കും എന്ന ഭീതിജനകമായ സന്ദേശമാണ് അത് നൽകിയത്.
രാജ്യത്തെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണ് ജഗ്ജീവൻ റാം വഹിച്ചിരുന്നത്. മൊറാർജി ദേശായിക്ക് പകരം അദ്ദേഹത്തെയായിരുന്നു പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നതെങ്കിൽ ജനതാ പാർട്ടി സർക്കാർ കാലാവധി പൂർത്തിയാക്കുമായിരുന്നു എന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, ആ ആചാരം നടത്തിയവരെ സംബന്ധിച്ചിടത്തോളം, ആ ഉന്നത പദവിക്കുപോലും അദ്ദേഹം ജനിച്ച ജാതിയെ മായ്ച്ചുകളയാൻ കഴിഞ്ഞിരുന്നില്ല.
രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം അലഹബാദിൽ, ഇതേ മനോഭാവം നീതിന്യായ വ്യവസ്ഥയുടെ അകത്തളങ്ങളിലേക്കും കടന്നുവന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ദലിത് ജഡ്ജിയായ ഭർതൃഹരി പ്രസാദ് ചേംബർ ഒഴിഞ്ഞതിനുശേഷം, അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ന്യായാധിപൻ ചേംബറും ഫർണിച്ചറുകളും ഗംഗാജലം തളിച്ച് ‘ശുദ്ധീകരിച്ചു’. ഇന്ത്യൻ സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ലിക്കിലെ ഒരു ജഡ്ജി ഇരുന്ന മുറി അദ്ദേഹത്തിന്റെ ജാതി കാരണം മലിനമായെന്ന മട്ടിലായിരുന്നു ഈ പ്രക്രിയ.
കേരളത്തിലെ ഗുരുവായൂരിലും സമാനമായ സംഭവം ഉണ്ടായി. മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ കുടുംബം അദ്ദേഹത്തിന്റെ ചെറുമകന്റെ ചോറൂണ് ചടങ്ങിന് ക്ഷേത്രത്തിലെത്തി. രവിയുടെ പത്നി ജന്മം കൊണ്ട് ക്രിസ്ത്യാനിയായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ക്ഷേത്രാധികാരികൾ പുണ്യാഹം അഥവാ ശുദ്ധീകരണ കർമ്മം നടത്താൻ ഉത്തരവിട്ടു. ഒടുവിൽ ഗുരുവായൂർ ദേവസ്വം ബോർഡിന് ആ കുടുംബത്തോട് മാപ്പ് പറയേണ്ടി വന്നു.
ഭരണഘടന അയിത്തത്തെ ഒരു നിയമവിരുദ്ധ ആചാരമായി റദ്ദാക്കുക മാത്രമല്ല ചെയ്തത്; ഓരോ പൗരനും തുല്യമായ അന്തസ്സുണ്ടെന്ന തികച്ചും വ്യത്യസ്തമായ ധാർമ്മിക തത്വം അത് സ്ഥാപിച്ചെടുക്കുക കൂടിയാണ് ചെയ്തത്. കേരളത്തിലാകട്ടെ, അയിത്തം മാത്രമല്ല, തീണ്ടലും കാണാമറയത്ത് നിർത്തലുമെല്ലാം അനുഭവിച്ച ഒരു ജനതയുണ്ടായിരുന്നു!
ഭരണഘടന നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഇത് തിരിച്ചറിഞ്ഞിരുന്നു. 1936-ലെ കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം ജാതി അടിസ്ഥാനമാക്കിയുള്ള വിലക്കുകൾക്കെതിരെയുള്ള ചരിത്രപരമായ പ്രഹരമായിരുന്നു. എന്നിട്ടും ജാതി യാഥാസ്ഥിതികതയെ വെല്ലുവിളിച്ചവർക്ക് വലിയ വില നൽകേണ്ടി വന്നു. ആ വിളംബരത്തിന്റെ കരട് തയ്യാറാക്കിയ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർക്ക്, തന്നെ ജാതിയുടെ പേരിൽ നിർവ്വചിക്കരുതെന്നും മറിച്ച് ഒരു മനുഷ്യനായി മാത്രം കണ്ടാൽ മതിയെന്നും ഉറപ്പിച്ചു പറഞ്ഞതിന്റെ പേരിൽ സ്വന്തം സമുദായത്തിലെ ചില വിഭാഗങ്ങളിൽ നിന്ന് ഭ്രഷ്ട് നേരിടേണ്ടി വന്നു.
ഹൽദ്വാനിയിൽ ആരോപിക്കപ്പെട്ട ‘ശുദ്ധീകരണ’ത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം, അതിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. ഈ വിവരം ശരിയാണെങ്കിൽ, അത് ഉത്തരവാദിത്തത്തെ തലതിരിച്ചിടുന്നതിന്റെ പ്രകടമായ തെളിവാണ്. ആദ്യമുയരേണ്ട ചോദ്യങ്ങൾ ഇവയാണ്: ആരാണ് ആ ചടങ്ങ് നടത്തിയത്? എന്തിനാണ് നടത്തിയത്? ആരാണ് അതിന് അനുമതി നൽകിയത്? അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ച ശേഷം മാത്രമേ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പൊലീസ് തീരുമാനിക്കേണ്ടതുള്ളൂ. ജാതിവിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നത് ആ വിവേചനത്തേക്കാൾ വലിയ കുറ്റമാകാൻ കഴിയില്ല.
പ്രകോപനത്തെക്കുറിച്ച് പരിശോധിക്കുന്നതിന് മുൻപ് പ്രതിഷേധക്കാരെ വിചാരണ ചെയ്യുന്ന പ്രവണത ഇപ്പോൾ സർവ്വസാധാരണമായിട്ടുണ്ട്. ഒരു പള്ളി ആക്രമിക്കപ്പെടുമ്പോൾ പള്ളി അധികാരികളെയാണ് ചോദ്യം ചെയ്യുന്നത്. വിവേചനം ചോദ്യം ചെയ്യപ്പെടുമ്പോൾ, ചോദ്യം ചെയ്യുന്നയാൾ പൊലീസിനെ നേരിടേണ്ടി വരുന്നു. അനീതി അസൗകര്യമായി മാറുമ്പോൾ, അതിലേക്ക് വിരൽ ചൂണ്ടുന്ന വ്യക്തിയെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ് ചിലപ്പോൾ ഏറ്റവും എളുപ്പമുള്ള വഴി.
ഖാർഗെയുടെ സാന്നിധ്യത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ജാതിയുടെ പേരിൽ അത്തരമൊരു ചടങ്ങ് നടന്നിട്ടുണ്ടെങ്കിൽ, ആ അപമാനം ഖാർഗെയ്ക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. ജനനമല്ല ഒരു മനുഷ്യന്റെ മൂല്യം നിർണ്ണയിക്കുന്നത് എന്ന് വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാർക്കും എതിരാണത്.
അത് ഭരണഘടനയ്ക്ക് എതിരാണ്; ഒപ്പം ഇന്ത്യ എന്ന സങ്കൽപ്പത്തിന് തന്നെ കടകവിരുദ്ധവുമാണ്. ഒരു ദലിത് നേതാവിന് രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടാനും, രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടികളിലൊന്നിനെ നയിക്കാനും, ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനും കഴിയും; എന്നിട്ടും അദ്ദേഹം നിന്ന സ്ഥലം ആചാരപരമായി ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഇപ്പോഴും ചിലർ ചിന്തിക്കുന്നു!
ഇത് എന്തുതരം പുരോഗതിയാണ്? ഇതിനോടുള്ള ശരിയായ പ്രതികരണം കൃത്യമായ അന്വേഷണവും ഉത്തരവാദിത്തം ഉറപ്പാക്കലും, എല്ലാറ്റിനുമുപരിയായി ഇത്തരമൊരു ആചാരം സാധ്യമാക്കിയ മുൻവിധികളെ പൂർണമായി നിരാകരിക്കലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

