കുഞ്ഞുങ്ങളുടെ സുരക്ഷ: ഉണരേണ്ട സമയമിതാണ്
text_fields
പോറൽപോലുമേൽക്കാതെ കാത്തു സംരക്ഷിക്കാൻ ബാധ്യതപ്പെട്ടൊരാൾ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കുകയും സ്വന്തം മാതാവ് അവളെ എറിഞ്ഞുകൊല്ലുകയും ചെയ്തുവെന്ന നടുക്കുന്ന വർത്തമാനം കേൾക്കുകയാണ് നാമിപ്പോൾ. നമ്മുടെ നാട്ടിൽ ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. അവസാനത്തേതാകണമേ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യാമെന്നു മാത്രം. പക്ഷേ, കുറ്റകൃത്യത്തെക്കുറിച്ച് അവബോധമില്ലാത്ത, അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാത്ത ബന്ധുക്കളും പൊതുസമൂഹവും...
പോറൽപോലുമേൽക്കാതെ കാത്തു സംരക്ഷിക്കാൻ ബാധ്യതപ്പെട്ടൊരാൾ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കുകയും സ്വന്തം മാതാവ് അവളെ എറിഞ്ഞുകൊല്ലുകയും ചെയ്തുവെന്ന നടുക്കുന്ന വർത്തമാനം കേൾക്കുകയാണ് നാമിപ്പോൾ. നമ്മുടെ നാട്ടിൽ ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. അവസാനത്തേതാകണമേ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യാമെന്നു മാത്രം. പക്ഷേ, കുറ്റകൃത്യത്തെക്കുറിച്ച് അവബോധമില്ലാത്ത, അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാത്ത ബന്ധുക്കളും പൊതുസമൂഹവും നിലനിൽക്കുവോളം കാലം മനുഷ്യത്വരഹിതരായ കുറ്റവാളികൾ വേട്ട തുടരുകതന്നെ ചെയ്യും.
സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുഞ്ഞ് പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാത്ത അമ്മയും കുഞ്ഞിന്റെ വേദന യൂറിനറി ഇൻഫെക്ഷനായി തെറ്റിദ്ധരിച്ച അംഗൻവാടി അധ്യാപകരും കുഞ്ഞ് അതിക്രമത്തിനിരയാവുന്ന കാര്യം ശ്രദ്ധിക്കാഞ്ഞ പിതാവും അക്രമം അറിഞ്ഞിട്ടും പൊലീസിൽ വിവരമറിയിക്കാതിരുന്നവരുമെല്ലാം ഫലത്തിൽ പീഡോഫൈലുകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്.
എന്താണ് പീഡോഫൈലിയ?
കുട്ടികളോട് ലൈംഗികമായ ആകർഷണം തോന്നുന്ന മാനസികാവസ്ഥയാണ് പീഡോഫൈലിയ. ഇത് ഒരു രോഗാവസ്ഥയായാണ് മനഃശാസ്ത്രജ്ഞരും ഡോക്ടർമാരും കാണുന്നത്. പീഡോഫൈലുകൾക്ക് സാധാരണയായി പ്രായപൂർത്തിയായവരോട് ലൈംഗിക താൽപര്യം ഉണ്ടാകണമെന്നില്ല, അല്ലെങ്കിൽ കുട്ടികളോടുള്ള താൽപര്യമായിരിക്കും അവർക്ക് പ്രധാനം. ചെറുപ്പത്തിൽ അനുഭവിച്ച മാനസികാഘാതങ്ങൾ, ലൈംഗിക പീഡനങ്ങൾ, മസ്തിഷ്കത്തിലെ ചില രാസമാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് വഴിവെക്കുന്ന കാരണമായി പറയാറുണ്ടെങ്കിലും അതൊന്നും കുഞ്ഞുങ്ങൾക്കുനേരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമുള്ള ന്യായീകരണമാവുന്നില്ല. പീഡോഫൈലിയ സങ്കീർണമായ മാനസികാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നൽകുകയാണ് വേണ്ടത്.
ഒളിഞ്ഞുകിടക്കുന്ന പ്രകൃതം
സമൂഹത്തിൽ വളരെ മാന്യരായി അറിയപ്പെടുന്നവരും സൽപ്പേരുള്ളവരുമായിരിക്കും പല പീഡോഫൈലുകളും. കുട്ടികളുടെ വിശ്വാസം നേടിയെടുക്കാൻ അവർക്ക് പ്രത്യേക കഴിവുണ്ട്. ഇരകളെയും ചുറ്റുമുള്ളവരെയും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാനും ഇവർക്ക് സാമർഥ്യമുണ്ടാവും. ഭീഷണിപ്പെടുത്തിയും, രഹസ്യങ്ങൾ പുറത്തുപറയില്ലെന്ന് വിശ്വസിപ്പിച്ചും, ഭയം ജനിപ്പിച്ചുമൊക്കെ അവർ തങ്ങളുടെ പ്രവൃത്തികൾ രഹസ്യമാക്കി വെക്കുന്നു.
ചില പീഡോഫൈലുകൾക്ക് തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നണമെന്നില്ല. അല്ലെങ്കിൽ, തങ്ങൾ ഇരകളെ സഹായിക്കുകയാണെന്ന് അവർ സ്വയം വിശ്വസിച്ചെന്നും വരാം. ഇത് ഒരുതരം നർസിസ്റ്റിക് പേഴ്സനാലിറ്റി ഡിസോർഡറിന്റെ (Narcissistic Personality Disorder)യും ഭാഗമാണ്.
സുരക്ഷ ഉറപ്പാക്കാൻ മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകൾ
- അതിരുകൾ പഠിപ്പിക്കുക: കുഞ്ഞുങ്ങൾക്ക് അവരുടെ ശരീരത്തിനുമേൽ പൂർണ അവകാശമുണ്ടെന്നും, ആരെയും, അത് എത്ര അടുപ്പമുള്ളവരാണെങ്കിൽപോലും, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ അനുവദിക്കരുതെന്നും പഠിപ്പിക്കുക. ‘നല്ല സ്പർശനവും’ ‘മോശം സ്പർശനവും’ തമ്മിലെ വ്യത്യാസം അവരെ ബോധ്യപ്പെടുത്തുക.
- സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധിക്കുക: ഒരു കുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ (ഉറക്കമില്ലായ്മ, അമിത ദേഷ്യം, ഒതുങ്ങിക്കൂടൽ, സ്കൂളിൽ പോകാൻ മടി) ശ്രദ്ധിക്കുക. ഇത് ചൂഷണത്തിന്റെ ലക്ഷണങ്ങളാകാം.
- കുട്ടികളുടെ വാക്കുകൾക്ക് വിലകൽപിക്കുക: ഒരു കുഞ്ഞ് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞാൽ അത് തമാശയായി തള്ളിക്കളയാതെ ഗൗരവമായി എടുക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക.
- തുറന്ന ആശയ വിനിമയം: കുട്ടികളുമായി തുറന്ന ആശയവിനിമയം നിലനിർത്തുന്നത് അവർക്ക് എന്തും മാതാപിതാക്കളോട് പങ്കുവെക്കാൻ സഹായിക്കും. ഭയമില്ലാതെ സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുക.
- പ്രതിരോധം വീട്ടിൽ നിന്ന് തുടങ്ങുക: വീടിനുള്ളിൽത്തന്നെ കുട്ടികളെ സുരക്ഷിതരാക്കാൻ ശ്രദ്ധിക്കുക. കുട്ടികളെ മറ്റുള്ളവരുടെ കൂടെ വിടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ സുരക്ഷക്ക് മാതാപിതാക്കൾക്കും സമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധിക്കുകയും ഉടനടി അധികാരികളെ അറിയിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങൾക്ക് സുരക്ഷിതവും സ്നേഹനിർഭരവുമായ ഒരു ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്.
(ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.