മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിച്ചു
text_fields2006ൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന് സി.പി.എം നേതൃത്വം തീരുമാനിച്ചപ്പോൾ വി.എസിന്റെ ഔദ്യോഗിക വസതിയായിരുന്ന കന്റോൺമെന്റ് ഹൗസിൽനിന്ന് തുടങ്ങിയ ജനകീയ പ്രക്ഷോഭം രാഷ്ട്രീയ സമവാക്യങ്ങൾക്കതീതമായി കേരളമാകെ പടർന്നതും സി.പി.എം കേന്ദ്രനേതൃത്വത്തിന് തീരുമാനം തിരുത്തേണ്ടിവന്നതും ചരിത്രമാണ്. രണ്ടു പതിറ്റാണ്ടിനുശേഷം ചരിത്രം ആവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം ജനകീയ തീരുമാനം വെല്ലുവിളിക്കപ്പെട്ടേക്കുമെന്ന് വന്നപ്പോൾ പൊതുജനം നേരിട്ടിറങ്ങി രാഷ്ട്രീയ നേതൃത്വത്തെ തിരുത്തി- അതാണ് ഇന്നലെ രാഷ്ട്രീയ കേരളം കണ്ടത്.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാൽ അതിനു വിരുദ്ധമായി നിൽക്കാൻ രാഹുൽ ഗാന്ധിക്കാവില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വൃത്തങ്ങളെല്ലാം കരുതിയിരുന്നത്; ആ നിലക്കാണ് കാര്യങ്ങൾ പോയതും.
എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം നേതൃഗുണം എന്തെന്ന് കണ്ടറിഞ്ഞ ജനത കേരളത്തിലെ മുതിർന്ന നേതാക്കളെയും കേന്ദ്രത്തിലെ നേതൃത്വത്തെയും മാറ്റി ചിന്തിപ്പിച്ചു. യു.ഡി.എഫിലെ ഘടകകക്ഷികളും നിലപാടിലുറച്ചുനിന്നു. അത് വി.ഡി. സതീശന്റെ മതനിരപേക്ഷതക്കും നേതൃപാടവത്തിനും ആവർത്തിച്ചുള്ള ജനസമ്മതിയായി. ഗ്രൂപ്പുവൈരങ്ങളെ അകറ്റിനിർത്തിയ, നിലപാടുകളിൽ ഉറച്ചുനിന്ന് എതിരാളികളെ തറപറ്റിച്ച നേതാവുതന്നെ മുന്നണിയെ നയിക്കണമെന്നത്, ഘടകകക്ഷികളുടെയും ആഗ്രഹമായിരുന്നു.
നീതിനൽകുകയാണ്, യഥാർഥ ഭരണനിർവഹണമെന്ന നിലപാടാണ് തനിക്കുള്ളതെന്ന് ജനത്തെ ബോധ്യപ്പെടുത്തിയ സതീശന്റെ, യു.ഡി.എഫിനെ ജയിപ്പിക്കാനായില്ലെങ്കിൽ വനവാസത്തിനുപോകുമെന്ന പ്രഖ്യാപനം ഘടകകക്ഷി നേതാക്കളേയും ഞെട്ടിച്ചിരുന്നു. അത്തരം ആർജവമുള്ള നിലപാടുള്ള നേതാവിനെ പൊതുജനവും- പ്രത്യേകിച്ച് പുതുതലമുറ നേരിട്ടു കാണുകയായിരുന്നു.
ആദ്യഘട്ടത്തിൽ കെ.സി. വേണുഗോപാലായിരുന്നു, രാഹുൽ ഗാന്ധിയടക്കമുള്ള ഹൈകമാൻഡിെന്റ മനസ്സിൽ എന്നത് വ്യക്തമായിരുന്നു. സ്ഥാനാർഥി നിർണയത്തിലും തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ഫണ്ടിന്റെ വിതരണത്തിലുമൊക്കെ പ്രധാന പങ്കുവഹിച്ച വേണുവിന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥികളിൽ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയും എളുപ്പമായിരുന്നു. പുറമെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ളവരും എം.പിമാരിൽ പകുതിയിലേറെപ്പേരും വേണുഗോപാലിനെ അനുകൂലിച്ചു.
സീനിയോറിറ്റിയും കുറച്ച് എം.എൽ.എമാരുടെ പിന്തുണയുമുള്ള രമേശ് ചെന്നിത്തലക്ക് നേരിയ സാധ്യതയേ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസിൽ തലമുറമാറ്റം കൊണ്ടുവന്ന തന്റെ വലംകൈയായി നടന്ന യുവനേതാക്കൾപോലും വേണുവിന് അനുകൂലമായി മാറിയപ്പോഴും ഘടകകക്ഷികളുടെയും പൊതുജനങ്ങളുടെയും പിന്തുണയിൽ സതീശന് വിശ്വാസമുണ്ടായിരുന്നു.
ജനവികാരത്തിന്റെ പേരിൽ സതീശനും നേതൃത്വാനുകൂല്യത്തിന്റെ പേരിൽ വേണുഗോപാലും തമ്മിലെ വടംവലിക്കിടയിൽ തന്റെ സാധ്യത ഒരു ഒത്തുതീർപ്പിന്റെ പേരിൽ വലുതാകുന്നതായി രമേശ് ചെന്നിത്തലയും കണ്ടറിഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണ നൽകിയിരുന്നവരെങ്കിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയും രമേശിനായി തുടർച്ചയായി സമ്മർദവും ചെലുത്തി. എന്നാൽ, ജനവികാരത്തിനനുസൃതമായി പൊതുജനവികാരം കണ്ടറിഞ്ഞ മുൻ കെ.പി.സി.സി പ്രസിഡന്റുമാരും മുതിർന്ന നേതാക്കളും, സതീശൻ നേതാവായില്ലെങ്കിൽ ഈ വിജയത്തിന്റെ പ്രഭ കെട്ടുപോകുമെന്നും ഗ്രൂപ്പിസത്തിന്റെ പുനർജന്മമുണ്ടാകുമെന്നും കോൺഗ്രസ് ശിഥിലമാകുമെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു എന്നതാണ് വസ്തുത. അതിനു പിന്നിൽ എ.കെ. ആന്റണിയും വി.എം. സുധീരനും എം.എം. ഹസ്സനും ഡോ. ശശി തരൂരും പി.ജെ. കുര്യനും ഉണ്ടായിരുന്നു എന്ന് വ്യക്തം.
വയനാട് എം.പിയായ പ്രിയങ്ക ഗാന്ധി നേരത്തേതന്നെ സതീശന് അനുകൂലമായിരുന്നു. എം.എൽ.എമാരിൽനിന്നുതന്നെ മുഖ്യമന്ത്രി ഉണ്ടാകണമെന്നും ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോയാൽ ഗ്രൂപ്പിസം ശക്തമാകുമെന്നും പൊതുജനവികാരം കണക്കിലെടുക്കണമെന്നുമായിരുന്നു, എ.കെ. ആന്റണിയുടെ നിലപാട് എന്നറിയുന്നു. അദ്ദേഹം ആരുടെയും പേര് നിർദേശിച്ചില്ലെങ്കിലും നിലപാട് വ്യക്തമായിരുന്നു. സതീശന് അനുകൂലമായ ബഹുജനവികാരം മാനിക്കാതെ തീരുമാനമെടുത്താൽ കേരളത്തിൽ കോൺഗ്രസ് ശിഥിലമാകുമെന്ന് തുറന്നുപറഞ്ഞത് സുധീരനായിരുന്നു. ആ തുറന്നുപറച്ചിലും ആന്റണിയുടെ നിലപാടുമാണ് രാഹുൽ ഗാന്ധിയിൽ മാറ്റമുണ്ടാക്കിയത്.
മതനിരപേക്ഷമായ നിലപാടിലൂടെ മാത്രമേ കേരളത്തിൽ ഇനി കോൺഗ്രസിന് തുടർന്നുപോകാൻ കഴിയുകയുള്ളൂവെന്നും അക്കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസമുള്ള നേതാവ് സതീശനാണെന്നും മതന്യൂനപക്ഷങ്ങൾ യു.ഡി.എഫിനോട് ചേർന്നുനിൽക്കണമെങ്കിൽ ഇതുപോലുള്ള നേതാവാണ് ഇവിടെ ആവശ്യമെന്നും സാമുദായിക നേതാക്കളെക്കൊണ്ട് സമ്മർദം ചെലുത്തുന്നവർ അപകടമേ ഉണ്ടാക്കൂ എന്നുമുള്ള യാഥാർഥ്യബോധത്തിലേക്ക് അങ്ങനെ രാഹുൽ ഗാന്ധി എത്തി. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ തെരഞ്ഞെടുപ്പിൽ പരസ്യമായല്ലെങ്കിലും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഫലപ്രഖ്യാപന ശേഷം സുകുമാരൻ നായരും വെള്ളാപ്പള്ളിയും മുഖ്യമന്ത്രി പദവും മന്ത്രിസഭാ രൂപവത്കരണവും സംബന്ധിച്ച് തങ്ങളുടെ അഭിപ്രായവും പറഞ്ഞുതുടങ്ങി. സുകുമാരൻ നായരാകട്ടെ സാമുദായിക സ്പർധക്കുവരെ കാരണമാകുംവിധത്തിൽ വി.ഡി. സതീശൻ മുസ്ലിം ലീഗ് നോമിനിയാണെന്നും പറഞ്ഞുവെച്ചു. ഇന്നലെ സതീശനെ ഹൈകമാൻഡ് തെരെഞ്ഞടുത്തതായ വാർത്ത വന്നതോടെ വെള്ളാപ്പള്ളി നിലപാട് മാറ്റി. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സുകുമാരൻ നായരാകട്ടെ പഴയ നിലപാട് ആവർത്തിച്ചതുപോരാതെ ഹൈകമാൻഡിേന്റത് തെറ്റായ തീരുമാനമാണെന്നുംകൂടി പറഞ്ഞു. ഈവക സാമുദായിക നേതാക്കളെയെല്ലാം അകറ്റിനിർത്തിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നയിച്ച വി.ഡി. സതീശന് മന്ത്രിസഭാ രൂപവത്കരണത്തിലും ഭരണത്തിലും ഇവരുടെയൊന്നും സമ്മർദത്തിന് വഴങ്ങേണ്ടിവരില്ലെന്നതും സംസ്ഥാനെത്ത സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായി മാറിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

