നിരപരാധികളുടെ നിലക്കാത്ത നിലവിളികൾ
text_fieldsബോംബെ ഹൈകോടതി വിധിയെത്തുടർന്ന് ജയിൽ മോചിതനായ ശൈഖ് മുഹമ്മദലി ആലം ശൈഖിനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ സ്വീകരിച്ചപ്പോൾ
കുറ്റകൃത്യം ചെയ്ത യഥാർഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നത് കുറ്റകൃത്യങ്ങൾ തടഞ്ഞ് നിയമവാഴ്ച ഉയർത്തിപ്പിടിച്ച് പൗരരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മൂർത്തവും അനിവാര്യവുമായ നടപടിയാണ്. എന്നാൽ, പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നെന്ന് വ്യാജമായി തോന്നിപ്പിക്കുന്നതിലൂടെ ഒരു കേസ് തീർപ്പാക്കിയെന്ന പ്രതീതി സൃഷ്ടിക്കുന്നത് കബളിപ്പിക്കലാണ്.
വഞ്ചനപരമായ ഇത്തരം കേസ് തീർപ്പാക്കൽ പ്രക്രിയ നിയമത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുക മാത്രമല്ല, സമൂഹത്തിന് തെറ്റായ ഉറപ്പുനൽകുക കൂടിയാണ് ചെയ്യുന്നത്. അതേസമയം,യഥാർഥ ഭീഷണി അപ്പോഴും നിലനിൽക്കുന്നെന്നതാണ് വാസ്തവം. ഈ കേസിന്റെ അപകട സൂചന അതാണ്’’- 2006 ജൂലൈ 11 ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കുറ്റമാരോപിച്ച് ശിക്ഷിക്കപ്പെട്ടവരെ കുറ്റമുക്തരാക്കി 2025 ജൂലൈ 21ന് മുംബൈ ഹൈകോടതി ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ അനിൽ എസ് കിലോർ, ശ്യാം സി ചന്ദക് എന്നിവർ പുറപ്പെടുവിച്ച ജഡ്ജ്മെന്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.
വിധി പ്രസ്താവന പുറത്തു വന്ന് ദിവസങ്ങൾക്കകം അത് സുപ്രീം കോടതിയെ കൊണ്ട് സ്റ്റേ ചെയ്യിക്കാൻ സ്റ്റേറ്റിന് സാധിച്ചെങ്കിലും കോടതിയുടെ കണ്ടെത്തലുകളുടെയും നിരീക്ഷണങ്ങളുടെയും പ്രസക്തിയോ ഗൗരവമോ നഷ്ടമാവുന്നില്ല. മഹാരാഷ്ട സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത സുപ്രീം കോടതിയോട് നടത്തിയ അഭ്യർഥനയുടെ ഉള്ളടക്കം പോലെ സമാനമായ വ്യാജ കേസുകളുടെ നിലനില്പിനെ തന്നെ ബാധിക്കുന്നതാണ് വിധി എന്ന് വ്യക്തമാണ്.
കെട്ടിച്ചമച്ച ഭീകരവാദക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തടവുകാർ അതിനകം തന്നെ 18 വർഷം ജയിൽശിക്ഷയും പീഡനങ്ങളും അനുഭവിച്ചു. അക്കൂട്ടത്തിലെ കമാൽ അഹമദ് വക്കീൽ അൻസാരി എന്ന നിരപരാധിയാവട്ടെ, വിധി വരും മുമ്പ് കോവിഡ് ബാധിച്ച് തടവറയിൽ മരണപ്പെട്ടു.
189 പേരുടെ മരണത്തിനും 800 ലധികം പേർക്ക് പരിക്കേൽക്കാനും കാരണമായ 2006 ജൂലൈ 11ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയുടെ പേരിൽ മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾ പിന്നീട് ഏകീകരിച്ച് അന്വേഷണത്തിനായി മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) കൈമാറി.
കുറ്റാരോപിതരിൽ അഞ്ചുപേർക്ക് 2015ൽ പ്രത്യേക മക്കോക്ക കോടതി വധശിക്ഷ വിധിക്കുകയും ഏഴുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. മതിയായ തെളിവുകളുടെ അഭാവത്തിൽ അബ്ദുൽ വാഹിദ് ശൈഖിനെ കുറ്റമുക്തനാക്കി (ജയിൽമോചിതനായ ശേഷവും അദ്ദേഹത്തെ ഭരണകൂടം നിരന്തരം പിന്തുടർന്ന് വേട്ടയാടാൻ നോക്കുന്നുണ്ട്). പ്രത്യേക കോടതിയുടെ ശിക്ഷാ വിധിക്കെതിരെ കുറ്റാരോപിതർ സമർപ്പിച്ച അപ്പീലുകളിന്മേലാണ് ഹൈകോടതി ഉത്തരവ്.
കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്നും പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിർബന്ധപൂർവം നേടിയ കുറ്റസമ്മത മൊഴികൾ ഉൾപ്പെടെയുള്ള കെട്ടിച്ചമച്ച തെളിവുകളുടെ വിശ്വാസ്യതയില്ലായ്മയെക്കുറിച്ചുമുള്ള കോടതിയുടെ നിരീക്ഷണങ്ങൾ അന്വേഷണ പ്രക്രിയകളിലെ ഗുരുതര വീഴ്ചകളെയാണ് വെളിപ്പെടുത്തുന്നത്. കുറ്റപത്രത്തിൽ ബോംബിന്റെ ഇനം പോലുള്ള അടിസ്ഥാന വിവരങ്ങൾ പോലും സത്യസന്ധമായി സ്ഥാപിക്കാൻ മഹാരാഷ്ട്ര ആന്റി-ടെററിസ്റ്റ് സ്ക്വാഡിന് (എ.ടി.എസ്) കഴിഞ്ഞില്ലെന്നാണ് വിധിയിലെ നിഗമനം. സംശയാസ്പദമായ സാക്ഷി മൊഴികളെയും തെറ്റായി കൈകാര്യം ചെയ്ത തെളിവുകളെയും മാത്രം ആശ്രയിച്ചു നൽകിയ ശിക്ഷാവിധി ശരിവെക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
എ.ടി.എസിന്റെ മാത്രമല്ല രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ തന്നെ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ വഴിതെറ്റിയ സഞ്ചാരത്തെയാണ് ഈ വിധി സൂചിപ്പിക്കുന്നത്. 2001 ലെ സിമി നിരോധനത്തെ തുടർന്നു രാജ്യത്തുടനീളം നടന്ന വ്യാപകമായ മുസ്ലിം വേട്ടയുടെ തുടർച്ചയായിട്ടാണ് 2006 ജൂലൈ 11 ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അറസ്റ്റുകളെയും വിലയിരുത്തപ്പെടുന്നത്. സ്ഫോടനങ്ങൾ നടന്നയുടനെ തന്നെ പിന്നിൽ ‘സിമി’ ആണെന്ന ആരോപണവുമായി മുംബൈ ഭീകര വിരുദ്ധ സേന രംഗത്തുവന്നതിൽ മനുഷ്യാവകാശ പ്രവർത്തകരും നിയമവിദഗ്ധരും സംശയം പ്രകടിപ്പിച്ചിരുന്നു. മുംബൈ എ.ടി.എസ് മുൻതലവൻ ഹേമന്ത് കർക്കരെ ഡീപ് സ്റ്റേറ്റിന്റെ ഈ അവിശുദ്ധ നീക്കങ്ങൾക്കെതിരെ അന്നു തന്നെ വിരൽ ചൂണ്ടിയിരുന്നു. നിരപരാധികളെ കൊല്ലുന്ന ബോംബ് സംസ്കാരത്തെ സിമിയോ ഇസ്ലാമോ പിന്തുണക്കുന്നില്ലെന്നുള്ള പ്രസ്താവനയുമായി നിരോധിത സിമിയുടെ മുൻ ദേശീയ അധ്യക്ഷൻ ശാഹിദ് ബദർ ഫലാഹിയും രംഗത്തുവന്നിരുന്നു. ഇന്റലിജൻസ്-മീഡിയ അവിശുദ്ധ സഖ്യത്തിന്റെ അപസർപ്പക ഭീകരകഥകൾ കൊണ്ട് നീണ്ട കാലം മൂടി വെക്കപ്പെട്ട സത്യത്തിന്റെ തിളങ്ങുന്ന മുഖമാണ് ഈ വിധിയിലൂടെ വെളിച്ചം കാണുന്നത്.
കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് ആവർത്തിച്ച് പ്രസ്താവിച്ച കോടതി പ്രോസിക്യൂഷന്റെ കുറ്റപത്രം കെട്ടിച്ചമച്ചതാണെന്ന് ഒന്നിലധികം തെളിവുകൾ കൊണ്ട് സമർഥിക്കുന്നെന്നതാണ് വിധിയെ ഏറെ ശ്രദ്ധേയവും വേറിട്ടതുമാക്കുന്നത്.
സംഭവം നടന്ന് നാല് വർഷത്തിന് ശേഷം പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷികളുടെ മൊഴികൾ വളരെ അസാധാരണമാണെന്നും അവരിൽ പലരും മുമ്പും പല കേസുകളിലും പൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജറായിട്ടുള്ളവരാണെന്നും കോടതി കണ്ടെത്തി. രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴികൾ പല കാരണങ്ങളാൽ വിശ്വാസ യോഗ്യമല്ലെന്നും കടുത്ത പീഡനത്തിലൂടെയാണ് കുറ്റാരോപിതരുടെ മൊഴി നേടിയെടുത്തതെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോൾ ഡാറ്റാ രേഖകൾ ഉൾപ്പെടെ നിർണായക തെളിവുകൾ പലതും മനപൂർവം നശിപ്പിക്കപ്പെട്ടതും കോടതി നിരീക്ഷിച്ചു.പൊലീസ് ഹാജരാക്കിയ ആയിരക്കണക്കിന് രേഖകളിൽ ഒന്ന് പോലും ഹൈകോടതി സ്വീകരിച്ചില്ല.
44000 ലേറെ പേജുകളുള്ള കുറ്റപത്രം ഇഴകീറി പരിശോധിച്ച ഒറിസ ഹൈകോടതി റിട്ട. ചീഫ് ജസ്റ്റിസ് എസ്. മുരളിധർ, നിത്യ രാമകൃഷ്ണൻ, എസ്. നാഗമുത്തു, യുഗ്മോഹൻ ചൗധരി, പായോഷി റോയി, ഗൗരവ് ഭവനാനി, ആദിത്യ മേത്ത, ഹസൻ നിസാമി, സ്തുതി റോയി, ഇശ്റത്ത് അലി ഖാൻ തുടങ്ങി ഒരു സംഘം വിദഗ്ദ്ധരായ അഭിഭാഷകരുടെ നേതൃത്വത്തിൽ 250 സാക്ഷികളെ വിസ്തരിച്ച് 75 സിറ്റിങ്ങുകളിലായി നടത്തിയ വാദങ്ങൾക്കൊടുവിലാണ് നിരപരാധികളുടെ ജയിൽ മോചനത്തിന്റെ വഴി തുറന്നത്.
യുവത്വവും കുടുംബ ജീവിതവും ജീവനോപാധികളും സാമൂഹിക ബന്ധങ്ങളും തകർത്തെറിഞ്ഞ ഭീകര മുദ്രയുടെ നുകത്തിൽ നിന്ന് രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം രക്ഷപ്പെട്ട് സാമാന്യ ജീവിതത്തിലേക്ക് തിരികെ വരുമ്പോൾ ആർക്കു വേണ്ടിയാണ് നിരപരാധികളായ ഈ മുസ്ലിംകൾ വേട്ടയാടപ്പെട്ടതെന്നും ഇനിയും പുറത്തറിയാത്ത യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമോ എന്നുമുള്ള നിരവധി ചോദ്യങ്ങൾ രാജ്യത്തിന്റെ നിയമവ്യവസ്ഥക്കു മുന്നിൽ മറുപടിയില്ലാതെ ബാക്കിയാവുകയാണ്. പ്രതിസ്ഥാനത്ത് മുസ്ലിം നാമങ്ങളാവുമ്പോൾ മറുചോദ്യങ്ങൾ ഉന്നയിക്കാതെ, പൊലീസ് ഭാഷ്യം അപ്പടി ഏറ്റെടുക്കുകയും തിരക്കഥകൾ മെനയുകയും ചെയ്ത മാധ്യമങ്ങൾ തെറ്റുതിരുത്തി നിരപരാധികളോട് മാപ്പ് പറയാൻ ആർജവം കാണിക്കുമോ എന്നത് മറ്റൊരു ചോദ്യം. കെട്ടിച്ചമച്ച ഭീകരവാദക്കേസുകൾ അടിച്ചേല്പിക്കപ്പെട്ടവർ ദീർഘകാലം ജയിലിലടയ്ക്കപ്പെട്ട ശേഷം കുറ്റമുക്തരായി പുറത്തു വരുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ വ്യാജ കുറ്റങ്ങൾ ചുമത്തുകയും കള്ളസാക്ഷികളെയും കൃത്രിമ രേഖകളും നിർമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാതൃകപരമായ ശിക്ഷയും, അന്യായമായി തടവും ശിക്ഷയും അനുഭവിച്ച ശേഷം നിരപരാധിത്വം തെളിയിച്ചവർക്ക് അർഹമായ നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനാവശ്യമായ നിയമനിർമാണമുണ്ടാവാത്തിടത്തോളം കാലം നീതിയെ അറുകൊല ചെയ്യുന്ന സമാനമായ കേസനുഭവങ്ങൾ തുടരുക തന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.