സഹകരണ മേഖലയും പലിശരഹിത മൈക്രോ ഫിനാൻസും ഇന്ത്യയിൽ
text_fieldsപ്രതീകാത്മക ചിത്രം
ദരിദ്രർക്ക് കൈത്താങ്ങാകേണ്ട മൈക്രോ ഫിനാൻസ് സംവിധാനം മറ്റൊരു ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ്, പലിശ വാങ്ങാതെ പരസ്പര വിശ്വാസവും സഹകരണവും കൈമുതലാക്കി പങ്കാളിത്ത ഫിനാൻസിങ്ങും ചെറുകിട വായ്പകളും അനുവദിക്കുന്ന പലിശരഹിത മൈക്രോ ഫിനാൻസിങ് പ്രസക്തമാകുന്നത്
ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, എല്ലാ വിഭാഗം ജനങ്ങൾക്കും സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പയും മറ്റു സേവനങ്ങളും ലഭ്യമാകുന്ന ‘സാമ്പത്തിക ഉൾച്ചേർക്കൽ’ (Financial Inclusion) അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സഭ 2000ത്തിൽ തയാറാക്കിയ മില്ലെനിയം ഡെവലപ്മെന്റ് ഗോൾസ് (MDGs) ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമീണ മേഖലയിലും കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കാൻ ഔപചാരിക ധനകാര്യ സ്ഥാപനങ്ങൾ പുലർത്തിയ വൈമുഖ്യമാണ് ഇന്ത്യയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചുനീക്കുന്നതിൽ പ്രധാന തടസ്സമെന്ന് നിരവധി പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വലിയൊരു വിഭാഗം ജനങ്ങൾ ഔപചാരിക ബാങ്കിങ് സംവിധാനത്തിന് പുറത്താണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ 2008ൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. സി. രംഗരാജന്റെ നേതൃത്വത്തിലുള്ള ‘കമ്മിറ്റി ഓൺ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ (2008), രാജ്യത്ത് പ്രത്യേക മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ആരംഭിച്ചാൽ സാമ്പത്തിക ഉൾച്ചേർക്കൽ ഒരുപരിധിവരെ സാധ്യമാകുമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ആർ.ബി.ഐ അംഗീകാരമുള്ള ധനകാര്യ കമ്പനികളും എൻ.ജി.ഒകളും ഈടില്ലാതെയും ഔപചാരിക നൂലാമാലകളില്ലാതെയും ചെറിയ ലോണുകൾ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനങ്ങൾ ആരംഭിച്ചത്.
എന്നാൽ, സാധാരണ ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ ഉയർന്ന പലിശയാണ് പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ചുമത്തുന്നത്. ആർ.ബി.ഐയുടെ മൈക്രോ ഫിനാൻസ് ബിൽ 24 ശതമാനം പലിശ ഈടാക്കാൻ അനുമതി നൽകുമ്പോൾ, പല കമ്പനികളും 60 ശതമാനം വരെ പലിശ ഈടാക്കുന്നുവെന്നാണ് റിപ്പോർട്ട്. ദരിദ്രർക്ക് കൈത്താങ്ങാകേണ്ട മൈക്രോ ഫിനാൻസ് സംവിധാനം മറ്റൊരു ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ്, പലിശ വാങ്ങാതെ പരസ്പര വിശ്വാസവും സഹകരണവും കൈമുതലാക്കി പങ്കാളിത്ത ഫിനാൻസിങ്ങും (Participatory Financing) ചെറുകിട വായ്പകളും അനുവദിക്കുന്ന പലിശരഹിത മൈക്രോ ഫിനാൻസിങ് പ്രസക്തമാകുന്നത്.
ഇസ്‌ലാമിക ധനകാര്യ തത്ത്വങ്ങളാണ് ഇവക്ക് പ്രചോദനമെങ്കിലും എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമായ ഒരു സാമ്പത്തിക മാതൃകയാണ് ഇത് മുന്നോട്ടുവെക്കുന്നത്. ഈ സംവിധാനം വഴി ജീവിതം പച്ചപിടിച്ച ആയിരങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സ്ത്രീകൾക്കും ദരിദ്രർക്കും ആത്മവിശ്വാസം പകരാനും സ്വയംപര്യാപ്തത നേടിക്കൊടുക്കാനും സാമ്പത്തിക നീതി ഉറപ്പാക്കാനും ഈ രീതി സഹായിക്കും.
രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങൾ നിയമപരമായ ലൈസൻസ് നേടിയായിരിക്കണം പ്രവർത്തിക്കേണ്ടത്. എന്നാൽ, മൈക്രോ ഫിനാൻസ് സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രത്യേക നിയമസംവിധാനങ്ങൾ നിലവിലില്ല. പലിശരഹിത സംവിധാനങ്ങൾ രാജ്യത്തെ നയരൂപകർത്താക്കളുടെ ശ്രദ്ധയിൽ വേണ്ടത്ര ഇടംപിടിക്കാത്തതിനാൽ, മിക്കയിടങ്ങളിലും സഹകരണ മാതൃകയാണ് (Co-operative model) ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ലാഭത്തിലുപരി സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയ സഹകരണ മേഖലയും പലിശരഹിത മൈക്രോ ഫിനാൻസിങ്ങും ചേരുമ്പോൾ ചൂഷണമില്ലാത്ത സാമ്പത്തിക സംവിധാനം രൂപപ്പെടുന്നു. 2002ലെ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റീസ് ആക്ട് നിലവിൽ വന്നതോടെ ഇത്തരം സൊസൈറ്റികൾക്ക് വലിയ സാധ്യതകൾ തുറന്നുകിട്ടി.
രാജ്യത്തെ പലിശരഹിത മൈക്രോ ഫിനാൻസ് സംരംഭങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ നേതൃത്വത്തിൽ 2009ൽ ഡൽഹി ആസ്ഥാനമായി ‘സഹുലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി’ രൂപവത്കൃതമായി. മുംബൈ ആസ്ഥാനമായ ജനസേവ സൊസൈറ്റി നിലവിൽ 18 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. പട്ന ആസ്ഥാനമായ അൽ-ഖൈർ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയും ആശ്ര സൊസൈറ്റിയും വളർച്ചയുടെ പാതയിലാണ്. നിലവിൽ 18 സംസ്ഥാനങ്ങളിലായി 70 സൊസൈറ്റികളും 125ലേറെ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം ഈ സ്ഥാപനങ്ങൾ നാലു ലക്ഷത്തിലേറെ അംഗങ്ങൾക്കായി 700 കോടിയിലേറെ രൂപ ലോൺ അനുവദിച്ചു. 100 കോടി രൂപയുടെ ഓഹരി മൂലധനവും 2500 കോടി രൂപയുടെ നിക്ഷേപ സ്വരൂപണവും ഒരു വർഷം കൊണ്ട് ഈ സ്ഥാപനങ്ങൾ നടത്തി. 90 ശതമാനം സഹകരണ സ്ഥാപനങ്ങളും ലാഭകരമായാണ് പ്രവർത്തിക്കുന്നത് എന്നത് ഈ മാതൃകയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
2012ൽ കോഴിക്കോട് ആസ്ഥാനമായി നിലവിൽ വന്ന ‘സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി’ക്ക് എട്ടു ബ്രാഞ്ചുകളിലായി അരലക്ഷത്തോളം ഓഹരി ഉടമകളും 11 കോടി രൂപയുടെ ഓഹരി മൂലധനവും 150 കോടി രൂപയുടെ വാർഷിക നിക്ഷേപവുമുണ്ട്. സ്വയംതൊഴിൽ വായ്പകൾ, ചെറുകിട ബിസിനസ് ലോണുകൾ, സംരംഭകത്വ വായ്പകൾ, വെഹിക്കിൾ ഫിനാൻസ്, സോളാർ ഫിനാൻസ് തുടങ്ങിയ വിവിധ പലിശരഹിത സേവനങ്ങൾ സംഗമം നൽകിവരുന്നു. കേരളത്തിൽ കോഴിക്കോട്, മുക്കം, കുറ്റ്യാടി, ആലുവ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ മൂന്നിടത്തും ബ്രാഞ്ചുകളുണ്ട്. സൊസൈറ്റിയുടെ ഹെഡ് ഓഫിസ് കെട്ടിടം ഈ മാസം 14ന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
രാജ്യത്തെ ദാരിദ്ര്യ നിർമാർജനത്തിൽ പലിശരഹിത മൈക്രോ ഫിനാൻസ് സംവിധാനങ്ങൾക്കും സഹകരണ പ്രസ്ഥാനങ്ങൾക്കും വലിയ പങ്കുവഹിക്കാനുണ്ട്. കേരളത്തിലെ സഹകരണ നിയമങ്ങൾ കുറച്ചുകൂടി ലളിതമാക്കിയാൽ ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളും കൊണ്ടുവരാനാവുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

