അന്യായ അറസ്റ്റിന് നീതിപീഠത്തിന്റെ വിലങ്ങ്
text_fieldsഇന്ത്യൻ ഭരണഘടനയിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 21-ാം വകുപ്പ്. ഭരണഘടനാ നിർമാണസഭയിൽ ഏറ്റവും ദീർഘവും വിശദവുമായ ചർച്ചകൾ നടന്നതും ഇതിന്മേലായിരുന്നു. ‘നിയമസ്ഥാപിത നടപടിക്രമത്തിലൂടെയല്ലാതെ ആരുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ അപഹരിച്ചുകൂടാ’ എന്ന് ഈ വകുപ്പ് അനുശാസിക്കുന്നു. ഇവിടെ 'നിയമം' എന്ന പദത്തിനർഥം അർഹമായ നിയമനിർമാണസഭ നിർമിച്ച നിയമമെന്നോ, അതോ മൗലികവും സ്വാഭാവികവുമായ നീതിയെന്നോ എന്ന പ്രശ്നം ഭരണഘടന നിലവിൽവന്നയുടൻ സുപ്രീംകോടതിക്കുമുന്നിലെത്തി. ഒടുവിൽ മദ്രാസ് സംസ്ഥാനവും എ.കെ. ഗോപാലനും തമ്മിലുള്ള കേസിൽ ഈ വിഷയം വിശദമായി ചർച്ചചെയ്യപ്പെട്ടു.
22-ാം വകുപ്പ് മൂന്ന് സുപ്രധാന അവകാശങ്ങൾ ഉറപ്പുനൽകുന്നു: 1.അറസ്റ്റ് ചെയ്യപ്പെടുന്നയാളെ അറസ്റ്റിനുള്ള കാരണം കൃത്യമായി അറിയിക്കുക. 2.അറസ്റ്റിലാകുന്നയാൾക്ക് ഇഷ്ടമുള്ള അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമോപദേശം തേടാനും കേസ് വാദിക്കാനുമുള്ള അവകാശം നൽകുക.3.കസ്റ്റഡിയിലെടുക്കുന്നയാളെ 24 മണിക്കൂറിനകം ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുക; മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രമേ തുടർതടങ്കൽ പാടുള്ളൂ.
22-ാം വകുപ്പ് മൂന്നാം ഉപവകുപ്പ് അനുവദിക്കുന്ന കരുതൽതടങ്കൽ അധികാരത്തിന്റെ കാഠിന്യം കുറയ്ക്കാനാണ് ഈ ഭരണഘടനാപരിരക്ഷകൾ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഓരോ തടങ്കലും നിയമപരമായ അധികാരത്തിലൂടെ മാത്രമായിരിക്കണം; എക്സിക്യൂട്ടീവിന്റെ ഇച്ഛാനുസരണമാകരുത്.
ഒന്നാമത്തെ കരുതൽതടങ്കൽ നിയമം 1950-ൽ പാർലമെന്റ് പാസാക്കി. വൈകാതെ അതിന്റെ ഭരണഘടനാസാധുത എ.കെ. ഗോപാലൻ കേസിൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ആറ് ജഡ്ജിമാർ വാദംകേട്ടശേഷം വെവ്വേറെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്തയും മൗലികാവകാശങ്ങളുടെ വ്യാപ്തിയും പരിശോധിച്ച ആ കേസ് നമ്മുടെ ഭരണഘടനാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
ആരെയും എപ്പോഴും അറസ്റ്റ് ചെയ്യാമെന്ന സർക്കാരിന്റെ അധികാരപ്രയോഗത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് ജസ്കരണ്‍ ജീത് സിങ് ദിയോളും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി ഈയിടെ ഉത്തരവിറക്കിയത്. അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിക്കാതെ വ്യക്തികളെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. കാരണം രേഖാമൂലം നൽകാതെയുള്ള അറസ്റ്റ് ഭരണഘടനയുടെ 22(1) വകുപ്പുപ്രകാരം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റിലാകുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം കാരണം നൽകേണ്ടത്.
ഒരിക്കൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വ്യക്തമായാൽ, വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസി വ്യക്തമായ കാരണം രേഖാമൂലം ബോധ്യപ്പെടുത്തി മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ സർവീസ് ബുക്കിൽ രേഖപ്പെടുത്തി നടപടിയെടുക്കുകയും വേണം. കൂടാതെ കേസിന്റെ ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറണം. ഉത്തരവിന്റെ പകർപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസ് മേധാവികൾക്ക് അയച്ചുകൊടുക്കാനും നിർദേശമുണ്ട്.
കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും കാരണം രേഖാമൂലം നൽകാതെ ആരെയും തടവിലിടാനാകില്ല. അറസ്റ്റിന്റെ കാരണം തുടക്കത്തിലേ രേഖാമൂലം നൽകിയില്ലെങ്കിൽ, പിന്നീട് കുറ്റപത്രം സമർപ്പിച്ചാലും അറസ്റ്റ് നിയമവിധേയമാകില്ല; ഭരണഘടനാവിരുദ്ധ തടങ്കലിൽനിന്ന് വ്യക്തി മോചിതനാകും. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം (പി.എം.എൽ.എ.), യു.എ.പി.എ. എന്നിവയുൾപ്പെടെയുള്ള പ്രത്യേക നിയമങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. കോടതി വിട്ടയച്ചയാളെ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ മേലധികാരിയുടെയും ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെയും മുൻകൂർ അനുമതി വേണം.
അന്യായമായ അറസ്റ്റിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി ഉറപ്പാക്കണമെന്നും അത് സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നുമുള്ള ബെഞ്ചിന്റെ നിർദേശം പൊലീസിന് ശക്തമായ താക്കീതാണ്. ഇതൊരു പുതിയ നിയമനിർമാണമല്ല; മറിച്ച് ഭരണഘടന നിലവിൽവന്ന് മുക്കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി നടപ്പിലാക്കപ്പെടാത്ത മൗലികാവകാശങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന ശക്തമായ ഓർമപ്പെടുത്തലാണ് പരമോന്നത കോടതിയിൽനിന്നുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

