പൊളിയുന്ന മിത്തുകളും മാറുന്ന ലോകഘടനയും
text_fieldsഇസ്രായേലി-അമേരിക്കൻ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് തെഹ്റാൻ തെരുവിൽ നടന്ന റാലികളിലൊന്ന്
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ എതിർപക്ഷത്ത് ശക്തമായി നിലകൊണ്ടുതന്നെ രാഷ്ട്രീയസ്ഥിരത കൈവരിച്ച മധ്യ പൗരസ്ത്യദേശത്തെ ഏക പ്രബല രാജ്യമാണ് വിപ്ലവാനന്തര ഇറാൻ. ഭരണമാറ്റംകൂടി ലക്ഷ്യംവെച്ച് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഇറാനു മേൽ അടിച്ചേൽപിച്ച യുദ്ധത്തിന്റെ യഥാർഥ പശ്ചാത്തലവും ഇതുതന്നെ.
1960കളുടെ അവസാനത്തിൽ, ഐസൻഹോവറിന്റെ കാലത്ത് 1959ലെ വിപ്ലവത്തിലൂടെ അധികാരത്തിൽ വന്ന ക്യൂബയിലെ വിപ്ലവ ഭരണാധികാരി ഫിദൽ കാസ്ട്രോയെ പുറത്താക്കാൻ സി.ഐ.എ നടപ്പാക്കി പരാജയപ്പെട്ട ഓപറേഷൻ ആയിരുന്നു ‘ബേ ഓഫ് പിഗ്സ്’. സോവിയറ്റ് യൂനിയനുമായുള്ള ശീത യുദ്ധത്തിന്റെ കൊടുമുടിയിൽ അമേരിക്കയുടെ അഹന്തക്കേറ്റ കളങ്കമായിരുന്നു 1961ൽ അധികാരത്തിൽ വന്ന ജോൺ എഫ്. കെന്നഡിക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.
ക്യൂബയെ ആക്രമിച്ചു കാസ്ട്രോയെ പുറത്താക്കി അമേരിക്കയുടെ അഭിമാനവും ശക്തിയെ സംബന്ധിച്ച ഭയവും സൃഷ്ടിക്കാനുള്ള സമ്മർദം കെന്നഡിയുടെ മേൽ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹമതിന് വഴങ്ങിയില്ല. ഏകപക്ഷീയമായ ഇറാൻ ആക്രമണത്തിലൂടെ ഇസ്രായേലും മൊസാദും ട്രംപ് ഭരണകൂടത്തിന് സൃഷ്ടിച്ചതും സമാന സാഹചര്യമാണ്. കെന്നഡിക്കില്ലാത്ത എപ്സ്റ്റീൻ ഫയൽ പോലുള്ള വേറെ ചില സമ്മർദങ്ങളും ട്രംപിന്റെ മേൽ ഉണ്ടായിരുന്നിരിക്കണം.
ഖത്തറിന്റെ നയതന്ത്ര സഹായത്തോടെയും ഇറാന്റെ സഹകരണത്തോടെയും ട്രമ്പും ഈ പ്രതിസന്ധിയെ താൽക്കാലികമായെങ്കിലും അതിസമർഥമായി അതിജീവിച്ചുവെന്ന് വേണം മനസ്സിലാക്കാൻ. പ്രസിഡന്റ് ട്രംപ് തന്റെ നിയോകോൺ-മാഗാ (MAGA) ക്യാമ്പിനെയും ഇസ്രായേലിനെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സൈനികാധിനിവേശം ഉദ്ദേശിക്കാതെ, മുൻകൂട്ടി അറിയിച്ചതെന്ന് അനുമാനിക്കപ്പെടുന്ന ഒരു ടോക്കൺ ഓപറേഷനിലൂടെ ഇറാന്റെ ന്യൂക്ലിയർ ഇഷ്യൂ തൽക്കാലം അവസാനിപ്പിക്കുകയായിരുന്നു.
വിപ്ലവാനന്തര ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന ആദ്യശ്രമമല്ല ഇപ്പോഴത്തേത്; അവസാനത്തേതുമായിരിക്കില്ല. ഇറാൻ വിപ്ലവത്തിന്റെ ബാലാരിഷ്ടതകൾ പിന്നിടുന്നതിനു മുമ്പുതന്നെ, ആയത്തുല്ല ഖുമൈനിക്ക് തൊട്ടുതാഴെ സെക്കൻഡ് ഇൻ കമാൻഡ് ആയി പ്രവർത്തിച്ച ചീഫ് ജസ്റ്റിസ് ആയത്തുല്ല മുഹമ്മദ് ബഹശ്തി, നാല് കാബിനറ്റ് മന്ത്രിമാർ, 27 പാർലമെന്റംഗങ്ങൾ എന്നിവരുൾപ്പെടെ 71 മുതിർന്ന നേതാക്കളെ ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആസ്ഥാനത്ത് യോഗം നടന്നുകൊണ്ടിരിക്കെ ‘മുജാഹിദീനെ ഖൽഖ്’ എന്ന പ്രതി വിപ്ലവ ശക്തിയെ ഉപയോഗപ്പെടുത്തി 1981 ജൂണിൽ കൊലപ്പെടുത്തിയിരുന്നു.
ആയത്തുല്ല ഖുമൈനി,ജോൺ എഫ്. കെന്നഡി,ജിമ്മി കാർട്ടർ
അതേവർഷം ആഗസ്റ്റിൽ, സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെ, പ്രസിഡന്റ് മുഹമ്മദ് അലി റജാഇയും പ്രധാനമന്ത്രി മുഹമ്മദ് ജാവേദ് ബഹോനറും മറ്റ് ആറ് ഉദ്യോഗസ്ഥരും സ്യൂട്ട്കേസ് ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെട്ടിരുന്നു. ഇതുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ, ന്യൂക്ലിയർ വിഷയത്തിൽ ആറാംവട്ട ചർച്ച നടക്കാനിരിക്കെ, ഇസ്രായേൽ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ ഇറാന്റെ സൈനിക കമാൻഡർമാരെയും ന്യൂക്ലിയർ ശാസ്ത്രജ്ഞരെയും വധിച്ചത്, ഇറാനിലെ ഭരണകൂടത്തെ മറിച്ചിടാൻ മതിയാവില്ലെന്ന് ഉറപ്പായിരുന്നു.
വിപ്ലവാനന്തര ഭരണകൂടത്തിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന ബനീസദ്റിനെ ഉപയോഗപ്പെടുത്തി വിപ്ലവത്തെ ഉള്ളിൽനിന്നു തകർക്കാനും ശ്രമം നടന്നിരുന്നു. പാർലമെന്റിന്റെ ഇംപീച്ച്മെന്റിന് വിധേയനായ അദ്ദേഹം പാരിസിലേക്ക് ഒളിച്ചോടി. വിപ്ലവാനന്തരം ഇറാൻ റിപ്പബ്ലിക്കൻ ഗാർഡുകൾ 444 ദിവസം തടവിലാക്കിയ 52 അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ നടത്തിയ ‘ഓപറേഷൻ ഈഗ്ൾ ക്ലോ’യും ‘ഓപറേഷൻ ക്രെഡിബ്ൾ സ്പോർട്ടും’ ഒരുപോലെ പരാജയപ്പെട്ടു. ഈജിപ്തുമായുള്ള ക്യാമ്പ് ഡേവിഡ് കരാർ സാധിതമാക്കുകയും മറ്റെല്ലാതലങ്ങളിലും നല്ലൊരു പ്രസിഡന്റുമായിരുന്ന ജിമ്മി കാർട്ടറിന് രണ്ടാം ഊഴം നഷ്ടപ്പെട്ടതുപോലും വിപ്ലവാനന്തര ഇറാനിൽനിന്നു നേരിട്ട പരാജയം കാരണമായിരുന്നു.
ഇപ്പോൾ ഇസ്രായേൽ ഇറാനുമേൽ നടത്തിയ യുദ്ധവും അമേരിക്കയും ഇസ്രായേലും പ്രതീക്ഷിച്ചതിനു വിരുദ്ധമായ ഫലമാണ് ഉണ്ടാക്കിയത്. പ്രസിഡന്റ് ട്രംപ് ഇറാനെ മുൻകൂട്ടി അറിയിച്ച ഒരു ടോക്കൺ സൈനിക ഓപറേഷനിലൂടെ അമേരിക്കൻശക്തിയെ സംബന്ധിച്ച ‘ഭയം’ നിലനിർത്തി ഇസ്രായേലിന്റെ ഇറാൻയുദ്ധം അവസാനിപ്പിക്കുകയായിരുന്നു. മുൻകൂട്ടി അറിയിച്ച് ഖത്തറിലെ അമേരിക്കൻ സൈനിക താവളം തിരിച്ചാക്രമിച്ച ഇറാൻ, അമേരിക്കയുടെ ഭയപ്പെടുത്തലിനു കീഴടങ്ങാൻ തയാറില്ലെന്നും തത്തുല്യമായി തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.
അമേരിക്കയുടെ സൈനിക ഓപറേഷനോട് പ്രത്യക്ഷത്തിൽ സഹകരിക്കാൻ ഒരു പാശ്ചാത്യ രാജ്യവും കൂട്ടാക്കിയില്ല. ഈ ഓപറേഷന് വേണ്ടി യു.എൻ അംഗീകാരത്തിനുള്ള പ്രമേയം അവതരിക്കപ്പെട്ടില്ല. അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരംപോലും ട്രംപ് തേടിയില്ല. യൂറോപ്പിലും അമേരിക്കയിലും സൈനിക ഇടപെടലിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു. ഇസ്രായേൽ ഇറാൻ ആക്രമണ സമയത്ത് ലക്ഷ്യംവെച്ച ഭരണ മാറ്റം, ന്യൂക്ലിയർ സമ്പുഷ്ടീകരണം അവസാനിപ്പിക്കൽ, ബാലിസ്റ്റിക് മിസൈൽ നിർമാണം അസാധ്യമാക്കൽ തുടങ്ങിയ ഒരു ലക്ഷ്യവും നേടാൻ സാധിച്ചില്ല.
ചരിത്രത്തിലിതാദ്യമായി, ഇസ്രായേലിന് സൈനികമായി കടുത്ത തിരിച്ചടി ലഭിക്കുകയും അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടേയും കൊളോണിയൽ പ്രോജക്റ്റ് ആയ ഇസ്രായേലിന് അവരുടെ സൈനിക പിന്തുണയില്ലാതെ സ്വതന്ത്രമായി നിലനിൽക്കാൻ സാധിക്കില്ലെന്ന് ലോകത്തിന് മുഴുക്കെ ബോധ്യപ്പെടുകയും ചെയ്തു. ഇസ്രായേലി ഭരണകൂടം കൂടുതൽ ഭിന്നിക്കുകയും ദുർബലപ്പെടുകയും ചെയ്തപ്പോൾ, ഇറാൻ ഭരണകൂടം കൂടുതൽ ജനകീയമാവുകയും ശക്തിപ്പെടുകയും ചെയ്തു. ഇതിനെല്ലാം അപ്പുറത്ത്, ഇസ്രായേൽ-ഇറാൻ യുദ്ധം മാറുന്ന ലോക ഘടനയെക്കുറിച്ച കൃത്യവും വ്യക്തവുമായ സൂചനകളും നൽകുന്നുണ്ട്.
ദാവീദിന്റെയും സോളമന്റെയും ഭരണത്തിൻ കീഴിൽ, അതിന്റെ ഏറ്റവും പ്രതാപകാലത്തുൾപ്പെടെ ചരിത്രത്തിലൊരിക്കലും യഥാർഥ ഇസ്രായേൽരാഷ്ട്രം 80 വർഷത്തിലേറെ നിലനിന്നിരുന്നില്ല. ബൈബിളിലും ഖുർആനിലും പരാമർശ വിധേയമായ ഫറവോനും മഹാഭാരതത്തിലെ കംസനും നടത്തിയതുപോലെ ചരിത്രത്തിലുടനീളം, എല്ലാ സാമ്രാജ്യത്വ ഭരണകൂടങ്ങളും അവർക്കു ഭീഷണി ഉയർത്തിയേക്കാവുന്ന ശക്തികളെ ഇല്ലായ്മ ചെയ്യുന്നതിന് പ്രീ എംപ്റ്റീവ് സ്ട്രൈക്കുകൾ നടത്തിയിരുന്നു. പക്ഷേ, ആ സ്വേച്ഛാധിപത്യ ശക്തികളൊക്കെ, അവർ ഇല്ലാതാക്കാൻ ശ്രമിച്ച അതേ ഭീഷണിക്കുതന്നെ കീഴ്പ്പെടുകയായിരുന്നു. ബിന്യമിൻ നെതന്യാഹുവിനും ഇസ്രായേലിനും കാലം എന്താണാവോ കരുതിവെച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.