പീസ് ബോണ്ട്: കൊളോണിയൽ നിയമത്തിന്റെ പിടിയിൽ ജനാധിപത്യം
text_fieldsസ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടാകുമ്പോഴേക്ക് ഇന്ത്യയിൽ പൗരജനങ്ങൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമായി മാറുകയാണോ? ജനാധിപത്യത്തിൽ അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ കേൾക്കുന്നതിനുപകരം അവരെ പൊലീസ് സ്റ്റേഷനുകളിലേക്കും മജിസ്ട്രേറ്റുമാരുടെ മുന്നിലേക്കും വിളിച്ചുവരുത്തി സമാധാനം പാലിക്കാമെന്ന് ബോണ്ട് എഴുതിവാങ്ങാനുള്ള ശ്രമം എന്തിന്റെ സൂചനയാണ്? ഭരണകൂടത്തിന്റെ ഈ മുന്നറിയിപ്പ് ഇന്ത്യൻ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളിലൂടെ സമാധാനലംഘനം തടയാൻ എന്ന പേരിലാണ് പീസ് ബോണ്ട് നടപ്പിലാക്കിയിരുന്നത്.തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും നിയന്ത്രിക്കുകയായിരുന്നു അന്ന് ഭരണകൂടത്തിന്റെ ലക്ഷ്യം . പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതും ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നതും രാജ്യദ്രോഹമായും ഭരണവിരുദ്ധ പ്രവർത്തനങ്ങളായുമാണ് ബ്രിട്ടീഷ് അധികാരികൾ ചിത്രീകരിച്ചിരുന്നത്. ഇന്ന് ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇന്ത്യൻ ഭരണഘടന പൗരർക്ക് അഭിപ്രായപ്രകടനത്തിനും സമാധാനപരമായി ഒത്തുചേരുന്നതിനുമുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു. അതുകൊണ്ടുതന്നെ, പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു എന്നതുകൊണ്ടോ സർക്കാരിനെ വിമർശിച്ചു എന്ന കാരണത്താലോ സമാധാനലംഘകരായി ചിത്രീകരിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് നിരക്കാത്തതുമാണ്.
ഇവിടെ പ്രസക്തമായ ചോദ്യം പ്രതിഷേധക്കാർക്ക് നിയമങ്ങൾ ലംഘിക്കാനുള്ള അവകാശമുണ്ടോ എന്നതല്ല. മറിച്ച്, നിയമം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം തന്നെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ മാനിക്കുന്നുണ്ടോ എന്നതാണ്.
സവർക്കറുടെ മാപ്പപേക്ഷകളും പീസ് ബോണ്ടും
ബ്രിട്ടീഷ് ഭരണകൂടത്തോട് വിനായക് ദാമോദർ സവർക്കർ സമർപ്പിച്ച ദയാഹർജികൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് . തടവിൽനിന്ന് മോചനം നേടുന്നതിനായി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് പല മാപ്പ് ഹർജികളും സമർപ്പിച്ചു. 1920 മാർച്ച് 30-ലെ ഹർജിയിൽ, മോചനം ലഭിച്ചാൽ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന് എഴുതി നൽകിയതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
അധികാരത്തിന്റെ മുന്നിൽ കീഴടങ്ങി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വ്യവസ്ഥകൾ അംഗീകരിച്ച സവർക്കറുടെ മാതൃക ഇന്നത്തെ യുവനേതാക്കൾ പിന്തുടരണമെന്നാണോ ഇന്നത്തെ ഭരണകൂടം ആഗ്രഹിക്കുന്നത്? പ്രതിഷേധിക്കുന്ന പൗരരോട് സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകാൻ ആവശ്യപ്പെടുമ്പോൾ, ആ ഉറപ്പ് ഭാവിയിൽ അവരുടെ നിയമാനുസൃതമായ രാഷ്ട്രീയ പ്രവർത്തനങ്ങളെപ്പോലും നിയന്ത്രിക്കാനുള്ള ഉപാധിയായി മാറാനുള്ള സാധ്യത ഏറെയാണ്.
അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു.അത് കൊണ്ട് തന്നെ പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും വലിയ സാമ്പത്തിക ബാധ്യതയുള്ള ബോണ്ടുകൾ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ യുക്തി എന്താണ് ? നിയമം ഉപയോഗിച്ച് സമരക്കാരെ തടവിലാക്കുന്നതു മാത്രമല്ല സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള മാർഗം. ദീർഘമായതും സാമ്പത്തിക ബാധ്യതയുള്ളതുമായ നിയമനടപടികളിൽ കുരുക്കി ഭാവിയിൽ കേസുകളിൽപ്പെടുത്തുമെന്ന ആശങ്ക പടർത്തി അവരെ പ്രതിഷേധത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ "ചില്ലിങ് ഇഫക്ട്" ആണ് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും ഔദാര്യമല്ല, അവകാശമാണ്. കോടതികൾ ഈ കേസുകൾ പരിഗണിക്കുമ്പോൾ ഉത്തരം കിട്ടേണ്ടത് ഒന്നാണ്: നിയമം സമാധാനം ഉറപ്പാക്കാനോ, അതോ അധികാരത്തെ ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കാനോ?
ഇത്തരം പ്രവണതകൾ ശക്തിപ്പെടുമ്പോൾ, പൗരർ നിയമനടപടികളെ ഭയന്ന് സ്വന്തം ശബ്ദം താഴ്ത്തുകയും അങ്ങിനെ ജനാധിപത്യത്തിന്റെ ജീവശ്വാസമായ വിയോജിപ്പുകളെ നിശ്ശബ്ദമാക്കാമെന്നുമാണ് ഇപ്പോഴത്തെ ഭരണകൂടം കരുതുന്നത്.ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതയെക്കുറിച്ച് ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട് .
സ്വാതന്ത്ര്യസമര സേനാനികൾ പോരാടിയത് ഭരണാധികാരികളുടെ അനുവാദത്തോടെ അടിമകളായി ജീവിക്കാനല്ല; ഓരോ പൗരർക്കും അവകാശങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാനും അധികാരത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനും കഴിയുമ്പോഴാണ് സ്വാതന്ത്ര്യത്തിന് യഥാർഥ അർഥമുണ്ടാകുന്നത്. അത് കൊണ്ട് തന്നെ സമാധാനം , രാജ്യ ദ്രോഹം എന്നീ വാക്കുകൾ ഉപയോഗിച്ച് വിയോജിപ്പിനെ നിശ്ശബ്ദമാക്കാൻ ആരെയും അനുവദിക്കരുത്.

