പ്രമേഹ രോഗികളും വ്രതാനുഷ്ഠാനവും
text_fieldsലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകൾ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് റമദാനിൽ വ്രതമനുഷ്ഠിക്കുന്നു. ആരോഗ്യവാനായ ഒരു പ്രമേഹരോഗിക്ക് വ്രതാനുഷ്ഠാനം കൊണ്ട് സാധാരണഗതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ, താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട പ്രമേഹരോഗികൾ വ്രതമെടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം:
ടൈപ് 1 പ്രമേഹരോഗികൾ: ഇവർക്ക് ദിവസവും മൂന്നോ നാലോ തവണ ഇൻസുലിൻ കുത്തിവെപ്പ് അത്യാവശ്യമാണ്. അല്ലാത്തപക്ഷം സങ്കീർണമായ ഡയബറ്റിക് കെറ്റോ അസിഡോസിസ് (DKA) എന്ന അവസ്ഥക്ക് ഇവർ അടിമപ്പെട്ടേക്കാം.
നിയന്ത്രണാതീതമായ പ്രമേഹം: മരുന്നുകൾ കഴിച്ചിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് 400 mg/dL, 500 mg/dL എന്നിങ്ങനെ അമിതമായി തുടരുന്നവർ.
മറ്റ് രോഗബാധിതർ: സാരമായ വൃക്കരോഗമുള്ളവർ, ഡയാലിസിസ് ചെയ്യുന്നവർ, വൃക്കയിൽ കല്ലുള്ളവർ, ഹൃദ്രോഗികൾ, ഹൃദയാഘാതം സംഭവിച്ചവർ, പക്ഷാഘാതം വന്നവർ, കാൻസർ രോഗികൾ, ചെറിയ കുട്ടികൾ, കുടലിൽ അൾസർ ഉള്ളവർ, കരൾ രോഗികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മാരകമായ പകർച്ചവ്യാധികളുള്ളവർ തുടങ്ങിയവർ
വ്രതകാലത്ത് ശ്രദ്ധിക്കേണ്ടത്
നിർജലീകരണം (Dehydration): ശരീരത്തിലെ ജലാംശം കുറയുന്ന അവസ്ഥ.
ഹൈപ്പോ ഗ്ലൈസീമിയ (Hypoglycemia): രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നത്.
ഹൈപ്പർഗ്ലൈസീമിയ (Hyperglycemia): രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കൂടുന്നത്.
പ്രതിരോധ മാർഗങ്ങൾ
1. നിർജലീകരണം തടയാൻ
നോമ്പ് തുറന്നശേഷം ഒന്നര ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പിന്നീട് ഓരോ മണിക്കൂർ ഇടവിട്ടും വെള്ളം കുടിക്കണം. അത്താഴസമയത്തും നന്നായി വെള്ളം കുടിക്കുക. ഒരു ദിവസം ആകെ രണ്ടുമുതൽ 2.5 ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
2. പഞ്ചസാര കുറഞ്ഞാൽ
തളർച്ച, അമിതമായ ക്ഷീണം, തലകറക്കം, വിറയൽ എന്നിവ അനുഭവപ്പെടാം. സാരമായ അവസ്ഥയിൽ ബോധക്ഷയം വരെ സംഭവിക്കാം. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർ പരിശോധിക്കുക. 70 mg/dL-ൽ താഴെയാണെങ്കിൽ ഉടനടി നോമ്പ് മുറിക്കേണ്ടതാണ്. രണ്ടോ മൂന്നോ ഈത്തപ്പഴം, പഞ്ചസാര അടങ്ങിയ ഫ്രൂട്ട് ജ്യൂസ് അല്ലെങ്കിൽ മറ്റ് പഴവർഗങ്ങൾ നൽകുക. അൽപസമയത്തിനുശേഷം ലഘുഭക്ഷണം നൽകാം.
3. പഞ്ചസാര കൂടിയാൽ
ബ്ലഡ് ഷുഗർ 300 mg/dL-ൽ കൂടുതലായാൽ നോമ്പ് മുറിക്കുന്നതാണ് ഉചിതം. ഡോക്ടർ നിർദേശിച്ച മരുന്നുകൾ കൃത്യമായി നൽകുക.
ഭക്ഷണക്രമവും മരുന്നുകളും
വ്രതകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് രണ്ടോ മൂന്നോ തവണ പരിശോധിക്കണം. വ്രതം തുടങ്ങുന്നതിനുമുമ്പേ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കിയാൽ പാർശ്വഫലങ്ങൾ ഒഴിവാക്കാം.
ഇഫ്താറിന് വെള്ളം, പഴവർഗങ്ങൾ, പഴച്ചാറുകൾ എന്നിവക്ക് മുൻഗണന നൽകുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഒരേ സമയം അമിതമായി കഴിക്കാതിരിക്കുക.
അത്താഴം ഒഴിവാക്കരുത്. ചോറ്, ചപ്പാത്തി, പുട്ട്, മുട്ടക്കറി, ചിക്കൻ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്താം. ധാരാളം വെള്ളം കുടിക്കണം.
ഇൻസുലിൻ എടുക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം ഡോസിൽ മാറ്റം വരുത്തണം. (സാധാരണയായി ഇഫ്താർ സമയത്ത് ഡോസ് കുറക്കേണ്ടി വരാറില്ല, എന്നാൽ അത്താഴ സമയത്ത് ഡോസ് കുറക്കാറുണ്ട്. ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും). വ്രതം തുടങ്ങുന്നതിനുമുമ്പ് നിർബന്ധമായും ഡോക്ടറെക്കണ്ട് മരുന്നുകളുടെ ഡോസുകൾ ക്രമീകരിക്കേണ്ടതാണ്.
(ലേഖകൻ കോഴിക്കോട്ടെ പ്രമേഹരോഗ വിദഗ്ധനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

