നയതന്ത്ര മിന്നലാക്രമണം
text_fields26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണം 48 മണിക്കൂർ പിന്നിടുമ്പോൾ, ഇന്ത്യയും പാകിസ്താനും പ്രത്യക്ഷ നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഭീകരാക്രമണശേഷം, ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നടപടികളെ ‘ദ ട്രിബ്യൂൺ’ പത്രാധിപർ ഹാരിഷ് ഖരെ വിശേഷിപ്പിച്ചത് ‘നയതന്ത്ര മിന്നലാക്രമണം’ എന്നാണ്. ‘മിന്നലാക്രമണം’ അഥവാ സർജിക്കൽ സ്ട്രൈക്ക് എന്ന് ഇന്ത്യ വ്യാപകമായി പ്രയോഗിച്ചത് പുൽവാമ ഭീകരാക്രമണത്തിന് പകരം ചോദിച്ച്, പാകിസ്താനിലെ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തെയാണ്. 2019 ഫെബ്രുവരി 14നാണ് 40 സൈനികർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണമുണ്ടായത്. 12ാം നാൾ അപ്രതീക്ഷിതമായൊരു വ്യോമാക്രമണത്തിലൂടെ സൈന്യം ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ ആ സംഭവങ്ങളുടെ ആവർത്തനമാണ് പഹൽഗാം ഭീകരാക്രമണത്തിനുശേഷം പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടത്. അത്തരം സൂചനകളുള്ള പ്രസ്താവനകൾ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നടത്തുകയും ചെയ്തു. എന്നാൽ, നേരിട്ടുള്ള പ്രത്യാക്രമണങ്ങൾക്കു പകരം മറ്റൊരു രീതിയാണ് തുടക്കത്തിൽ ഇന്ത്യ അവലംബിക്കുന്നത്. നയതന്ത്ര മിന്നലാക്രമണം എന്ന് ഈ ഘട്ടത്തെ വിശേഷിപ്പിക്കാം.
പുൽവാമയിൽ റദ്ദാക്കാത്ത സിന്ധു കരാർ
യുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയൂം പശ്ചാത്തലത്തിൽ മുമ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പഹൽഗാം കൂട്ടക്കൊലക്കുശേഷം, പാകിസ്താൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കിയതും പാക് ഹൈ കമീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതും വാഗ അട്ടാരി അതിർത്തി അടച്ചിട്ടതുമെല്ലാം നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായിട്ടാണ്. എന്നാൽ, അതിനെ നയതന്ത്ര യുദ്ധം എന്നു വിശേഷിപ്പിക്കാനാവില്ല. അതേസമയം, സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത് നയതന്ത്ര മിന്നലാക്രമണമായി കണക്കാക്കണം. 1960ൽ ലോക ബാങ്കിന്റെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയതാണ് ഈ കരാർ. അതിനുശേഷം നാല് യുദ്ധങ്ങളും നിരവധി തവണ അതിർത്തി കടന്നുള്ള ആക്രമണങ്ങളുമുണ്ടായിട്ടും ഇരു രാജ്യങ്ങളും ഈ കരാറിൽ തൊട്ടില്ല. രണ്ട് രാജ്യങ്ങൾക്കുമായി പ്രകൃതി കനിഞ്ഞരുളിയ വിഭവം എന്ന നിലയിൽ പങ്കുവെക്കലിന്റെ രാഷ്ട്രീയമാണ് ഈ സംഘർഷങ്ങൾക്കിടയിലും പങ്കുവെക്കപ്പെട്ടത്.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീ ജല കരാർ മരവിപ്പിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് തുടർ നീക്കങ്ങളൊന്നുമുണ്ടായില്ല. ഇപ്പോൾ, ആദ്യമായി ഇന്ത്യ അത്തരമൊരു പ്രഖ്യാപനം നടത്തുമ്പോൾ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാകും. നിലവിൽ, ഈ കരാർ റദ്ദാക്കപ്പെടുന്നതിലൂടെ പാകിസ്താന് പെട്ടെന്ന് എന്തെങ്കിലും അപകടമുണ്ടാകുമെന്ന് കരുതാനാവില്ല; കരാറിന്റെ ഭാഗമായി സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നായി പാകിസ്താന് ലഭിക്കുന്ന ജലം ഇന്ത്യയിൽ തടഞ്ഞുവെക്കാൻ അണക്കെട്ടുകൾ നിലവിലില്ല. അതേസമയം, കശ്മീരിൽ സ്ഥാപിക്കുന്ന രണ്ട് ജല വൈദ്യുതി പദ്ധതികൾ വഴി പാകിസ്താനുള്ള ജലം തടയാൻ ഇന്ത്യക്കാകും. നിലവിൽതന്നെ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൂടിയാണ് ഇന്ത്യയുടെ പ്രഖ്യാപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അന്താരാഷ്ട്രതലത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിൽ രൂപപ്പെടുത്തിയ കരാറിൽനിന്ന് ഏതെങ്കിലും കക്ഷി പിൻവാങ്ങുന്നതിനെക്കുറിച്ചും മറ്റും പരാമർശമില്ലാത്തത് മറ്റു പല നിയമപ്രശ്നങ്ങൾക്കും വഴി തുറക്കും.
യുദ്ധമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ
മറുവശത്ത്, ഇന്ത്യയുടെ ഡിപ്ലോമാറ്റിക് സർജിക്കൽ മിന്നലാക്രമണത്തെ ‘യുദ്ധം’ എന്നാണ് പാകിസ്താൻ വിശേഷിപ്പിച്ചിരിക്കുന്നത്. വിസ റദ്ദാക്കൽ പോലുള്ള സ്വാഭാവിക നയതന്ത്ര ‘തിരിച്ചടി’കൾക്കു പുറമെ പാകിസ്താൻ ഷിംല കരാർ റദ്ദാക്കിയത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കാണ് വഴിതുറക്കുക. 1972ൽ, ഇരു രാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിനു ശേഷം രൂപപ്പെടുത്തിയ ഷിംല കരാറാണ് ഏറെ ദൗർബല്യങ്ങളോടെയാണെങ്കിലും അതിർത്തിയെ അൽപമെങ്കിലും ശാന്തമാക്കുന്നത്. യു.എൻ ചാർട്ടറിന്റെ തത്ത്വവും താൽപര്യവും ഉൾക്കൊണ്ട് തയാറാക്കപ്പെട്ട കരാർ എന്നാണ് അതിന്റെ ആമുഖ ഖണ്ഡികയിൽ പറയുന്നത്; ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെയും സമാധാനത്തിലൂടെയും പരിഹരിക്കാനുള്ള വഴി എന്നാണ് കരാറിന്റെ രണ്ടാം ഖണ്ഡികയിൽ പറയുന്നത്. അതോടൊപ്പം, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, അതിർത്തിയിലെ നിയന്ത്രണ രേഖ, അതിർത്തി കടന്നുള്ള തീർഥാടനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കൃത്യമായ പരാമർശമുള്ള കരാറാണിത്. ഇത് റദ്ദാക്കപ്പെടുന്നത് വ്യാപാരം, ഇരു രാജ്യങ്ങളിലേക്കുമുള്ള പരസ്പര സഞ്ചാരം എന്നിവയെ നേരിട്ട് ബാധിക്കും. അതോടൊപ്പം, അതിർത്തി മേഖലകൾ കൂടുതൽ അരക്ഷിതമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഇരു രാജ്യങ്ങളുടെയും ഇപ്പോഴത്തെ നയതന്ത്ര പ്രഖ്യാപനങ്ങളെ രാഷ്ട്രീയ നിരീക്ഷകരും നയതന്ത്ര വിദഗ്ധരുമെല്ലാം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.