Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടൊരുക്കാം, ദുരന്തങ്ങളെ ചെറുക്കാൻ

text_fields
bookmark_border
ദുരന്തപ്രതിരോധ ശേഷിയുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള ചർച്ച ആരംഭിക്കേണ്ടത് സുരക്ഷിതമായ ഭവനത്തിൽനിന്നാണ്. 2026-ലെ അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തിന്റെ പ്രമേയമായ ‘Resilience Starts at Home’ മുന്നോട്ടുവെക്കുന്നതും ഇതാണ്.
വീടൊരുക്കാം, ദുരന്തങ്ങളെ ചെറുക്കാൻ
cancel

ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം

ഒരു ദുരന്തമുണ്ടാകുമ്പോൾ ജീവൻ രക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് അടിയന്തരസഹായം എത്തിക്കുന്നതിനുമാണ് പ്രഥമപരിഗണന നൽകുന്നത്. കുടുങ്ങിയവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുക, കാണാതായവർക്കായി തിരച്ചിൽ നടത്തുക, ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ എത്തിക്കുക, തകർന്ന വൈദ്യുതി-ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയെല്ലാം ദുരന്താനന്തര ഇടപെടലുകളുടെ പ്രധാന ഘടകങ്ങളാണ്. സൈന്യം, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പങ്കാളിത്തം ഇതിൽ നിർണായകമാണ്. അതേസമയം, ദുരന്തമുണ്ടായ ശേഷമുള്ള പ്രതികരണങ്ങൾക്കപ്പുറം, അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ അവ ലഘൂകരിക്കുന്നതിനും തുല്യപ്രാധാന്യമുണ്ട്.

ഈ മുന്നൊരുക്കങ്ങളുടെ ചർച്ചയിൽ പലപ്പോഴും വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്ന ഇടമാണ് നമ്മുടെ വീട്. ഒരു കുടുംബത്തിന്റെ സുരക്ഷയും അതിജീവനശേഷിയും നിർണയിക്കുന്നതിൽ വീടിന്റെ പങ്ക് നിർണായകമായതിനാൽ, ദുരന്തപ്രതിരോധശേഷിയുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള ചർച്ച ആരംഭിക്കേണ്ടത് സുരക്ഷിതമായ ഭവനത്തിൽനിന്നാണ്. 2026-ലെ അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തിന്റെ പ്രമേയമായ ‘Resilience Starts at Home’ മുന്നോട്ടുവെക്കുന്നതും ഇതാണ്.

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ആവർത്തിക്കുന്ന കേരളത്തിൽ മനുഷ്യജീവനും വീടുകൾക്കും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ദുരന്തങ്ങളുടെ ആഘാതം മനുഷ്യജീവനുകളിൽ മാത്രം ഒതുങ്ങുന്നില്ല; ആയിരക്കണക്കിന് കുടുംബങ്ങളുടെ സുരക്ഷിതത്വത്തെയും ജീവിതപുനർനിർമാ ണത്തെയും അത് ബാധിക്കുന്നു.

വീടും ഭൂവിനിയോഗവും

ഒരു വീടിന്റെ സുരക്ഷ അത് സ്ഥിതിചെയ്യുന്ന ഭൂമിയുടെ സ്വഭാവവുമായും ബന്ധപ്പെട്ടിരിക്കുന്നു. മഴയുടെ അളവുകൊണ്ടു മാത്രമല്ല കേരളത്തിൽ ദുരന്തങ്ങളുടെ ആഘാതം കൂടുന്നത്; നീരൊഴുക്കുകൾ തടസ്സപ്പെടുന്നതും, തണ്ണീർത്തടങ്ങൾ നികത്തുന്നതും, മലഞ്ചരിവുകൾ അശാസ്ത്രീയമായി മുറിക്കുന്നതും നദികളുടെ സ്വാഭാവിക ഒഴുക്കിടങ്ങൾ കുറയുന്നതും ദുരന്തസാധ്യത വർധിപ്പിക്കുന്നു. അതിനാൽ കൃത്യമായ അപകടസാധ്യതാ ഭൂപടങ്ങൾ (Hazard mapping) തയ്യാറാക്കലും കർശനമായ കെട്ടിടനിർമാണ-ഭൂവിനിയോഗച്ചട്ടങ്ങളും അത്യന്താപേക്ഷിതമാണ്.

സുരക്ഷിത കുടുംബ യൂനിറ്റ്

ദുരന്തനിവാരണം പൂർണമായും സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. അടിയന്തരസാഹചര്യങ്ങളിൽ ഔദ്യോഗികസഹായം എത്തുന്നതിനുമുമ്പ് സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കാൻ ഓരോ കുടുംബവും സജ്ജമായിരിക്കണം:

അടിയന്തരപദ്ധതി: മുന്നറിയിപ്പ് ലഭിച്ചാൽ മാറേണ്ട സുരക്ഷിതകേന്ദ്രം, പരസ്പരം ബന്ധപ്പെടാനുള്ള മാർഗങ്ങൾ, വയോധികരെയും കിടപ്പുരോഗികളെയും മാറ്റാനുള്ള ക്രമീകരണങ്ങൾ എന്നിവ മുൻകൂട്ടി നിശ്ചയിക്കുക.

എമർജൻസി കിറ്റ്: കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ, പ്രഥമശുശ്രൂഷാ സാമഗ്രികൾ, ടോർച്ച്, പവർ ബാങ്ക്, പ്രധാന രേഖകളുടെ പകർപ്പുകൾ എന്നിവ സജ്ജമാക്കി വെക്കുക.

സാമൂഹിക കൂട്ടായ്മ: അയൽക്കൂട്ടങ്ങളുമായും പ്രാദേശിക സംവിധാനങ്ങളുമായും ചേർന്ന് മുന്നറിയിപ്പുകൾ കൈമാറാനും പരസ്പരം സഹായിക്കാനും തയ്യാറാവുക.

ദുരന്തം നൽകുന്ന പാഠങ്ങൾ

പ്രാദേശിക ഭൂപ്രകൃതിക്കും സംസ്കാരത്തിനും അനുസരിച്ചുള്ള മാതൃകകളാണ് ദുരന്തപ്രതിരോധത്തിന് ആവശ്യം. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിർമാണരീതികൾ, പരമ്പരാഗത വാസ്തുവിദ്യയിലെ കാലാവസ്ഥാസൗഹൃദ ഘടകങ്ങൾ, ആദിവാസി സമൂഹങ്ങളുടെ പരിസ്ഥിതി അവബോധം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. 2018-ന് ശേഷം മുന്നോട്ടുവെച്ച ‘Build Back Better’ (കൂടുതൽ കരുത്തോടെ പുനർനിർമിക്കുക) എന്ന നയം കേവലം പുനരധിവാസത്തിൽ ഒതുങ്ങാതെ പുതിയ ഭവനനിർമാണ നയങ്ങളുടെയും ഭാഗമാകണം.

എല്ലാവർക്കും സുരക്ഷിതമായ വീട് ലഭിക്കുന്നുണ്ടോ?

സുരക്ഷിതമായ ഭൂമി കണ്ടെത്താനും ശാസ്ത്രീയമായ നിർമാണരീതികളും ഇൻഷുറൻസും ഉറപ്പാക്കാനും സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. എന്നാൽ സാമ്പത്തിക പരിമിതികൾ മൂലം പല കുടുംബങ്ങൾക്കും ഇത്തരം സുരക്ഷിതത്വം അപ്രാപ്യമാകുന്നു.

അതുകൊണ്ട് സുരക്ഷിത ഭവനനിർമാണം വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമല്ല. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിർമാണരീതികൾ, സാങ്കേതിക സഹായം, സാമ്പത്തിക സബ്സിഡികൾ, സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കാൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ദുരന്തപ്രതിരോധശേഷി സാമ്പത്തികശേഷിയുള്ളവരുടെ മാത്രം പ്രത്യേകാവകാശമാകാതെ, എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട അവകാശമായി മാറണം. ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ അടിസ്ഥാനം ദുരന്താനന്തര രക്ഷാപ്രവർത്തനമല്ല; മറിച്ച് മുൻകൂട്ടിയുള്ള തയ്യാറെടുപ്പാണ്. ആ തയ്യാറെടുപ്പിന്റെ തുടക്കം നമ്മുടെ വീടുകളിൽ നിന്നാകട്ടെ

വീടെന്നാൽ ചുമരും മേൽക്കൂരയുമല്ല

കേരളത്തിൽ ഭവനനിർമാണച്ചർച്ചകൾ പലപ്പോഴും നിർമാണച്ചെലവ്, സൗകര്യങ്ങൾ, വിസ്തൃതി എന്നിവയിൽ ഒതുങ്ങിനിൽക്കുന്നു. എന്നാൽ മാറുന്ന കാലാവസ്ഥയിൽ വീടിന്റെ സുരക്ഷ വിലയിരുത്താൻ മറ്റ് ചില ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്:

വീട് പ്രളയസാധ്യതാപ്രദേശത്തോ മണ്ണിടിച്ചിൽ ഭീഷണിയുള്ള ചരിവിലോ ആണോ സ്ഥിതി ചെയ്യുന്നത്?

മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സൗകര്യങ്ങളുണ്ടോ?

അടിയന്തരസാഹചര്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഡിസെബിലിറ്റിയുള്ള മനുഷ്യർക്കും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയുമോ?

ശരിയായ സ്ഥാനത്ത്, ശാസ്ത്രീയമായ സാങ്കേതിക ഉപദേശത്തോടെയും പരിസ്ഥിതി പരിഗണനകളോടെയും നിർമിച്ച വീടാണ് യഥാർഥത്തിൽ സുരക്ഷിതം.

( കുവൈത്ത് ഓയിൽ കമ്പനിയിൽ എമർജൻസി ക്രൈസിസ് മാനേജ്മെന്റ് ഓഫീസറാണ് ലേഖിക)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disaster Resilience Starts at Home: International Day for Disaster Risk Reduction
Next Story