ഭരണാധികാരത്തിന്റെ ഭയപ്പാടുകള്
text_fieldsഡൽഹിയിലെ യുവജനപ്രക്ഷോഭം സംഘാടനമികവുകൊണ്ടു മാത്രമല്ല, അതിനെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിക്കുന്ന അസാധാരണ നടപടികൾകൊണ്ടും ലോകശ്രദ്ധ നേടുകയാണ്. തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഉത്തരവാദിത്തപൂർണമായ സമീപനം ആവശ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും അതിനുവേണ്ടി സമാധാനപരമായ യുവജനപ്രക്ഷോഭം ഉരുത്തിരിയുകയും ചെയ്യുമ്പോൾ അതിനെ നേരിടാൻ എന്തിനാണ് തലസ്ഥാനനഗരമൊന്നാകെ സുരക്ഷാസന്നാഹങ്ങളുടെ വലയത്തിലാക്കേണ്ടിവരുന്നത്? മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥിസംഘടനകളും പ്രതിപക്ഷപാർട്ടികളും നടത്തുന്ന സമരത്തിനെതിരെ ഭരണകൂടം നൽകുന്ന അക്രമോന്മുഖമായ പ്രതികരണത്തിനുശേഷം ഈ ചോദ്യം ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു.
എസ്.ഐ.ആർ വിരുദ്ധപ്രക്ഷോഭം ഇതിനകം നിരവധി വഴിത്തിരിവുകൾ പിന്നിട്ടുകഴിഞ്ഞു. എസ്.ഐ.ആറിന് എതിരായ പൊതുസമരമായാണ് ഇത് ആരംഭിച്ചത്. എന്നാൽ, വോട്ടർ ഡാറ്റാബേസുകളുടെ കൂട്ടിച്ചേർക്കലുകൾ, വെട്ടിമാറ്റലുകൾ, നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും പത്തുമാസത്തിനിടയിൽ കുറഞ്ഞത് പതിനാലു തവണ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തപ്പെട്ടതോടെ സ്വാഭാവികമായും സമരത്തിന് കൂടുതൽ ജനകീയവിശ്വാസ്യതയും പ്രസക്തിയും കൈവന്നു. പുതിയ വോട്ടർമാരെ ബാധിക്കുന്ന ഫോം 6-ലെ മാറ്റങ്ങൾ നിയമവിരുദ്ധമെന്നും അനധികൃതമെന്നുമുള്ള ആരോപണങ്ങൾക്ക് ലഭിച്ച ജനകീയസാധുത, പ്രശ്നം സുപ്രീംകോടതിവരെ എത്തിച്ചിട്ടുണ്ട്.
സഹനസമരത്തോടുള്ള അസഹിഷ്ണുതകൾ
വോട്ടർപട്ടിക എങ്ങനെയാണ് മാറ്റുന്നതെന്ന് വിശദീകരിക്കുക, സ്ഥാപനപരമായ സുതാര്യത പുനഃസ്ഥാപിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഉത്തരവാദിയാക്കുക എന്നിവയായിരുന്നു സമരത്തിന്റെ തുടക്കം മുതലുള്ള ആശങ്കാഭരിതമായ ആവശ്യങ്ങൾ. ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ട പശ്ചാത്തലം തികച്ചും സുതാര്യമാണ് എന്നിരിക്കെ, ഒക്ടോബർ 10-ലെ പ്രകടനങ്ങളോടുള്ള ഭരണകൂട അതിക്രമം സാധാരണ സമാധാനസമരങ്ങളോട് കാണിക്കുന്നതിനേക്കാൾ കടുത്തതും ആനുപാതികമല്ലാത്തതുമായിരുന്നു. സമരത്തിന് അനുമതി നിഷേധിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു; മധ്യഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; മെട്രോ, ഗതാഗതസേവനങ്ങൾ തടസ്സപ്പെടുത്തി; ഏകദേശം 30,000 പൊലീസുകാരെയും അർധസൈനികവിഭാഗങ്ങളെയും വിന്യസിച്ചു; സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡൽഹിയിൽ വന്നിറങ്ങിയ വിമാനത്തിനുള്ളിൽ കയറി അറസ്റ്റ് ചെയ്തു. തുടർന്നുനടന്ന ഫ്ലാഷ് പ്രകടനങ്ങളിൽനിന്ന് നിരവധിപേരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
ഇതിനുള്ള അരങ്ങൊരുങ്ങിയ രീതിയും അസാധാരണമായിരുന്നു. ഒക്ടോബർ നാലിന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാന പൊലീസ് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും, നോട്ടീസുകൾ അയക്കാനും, ആവശ്യമുള്ളിടത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ യുവജനങ്ങളെ തടങ്കലിൽവെക്കാനും, മുൻപ് പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ ഡൽഹിയിലേക്ക് യാത്രചെയ്യുന്നത് തടയാനും, അവരുടെ ഫണ്ടിങ് സ്രോതസ്സുകൾ പരിശോധിക്കാനും നിർദേശം നൽകിയിരുന്നു. എന്താണ് ഭരണകൂടത്തെ ഇത്രയും അസ്വസ്ഥമാക്കുന്നതെന്ന ചോദ്യത്തിന് ഇത് വ്യക്തമായ ഒരു ഉത്തരം നൽകുന്നുണ്ട്: ഗ്യാനേഷ് കുമാർ തെറ്റുകാരനാണെങ്കിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുവിജയംതന്നെ വ്യവസ്ഥയെ അട്ടിമറിച്ച വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കേണ്ടിവരും.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയിലേക്ക് നയിച്ച ജൂലൈയിലെ സി.ജെ.പി പ്രക്ഷോഭത്തിന്റെ പരിമിതമായ രാഷ്ട്രീയവിധിയല്ല ഈ സമരത്തിന്റെ വിജയം പ്രവചിക്കുന്നതെന്ന വസ്തുത സുവ്യക്തമാണ്. ഈ കാഴ്ചപ്പാട് അടിച്ചമർത്തലിന്റെ മനഃശാസ്ത്രത്തെത്തന്നെ മാറ്റിമറിക്കുന്നു. പരിധി മുൻകൂട്ടി നിശ്ചയിക്കാൻ കഴിയുന്ന സാധാരണ പ്രതിഷേധങ്ങളോടുപോലും സർക്കാർ അക്രമോന്മുഖ സമീപനം സ്വീകരിക്കുന്നു എന്ന പരാതി നിലനിൽക്കുമ്പോൾ, ഭരണകൂടത്തിന്റെ സാധുതതന്നെ വിശ്ലഥമാക്കുന്ന പ്രക്ഷോഭത്തിന്റെ അപരിമേയമായ അപകടം മുന്നിൽക്കണ്ടാണ് ഭരണാധികാരത്തെ നിർവചിക്കുന്ന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ കാപട്യങ്ങളിലേക്ക് ചൂണ്ടുവിരലുകൾ നീളുന്ന സമരം എത്രയുംവേഗം മർദിച്ചൊതുക്കേണ്ടതുണ്ട് എന്ന കർശനനിലപാടിലേക്ക് ഭരണകൂടം എത്തിച്ചേരുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കം അതിന്റെ ഒരു നിർണായകഘട്ടം പിന്നിട്ടിരിക്കുന്നുവെന്നും, അതിപ്പോൾ കേവലം യുവജനങ്ങളുടെ പരാതി മാത്രമായി ചുരുങ്ങാതെ ഭരണകൂടത്തിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന സമരമായി മാറിയിരിക്കുന്നുവെന്നും അവർ തിരിച്ചറിയുന്നു.
ജന്തർമന്തറിനെ അംഗീകൃത പ്രതിഷേധകേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് ഇതിന്റെ പ്രതീകാത്മകതയെ വ്യക്തമാക്കുന്നു. ഇതിനെതിരെ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും അവിടെ പ്രവേശിക്കുകയും ദേശീയപതാക ഉയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തത് ഈ പ്രതീകാത്മക നിഷേധത്തോടുള്ള ശക്തമായ പ്രതിനിഷേധമായിരുന്നു. സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശവുമായി ചരിത്രപരമായി ബന്ധപ്പെട്ടിരുന്ന ഒരിടംതന്നെ ഭരണപരമായ വിലക്കിന്റെ ഇരയായി മാറിയെന്നത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച അപചയത്തെ തീക്ഷ്ണമായി ഉയർത്തിക്കാട്ടുകയാണ്.
അധികാരത്തിന്റെ അരക്ഷിതത്വം
സമകാലിക ജനാധിപത്യം പ്രവർത്തിക്കുന്നത് എക്സിക്യൂട്ടീവ് അധികാരം, കോർപറേറ്റ് ശക്തി, ഉദ്യോഗസ്ഥ ഭരണസംവിധാനം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, കേന്ദ്രീകൃത മാധ്യമസ്വാധീനം എന്നിവയടങ്ങുന്ന സങ്കീർണമായ ഒരു ശൃംഖലയ്ക്കുള്ളിലാണ്. തെരഞ്ഞെടുപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, അവയെ ചുറ്റിപ്പറ്റിയുള്ള പ്രക്രിയകൾ കൂടുതൽ സാങ്കേതികവും ഉദ്യോഗസ്ഥതലത്തിൽ നിയന്ത്രിക്കപ്പെടുന്നതുമായി മാറുന്നു. വോട്ടർ ഡാറ്റാബേസുകൾ, അൽഗോരിത സംവിധാനങ്ങൾ, പരിശോധനാ നടപടിക്രമങ്ങൾ എന്നിവ രാഷ്ട്രീയമായി നിഷ്പക്ഷമാണെന്ന് തോന്നിയേക്കാമെങ്കിലും ഒരു ഡാറ്റാബേസിൽ ആര് പ്രവേശിക്കണം, അതിൽനിന്ന് ആര് അപ്രത്യക്ഷമാകണം, അതിന്റെ ഘടന ആര് നിയന്ത്രിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങൾ രാഷ്ട്രീയാധികാരത്തിന്റെ വിതരണത്തെ നിർണയിക്കുന്ന തീരുമാനങ്ങളാണ്.
ഇതുകൊണ്ടാണ് സുതാര്യതയെന്നത് കേവലം ഏതോ നടപടിക്രമം എന്നതിലുപരി ലിബറൽ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ കേന്ദ്രപ്രശ്നമായി മാറുന്നത്. എവിടെയാണോ അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്, അവിടെ അവ്യക്തത അധികാരത്തെ സംരക്ഷിക്കുന്നു. അതേസമയം സുതാര്യതയാവട്ടെ, ചോദ്യംചെയ്യാനുള്ള ശേഷി ജനങ്ങൾക്ക് തിരികെനൽകുന്നു. ഇപ്പോഴത്തെ അടിച്ചമർത്തൽ സമീപനത്തിന്റെ മൂലകാരണം ഇത് കൂടുതൽ കൂടുതലായി സാമാന്യജനങ്ങൾക്കുപോലും വെളിപ്പെടുന്നു എന്ന ഭീതിതന്നെയാണ്. മാത്രമല്ല, സമരം നീളുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര ജനാധിപത്യപ്രതിച്ഛായയെക്കുറിച്ച് ഭരണകൂടത്തിന് ആശങ്കയുണ്ടാകാനും കാരണമായിരിക്കുന്നു. സർക്കാരിനെതിരായ ജെൻ-സിയുടെ വലിയ വെല്ലുവിളിയായി റോയിട്ടേഴ്സ് നിരന്തരം ഈ സമരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൂരെ ബ്രസീലിയൻ പത്രമായ ‘ഫോള ഡി എസ്.പോളോ’ പോലും സി.ജെ.പി നേതാക്കളുടെ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
തങ്ങൾ ഇന്ത്യയെ വലിയ ജനാധിപത്യസാമ്പത്തികശക്തിയാക്കുന്നുവെന്ന പ്രതീതി അന്താരാഷ്ട്രതലത്തിൽ അവതരിപ്പിക്കാൻ വലിയ നിക്ഷേപം നടത്തിയ ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം, സമാധാനപരമായ ഒരു പ്രക്ഷോഭത്തിനിടയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുക, നേതാക്കളെ അനാവശ്യമായി മുൻകരുതൽ തടങ്കലിലാക്കുക, മാധ്യമപ്രവർത്തകരെ തടയുക, കസ്റ്റഡിയിലെടുക്കുക, ജനപ്രതിനിധികളെ ആക്രമിക്കുക തുടങ്ങിയ ഇടപെടലുകൾ ഒരുതരത്തിലും ഗുണംചെയ്യുന്നതല്ല. മാത്രമല്ല, ഏകോപിതമായ അന്താരാഷ്ട്ര വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഭാഗമായി ഈ സമരത്തെ സർക്കാർ കാണുന്നില്ലെങ്കിലും ഈ താരതമ്യം ഒഴിവാക്കാനാവാത്തതാണ്. ഫ്രാൻസിൽ ഇപ്പോൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നുണ്ട്. സ്കൂൾ സാഹചര്യങ്ങളിൽ തുടങ്ങി പൊതുസേവനങ്ങളെയും അസമത്വത്തെയുംകുറിച്ചുള്ള വലിയൊരു വിപ്ലവമായി അത് വളർന്നിരിക്കുന്നു. ചിലിയൻ വിദ്യാർഥികൾ വിദ്യാഭ്യാസബജറ്റ് വെട്ടിക്കുറയ്ക്കുന്നതിനെതിരെ അണിനിരന്നിരിക്കുന്നു; ലാറ്റിനമേരിക്കയിലും മറ്റിടങ്ങളിലും സമാനമായ സമരങ്ങൾ ഉയർന്നുവരുന്നു.
ഈ പ്രക്ഷോഭങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കേവലം സംഘാടനമല്ല, മറിച്ച് അവയുടെ ആത്യന്തികമായ രാഷ്ട്രീയലക്ഷ്യമാണ്. സ്ഥാപനങ്ങളെ ചോദ്യംചെയ്യാനും, തെരുവുകൾ പിടിച്ചെടുക്കാനും, ഔദ്യോഗിക വിശദീകരണങ്ങൾ തള്ളിക്കളയാനും, ആനുകൂല്യങ്ങൾ നേടിയെടുക്കാനും കഴിയുമെന്ന് ഒരു തലമുറ പഠിച്ചുകഴിഞ്ഞാൽ, അടിച്ചമർത്തലുകൾ ഭരണകൂടത്തിന് നിരാശാജനകമായ അനുഭവമായി മാറുമെന്നുറപ്പാണ്. അധികാരത്തിന്റെ ശക്തി തെളിയിക്കാനുള്ള ഓരോ ശ്രമവും ആ അധികാരം എത്രമാത്രം അരക്ഷിതമായിരിക്കുന്നു എന്നുമാത്രമാണ് ലോകത്തോട് വിളംബരംചെയ്യുക. ഈ യാഥാർഥ്യത്തിനുമുന്നിലാണ് പൊലീസിനെ ഇത്രമേൽ അഴിച്ചുവിട്ടിട്ടും പരിഭ്രാന്തി മാറാതെ ഇന്ത്യൻ ഭരണകൂടവും പകച്ചുനിൽക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

