അതിജീവിതരെ കാണാത്ത സർക്കാർ
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ദുരന്ത ബാധിത മേഖല സന്ദർശിച്ചപ്പോൾ
വയനാട്ടിലെ രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണയാണ് കേരളത്തിലെ പ്രതിപക്ഷം നല്‍കിയത്. സര്‍ക്കാറിനെ വിമര്‍ശിക്കാവുന്ന ഒട്ടനവധി കാര്യങ്ങളുണ്ടായിട്ടും ഞങ്ങള്‍ ഭരണ സംവിധാനത്തിനൊപ്പം നിന്നു. എന്നിട്ടും ദുരിതബാധിതരുടെ പട്ടിക തയാറാക്കുന്നതില്‍ പോലും സര്‍ക്കാറും റവന്യൂ വകുപ്പും ദയനീയമായി പരാജയപ്പെട്ടു.
മത- രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജനം ഒറ്റക്കെട്ടായി നിന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.1 1 കോടി രൂപയാണ് ഒഴുകിയെത്തിയത്. പൊതുജനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും നല്കിയ 455.54 കോടിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോള്‍ 91.74 കോടി രൂപ മാത്രമാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത്. 170 വീടുകള്‍ ഭാഗികമായും 145 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 245 വീടുകള്‍ വാസയോഗ്യമല്ലാതെയായി. എന്നിട്ടും വാടകയും, ഒരാള്‍ക്ക് 300 രൂപവെച്ച് ജീവനോപാധിയും മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. അതു തന്നെ നിരവധി മാസങ്ങള്‍ മുടങ്ങി. പ്രതിപക്ഷം നിയമസഭയില്‍ ഉള്‍പ്പെടെ ഈ വിഷയം കൊണ്ടുവന്നപ്പോഴാണ് സര്‍ക്കാര്‍ ഇത് പുനരാരംഭിച്ചത്.
പ്രധാനമന്ത്രി ദുരന്ത മേഖല സന്ദര്‍ശിച്ചതല്ലാതെ കേന്ദ്ര സര്‍ക്കാറും ക്രൂരമായ അവഗണനയാണ് വയനാടിനോടും കേരളത്തോടും കാട്ടിയത്. എല്‍ 3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചിട്ടുപോലും പലിശയില്ലാത്ത കടം തരാമെന്ന ഔദാര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. വിഷയം കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതുമാണ്. ഇതിനൊപ്പമാണ് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറും ജില്ല ഭരണകൂടവും ഒഴിഞ്ഞുമാറുന്നത്.
ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ‘റിവൈവ് വയനാട്’ എന്ന പേരില്‍ പദ്ധതി തയാറാക്കി, വിദേശരാജ്യങ്ങളില്‍ മെഡിസിന് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന ദുരന്ത മേഖലയിലെ 134 കുട്ടികളുടെ മുഴുവന്‍ ചെലവും വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ ഏറ്റെടുത്തത് മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഏക ആശ്വാസം. ഇതല്ലാതെ ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? വാടക വീട്ടില്‍ താമസിക്കുന്നവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള എന്തെങ്കിലും സംവിധാനം ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയോ? കൃഷി നഷ്ടപ്പെട്ടവര്‍ക്ക് ഏതെങ്കിലും പൊതുവായ ഇടത്ത് കൃഷി ചെയ്യാനുള്ള സൗകര്യമെങ്കിലും ഒരുക്കേണ്ടേ?
ഓരോ കുടുംബത്തിലും ഓരോ സ്ഥിതിയാണ്. അതുകൊണ്ടാണ് മൈക്രോ ഫാമിലി പാക്കേജ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് ഉണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ മതിയായ പണം നല്‍കിയില്ല. എട്ട് മാസത്തിനുശേഷമാണ് ദുരന്തബാധിതരുടെ പട്ടിക പോലും തയാറാക്കിയത്. അതു തന്നെ അബദ്ധ പഞ്ചാംഗമാവുകയും ചെയ്തു. ഇപ്പോഴും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരന്തബാധിതര്‍ നിരവധിയുണ്ട്. ദുരന്തമുണ്ടായ സ്ഥലത്തെ 80 ശതമാനം ആളുകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ട് ബാക്കിയുള്ളവരോട് അവിടെ ജീവിക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. അവര്‍ എങ്ങനെ അവിടെ ജീവിക്കും?
സര്‍ക്കാര്‍ ടൗണ്‍ ഷിപ് പദ്ധതി വൈകിയതിനാൽ, സ്വന്തം പദ്ധതി ആവിഷ്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും സന്നദ്ധ സംഘടനകളും നിര്‍ബന്ധിതരായി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ രണ്ട് ടൗണ്‍ഷിപ്പുകളാണ് വിഭാവനം ചെയ്തത്. പിന്നീട് ഒന്നിലേക്ക് ചുരുങ്ങി. സ്ഥലവും വീടും ഒന്നിച്ചും വീട് മാത്രമായും നല്കാന് ആയിരത്തിലേറെ സ്പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നിരുന്നു. സഹായിക്കാന്‍ സന്നദ്ധത അറിയിച്ച സ്പോണ്‍സര്‍മാരുടെ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയാറാകാത്തതാണ് പലരും പിന്മാറാന് കാരണം. സര്‍ക്കാര്‍ ഏറെ വൈകി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചപ്പോഴേക്കും പല സ്പോണ്‍സര്‍മാരും പിന്‍വാങ്ങിയിരുന്നു.
സ്ഥലം ഏറ്റെടുത്ത് വീട് നിർമിക്കാന്‍ സന്നദ്ധരായവര്ക്കുവേണ്ടി സ്ഥലത്തിന്റെയും വീടിന്റെയും വിസ്തൃതിയും ഗുണമേന്മയും സംബന്ധിച്ച മാനദണ്ഡം പ്രഖ്യാപിച്ച് സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ വീടുകള്‍ നിർമിക്കാമായിരുന്നു. വയനാട്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന ഉറപ്പെങ്കിലും സര്‍ക്കാര്‍ നല്കിയിരുന്നെങ്കില് ഒരു വര്‍ഷത്തിനിടെ മുഴുവന്‍ ദുരന്തബാധിതര്‍ക്കും പൊതുസമൂഹവും രാഷ്ട്രീയപാര്‍ട്ടികളും വീടുകള്‍ നിർമിച്ചു നല്കിയേനെ. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് പുനരധിവാസത്തിന് ലഭിച്ച പണത്തില്‍ നിന്നും എല്ലാ ദുരിതബാധിതര്‍ക്കും ഒരു കോടി രൂപവീതം നല്‍കാമായിരുന്നു.
സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമിക്കാനാണ് ആദ്യ ഘട്ടത്തില്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. അപ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ് പ്രോജക്ട് കൊണ്ടുവരുന്നത്. എന്നാല്‍, തുടര്‍ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സ്വന്തം നിലക്ക് സ്ഥലം ഏറ്റെടുത്ത് വീട് നിർമിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറു വീടുകളുടെ വിഹിതമായ 20 കോടി രൂപയും കെ.പി.സി.സിയുടെ നിർദേശത്തെ തുടര്‍ന്ന് അവര്‍ കേരള സര്‍ക്കാറിന് കൈമാറിയിരുന്നു.
ഇതും വെറുതെയായെന്നുവേണം കരുതാന്‍. കോണ്‍ഗ്രസും മുസ്ലിം ലീഗും അനുബന്ധ സംഘടനകളും പ്രഖ്യാപിച്ച വീടുകളുടെ നിർമാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ കൈയൊഴിഞ്ഞാലും ദുരന്തത്തിന് ഇരകളായ വയനാട്ടിലെ മനുഷ്യരെ ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തുക തന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.