ഗോവിന്ദൻ മാഷിന്റെ കണക്കും ബി.ജെ.പിയുടെ വളർച്ചയും
text_fields
സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘മാധ്യമ’വുമായി നടത്തിയ അഭിമുഖത്തിൽ കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ നിസ്സാരവത്കരിക്കുന്നത് കണ്ടു. സംസ്ഥാനത്ത് ബി.ജെ.പി വളർച്ചയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ‘വാജ്പേയി സർക്കാറിന്റെ കാലത്തുതന്നെ ബി.ജെ.പിക്ക് കേരളത്തിൽ 16 ശതമാനം വരെ വോട്ടുണ്ടായിരുന്നത് ഇപ്പോൾ19 ശതമാനമായി മാറിയിരിക്കുന്നു’ എന്നാണ്. ഏതു കണക്കാണ് ഇതിനായി...
സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘മാധ്യമ’വുമായി നടത്തിയ അഭിമുഖത്തിൽ കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ നിസ്സാരവത്കരിക്കുന്നത് കണ്ടു. സംസ്ഥാനത്ത് ബി.ജെ.പി വളർച്ചയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ‘വാജ്പേയി സർക്കാറിന്റെ കാലത്തുതന്നെ ബി.ജെ.പിക്ക് കേരളത്തിൽ 16 ശതമാനം വരെ വോട്ടുണ്ടായിരുന്നത് ഇപ്പോൾ19 ശതമാനമായി മാറിയിരിക്കുന്നു’ എന്നാണ്. ഏതു കണക്കാണ് ഇതിനായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം അടിസ്ഥാനമാക്കിയത് എന്നതു വ്യക്തമല്ല.
കുറച്ച് കണക്കുകൾ പരിശോധിച്ച ശേഷം ഗോവിന്ദൻ മാഷിന്റെ പ്രസ്താവനയിലേക്ക് വരാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ പ്രകാരം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19.21 ശതമാനം വോട്ടാണ് എൻ.ഡി.എക്ക് കേരളത്തിൽ ലഭിച്ചത്. 2019നേക്കാൾ 3.57 ശതമാനത്തിന്റെ വർധന. ബി.ജെ.പിയെ തനിച്ചെടുത്താൽ 2019ൽ ഉണ്ടായിരുന്ന 13 ശതമാനം വർധിച്ച് 16.8 ശതമാനത്തിലേക്ക് എത്തുകയും ചെയ്തു; 3.8 ന്റെ വർധന.

തൃശൂർ (37.8 ശതമാനം), തിരുവനന്തപുരം (35.52 ശതമാനം), ആറ്റിങ്ങൽ (31.7 ശതമാനം) എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വോട്ടു ശതമാനം 30 ശതമാനത്തിന് മുകളിലായിരുന്നു. 2019ൽ 30 ശതമാനത്തിന് മുകളിൽ ലഭിച്ചത് ഒരിടത്ത് മാത്രമായിരുന്നുവെന്നു മാത്രമല്ല, 32.32ശതമാനമായിരുന്നു അവരുടെ ടോപ് സ്കോർ.
2019ൽ ഒരിടത്തായിരുന്നുവെങ്കിൽ 2024ലെത്തുമ്പോൾ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമതെത്തിയത്. ഇതെല്ലാം എൽ.ഡി. എഫിന്റെ സിറ്റിങ് സീറ്റുകളുമാണ്. മന്ത്രിമാരായ കെ. രാജന്റെ ഒല്ലൂർ, വി. ശിവൻകുട്ടിയുടെ നേമം, ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട എന്നിവയും ആ പട്ടികയിലുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്താണ്.
കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാളേറെ പ്രത്യയശാസ്ത്രപരമായി വേരൂന്നാനായിരുന്നു എല്ലാകാലത്തും ഹിന്ദുത്വം ശ്രമിച്ചിരുന്നത്. അഖില ഭാരതീയ പ്രതിനിധി സഭയുടെ കണക്കനുസരിച്ച്, ഏകദേശം 20 കോടിയിലധികം ജനസംഖ്യയുള്ള, ഹിന്ദുത്വയുടെ കോട്ടയായ ഉത്തർപ്രദേശിൽ 8000+ ശാഖകളാണ് ആർ. എസ്.എസിന് ഉള്ളതെങ്കിൽ വെറും മൂന്നരക്കോടിയുള്ള കേരളത്തിലത് 5142 എണ്ണമാണ്.

ആദ്യഘട്ടങ്ങളിൽ കേരളത്തിലെ മധ്യവർഗത്തിനിടയിലായിരുന്നു ഹിന്ദുത്വം സ്വാധീനമുണ്ടാക്കിയതെങ്കിൽ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടെ സി.പി.എമ്മിന്റെ വോട്ടുബാങ്കായ ഈഴവ, തിയ്യ വിഭാഗങ്ങളിലേക്കും അവർ കടന്നുകയറിയിട്ടുണ്ട്. ജനസംഖ്യയുടെ 45 ശതമാനത്തിലധികം മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന കേരളത്തിലെ മൊത്തം വോട്ടുവിഹിതം പരിശോധിച്ചാൽ ബി.ജെ.പിയുടെ ശക്തമായ വളർച്ച മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഡൽഹി യൂനിവേഴ്സിറ്റി അധ്യാപകനും എഴുത്തുകാരനുമായ പി.കെ. യാസർ അറാഫത്ത് നിരീക്ഷിക്കുന്നു.
‘‘2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് ഏകദേശം 10 ലക്ഷം വോട്ടുകളാണ്. മുസ്ലിംകളും ക്രൈസ്തവരും അന്ന് ബി.ജെ.പിക്ക് വോട്ടുചെയ്തിട്ടില്ലെന്ന് കരുതിയാൽ, ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടുകളും അന്നുവോട്ടുചെയ്ത 90 ലക്ഷം ഹിന്ദുവോട്ടർമാരിൽനിന്നാണ്. അതേ മാനദണ്ഡം അടിസ്ഥാനമാക്കിയാൽ 2014ൽ 19 ശതമാനം വോട്ടും 2019ൽ 29 ശതമാനം വോട്ടുമാണ് കേരളത്തിൽ ബി.ജെ.പി നേടിയത്’’ -യാസർ അറാഫാത്ത് ചൂണ്ടിക്കാട്ടുന്നു. ആ ട്രെൻഡ് തുടർന്നാൽ, 2029 ഓടുകൂടി ഹിന്ദുവോട്ടർമാർക്കിടയിലെ വോട്ടുശതമാനം 50 ശതമാനം കടക്കാൻ ബി.ജെ.പിക്ക് സാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.

‘The Kerala Left needs to look in the mirror’ എന്ന തലക്കെട്ടിൽ ദ ഹിന്ദുവിലെഴുതിയ ലേഖനത്തിൽ ബി.ജെ.പിയുടെ കേരളത്തിലെ വളർച്ചക്ക് പിന്നിൽ, തുടർഭരണത്തിലിരിക്കുന്ന എൽ.ഡി.എഫിന്റെ സമഗ്രാധിപത്യ സ്വഭാവത്തിലുള്ള ഭരണത്തെയും കുറ്റപ്പെടുത്തുന്നുണ്ട് കാനഡ ഡെൽഹൗസി യൂനിവേഴ്സിറ്റിയിലെ ഇന്റർനാഷനൽ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രഫസർ നിസിം മന്നത്തുകാരൻ. ഒരു തെരഞ്ഞെടുപ്പ് യന്ത്രമായി പരിവർത്തിച്ചതിലൂടെ സി.പി.എം ബഹുജന പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്ര പോരാട്ടങ്ങളെയും കൈയൊഴിഞ്ഞത് വലതുപക്ഷത്തിന്റെ വളർച്ചക്ക് സഹായകരമായി എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
വളർച്ചകളെല്ലാം കൃത്യവും വ്യക്തവുമായ കണക്കുകളായി മുന്നിലിരിക്കെ, ബി.ജെ.പിക്ക് കേരളത്തിൽ സാധ്യതകളൊന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത് അത്യന്തം അപകടകരമാണ്. മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ കരട് രേഖയിൽ, സംസ്ഥാനത്ത് ബി.ജെ.പിയെ നേരിടുന്നതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്റെ പരാമർശമെന്നതും ആശ്ചര്യമുണർത്തുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.