Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജി.എസ്.ടി പരിഷ്കരണം:...

ജി.എസ്.ടി പരിഷ്കരണം: ട്രംപിന്‌ വഴി തെളിക്കുകയാണ് മോദി സർക്കാർ

text_fields
bookmark_border
ജി.എസ്.ടി പരിഷ്കരണം: ട്രംപിന്‌ വഴി തെളിക്കുകയാണ് മോദി സർക്കാർ
cancel

കേരളംപോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻതിരിച്ചടിക്ക്‌ കാരണമാകാവുന്ന ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) പരിഷ്കാരങ്ങൾക്കൊരുങ്ങുകയാണ് കേന്ദ്രത്തിലെ മോദി സർക്കാർ. അഞ്ച്‌, 12, 18, 28 എന്നിങ്ങനെ ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) നിരക്കുകളുടെ നിലവിലെ സ്ലാബുകൾ രണ്ടായി ചുരുക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം സെപ്‌റ്റംബർ മൂന്ന്‌, നാല്‌ തീയതികളിൽ ചേരുന്ന ജി.എസ്‌.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ജി.എസ്‌.ടി നടപ്പാക്കുന്ന ഘട്ടത്തിൽ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക്‌ (റവന്യൂ നൂട്രൽ റേറ്റ്‌) 15.3 ശതമാനമായാണ്‌ കണക്കാക്കിയിരുന്നത്‌. 2017-18ൽ നികുതിഘടന പരിഷ്‌കരിച്ചപ്പോൾ അത് 11.3 ശതമാനമാക്കി കുറച്ചതോടെ...

കേരളംപോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻതിരിച്ചടിക്ക്‌ കാരണമാകാവുന്ന ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) പരിഷ്കാരങ്ങൾക്കൊരുങ്ങുകയാണ് കേന്ദ്രത്തിലെ മോദി സർക്കാർ. അഞ്ച്‌, 12, 18, 28 എന്നിങ്ങനെ ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) നിരക്കുകളുടെ നിലവിലെ സ്ലാബുകൾ രണ്ടായി ചുരുക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം സെപ്‌റ്റംബർ മൂന്ന്‌, നാല്‌ തീയതികളിൽ ചേരുന്ന ജി.എസ്‌.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യപ്പെടും.

ജി.എസ്‌.ടി നടപ്പാക്കുന്ന ഘട്ടത്തിൽ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക്‌ (റവന്യൂ നൂട്രൽ റേറ്റ്‌) 15.3 ശതമാനമായാണ്‌ കണക്കാക്കിയിരുന്നത്‌. 2017-18ൽ നികുതിഘടന പരിഷ്‌കരിച്ചപ്പോൾ അത് 11.3 ശതമാനമാക്കി കുറച്ചതോടെ സംസ്ഥാന വരുമാനത്തെ വലിയതോതിൽ ബാധിച്ചു. 14 ശതമാനം നികുതി വരുമാന വാർഷിക വളർച്ച ഉറപ്പാക്കുമെന്നാണ്‌ നടപ്പാക്കുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞത്‌. ഈ ലക്ഷ്യം എത്താത്ത സ്ഥിതിയിൽ കുറവു വരുന്ന വരുമാനത്തിന്‌ ആനുപാതികമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതി അഞ്ചാം വർഷം അവസാനിപ്പിച്ചു. കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വരുമാന വളർച്ച സാധ്യതമായതുമില്ല.

ജി.എസ്‌.ടി നിരക്ക്‌ യുക്തി സഹമാക്കുന്നത് പഠിക്കാൻ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ട സമിതിയെ ജി.എസ്‌.ടി കൗൺസിൽ ചുമതലപ്പെടുത്തിയിരിക്കെയാണ് ആ സമിതിയെയും കൗൺസിലിനെയും നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ ജി.എസ്‌.ടി പരിഷ്‌കരണ പ്രഖ്യാപനം വന്നത്.

ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്‌കരണങ്ങൾ നടപ്പായാൽ കേരളത്തിന്‌ ഏതാണ്ട്‌ 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്ക്‌ താഴ്‌ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. ഇൻഷുറൻസ്‌ പ്രീമിയത്തിന്‌ ജി.എസ്‌.ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപക്കടുത്ത്‌ വരുമാന നഷ്ടമുണ്ടാകും. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്ക്‌ പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെവരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട്‌ 1500 കോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌. ഇൻഷുറൻസ്‌ പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാന നഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ പ്രയാസമാകും. ലോട്ടറിക്ക് നിലവിലുള്ള 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്തുന്നത്‌ കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപനക്കാരുമടക്കം രണ്ട്‌ ലക്ഷത്തിൽപരം പേരുടെ കുടുംബങ്ങളുടെ ജീവനോപാധിയാണിത്.

കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന സംസ്ഥാന സർക്കാരുകൾപോലും ജി.എസ്‌.ടി നിരക്ക്‌ ഇനിയും കുറയ്‌ക്കുന്നതിനെ അനുകൂലിക്കുന്നില്ല. പുതിയ പരിഷ്‌കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്‌ 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ പറയുന്നതെങ്കിലും സത്യത്തിൽ നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ്‌ പൊതുവിലയിരുത്തൽ.

യാഥാർത്ഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്‌. കേന്ദ്ര സർക്കാരിന്‌ ഒട്ടേറെ വരുമാന മാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ്‌ കേന്ദ്ര സർക്കാരിന്‌ ലഭിച്ചത്‌. വിവിധ സെസുകളിലൂടെ പിരിക്കുന്ന തുകയാണ് കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനവും. 2016-17 മുതൽ 2022-23 വരെ 15.34 ലക്ഷം കോടി രൂപയാണ്‌ കേന്ദ്ര സർക്കാർ സെസായി പിരിച്ചെടുത്തത്‌. ഇതിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക്‌ വിഭജിച്ച്‌ നൽകിയില്ല.

പ്രധാനമന്ത്രി അവകാശപ്പെടുന്നത്‌ പോലെ പാവപ്പെട്ടവരെയും മധ്യ വരുമാനക്കാരെയും സഹായിക്കാനല്ല, യു.എസ് പ്രസിഡന്റ് ഡൊണൾഡ്‌ ട്രംപിന് മുന്നിൽ നമ്മുടെ സമ്പദ് വ്യവസ്ഥയെ അടിയറ വെക്കാനാണ് ഇപ്പോഴത്തെ ജി.എസ്‌.ടി പരിഷ്കരണ നീക്കം.

പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴിഇന്ത്യയിലെ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്ക്‌ യഥേഷ്ടം എത്തിച്ച്‌ വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്‌ ട്രംപ്‌ ലക്ഷ്യമിട്ടത്‌. ട്രംപിനുവേണ്ടി മോദിയത് സാധ്യമാക്കി നൽകുന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്‌. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്‌. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യു.എസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാര മിച്ചം ഇന്ത്യക്കുണ്ടായിരുന്നു. ഇതിൽ മാറ്റം ആഗ്രഹിക്കുന്ന ട്രംപിന്‌ വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താൽപര്യമുണ്ട്‌. ആ താൽപര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന്‌ ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും വൻകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്.

ട്രംപ്‌ പ്രഖ്യാപിച്ച തീരുവ യുദ്ധവും, പ്രധാനമന്ത്രി പ്രഖ്യാപിച്ച ജി.എസ്‌.ടി പരിഷ്‌കരണവും ഫലത്തിൽ കേരളത്തിന്‌ ഇരട്ട ഇരുട്ടടിയാണ്‌. 2023-24ൽ അമേരിക്കയിലേക്ക്‌ ഇന്ത്യ കയറ്റുമതി ചെയ്‌ത 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ 17.34 ശതമാനം കേരളത്തിൽനിന്നാണ്‌. അമേരിക്കയിലേക്കുള്ള സമുദ്രോൽപന്നങ്ങളുടെ കാര്യത്തിൽ 12 ശതമാനം കേരളമാണ്‌ സംഭാവന ചെയ്യുന്നത്‌. 2023-24ൽ 7232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. കയർ വ്യവസായവും ഭീഷണിയിലാണ്‌. മാറ്റ്‌സ്‌, ബ്രഷ്‌, കൊക്കോ പിറ്റ്‌ ഉൾപ്പെടെ കയർ ഉൽപന്നങ്ങളാണ്‌ നിലവിൽ അമേരിക്കയിലേക്ക്‌ അയക്കുന്നത്‌. അതു നിലയ്‌ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനശ്ചിതത്വത്തിലാക്കുന്നു. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉൽപാദന വളർച്ചയെ തളർത്തും.

നികുതി വരുമാന നഷ്ടം സംസ്ഥാന സർക്കാറുകളുടെ ക്ഷേമ പരിപാടികളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്‌. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാൻ കേന്ദ്ര സർക്കാറിന്‌ ബാധ്യതയുണ്ട്‌. ഒപ്പം ജി.എസ്‌.ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക്‌ ഒരുമിച്ച്‌ നിൽക്കേണ്ടതുണ്ട്‌.

(ധനമന്ത്രി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiGSTDonald Trump
News Summary - GST Reform: Modi government is paving the way for Trump
Next Story