ഗൾഫ് യാത്രികർ കുരുങ്ങരുത്, ലഹരിക്കെണികളിൽ
text_fieldsഗൾഫ് നാടുകളിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ മയക്കുമരുന്ന് കേസുകളിൽ അകപ്പെട്ട് കടുത്ത ശിക്ഷാനടപടികൾ നേരിടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു. കുടുംബം പുലർത്താൻ വകതേടി പുറപ്പെടുന്ന സാധുമനുഷ്യരെ ഉന്നമിട്ട് ലഹരി മാഫിയകൾ അതിഹീനമായ കെണികളാണൊരുക്കുന്നത്. നിരവധി ജീവിതങ്ങളാണ് ആ ചതിയിൽ കുരുങ്ങി അടുത്ത നാളുകളിൽ മാത്രം തകർന്നത്. സൗദിയിലേക്ക് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ചെന്ന കേസിൽ മാഹി പെരിങ്ങാടി സ്വദേശിയുടെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കിയത് ഇക്കഴിഞ്ഞ സെപ്റ്റംബർ 27-നാണ്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് വരുന്നതിനിടെ അതിർത്തിയിൽവെച്ച് 43 കിലോഗ്രാം വരുന്ന മാരകമായ ലഹരിമരുന്ന് ശേഖരവുമായി ഇയാളെ സൗദി സുരക്ഷാവിഭാഗം പിടികൂടുകയായിരുന്നു.
സന്ദർശക വിസയിൽ മികച്ച വേതനമുള്ള ജോലിയും സൗജന്യ ഉംറ ചെയ്യാനുള്ള അവസരവും വാഗ്ദാനം ചെയ്ത് മലയാളിയടക്കം എട്ട് ഇന്ത്യക്കാരെ ചതിയിൽപ്പെടുത്തിയ സമീപകാല സംഭവം പ്രവാസികൾ എത്രത്തോളം ജാഗ്രത പാലിക്കണം എന്നതിന്റെ മറ്റൊരു വലിയ ഉദാഹരണമാണ്. സുഹൃത്തുക്കളുടെ ചതിയിൽപ്പെട്ട് ലഹരിവസ്തുക്കളുമായി വിമാനമിറങ്ങിയ തൃശൂർ കൊച്ചന്നൂർ സ്വദേശിയും മറ്റ് ഏഴുപേരും ഇപ്പോൾ ജിദ്ദ ജയിലിനുള്ളിൽ കണ്ണീരുമായി കഴിയുന്നു. ഫലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്കുള്ള മധുരപലഹാരങ്ങളെന്ന വ്യാജേനയാണ് മാഫിയാ സംഘം ഇവർക്ക് ലഹരിഗുളികകൾ അടങ്ങിയ ബാഗുകൾ കൊടുത്തയച്ചത്. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ശിക്ഷ എന്ന നിലയിൽ വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലഹരിക്കടത്തു മാഫിയകൾ സാധാരണക്കാരായ യാത്രക്കാരെ വഞ്ചിച്ചാണ് തങ്ങളുടെ കാരിയർമാരാക്കി മാറ്റുന്നത്. ഗൾഫിലുള്ള സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ കൊടുക്കാനെന്ന വ്യാജേന ഏൽപ്പിക്കുന്ന പലഹാരപ്പായ്ക്കറ്റുകൾ, മരുന്നുപൊതികൾ, അച്ചാർക്കുപ്പികൾ എന്നിവക്കുള്ളിലാണ് ലഹരിഗുളികകളും മാരക മയക്കുമരുന്നുകളും ഒളിപ്പിച്ചു വെക്കുന്നത്. ഈ പൊതികൾ വാങ്ങി യാത്ര ചെയ്യുന്ന പ്രവാസികൾ വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനയിൽ പിടിയിലാകുമ്പോൾ മാത്രമാണ് ചതിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ നിയമപ്രകാരം ‘‘ബാഗിൽ എന്താണെന്ന് അറിയില്ലായിരുന്നു’’ എന്ന വാദം കോടതികൾ സ്വീകരിക്കില്ല.
ഇതുകൂടാതെ, ഇന്ത്യയിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പോലും ലഭിക്കുന്ന ചില സാധാരണ വേദനാസംഹാരികൾ, ഉറക്കഗുളികകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ എന്നിവ സൗദി അറേബ്യയിൽ കർശന നിരോധനമുള്ള ലഹരിവസ്തുക്കളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. കൃത്യമായ മെഡിക്കൽ രേഖകളില്ലാതെ ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നത് വലിയ നിയമക്കുരുക്കിന് കാരണമാകും. വയനാട് സ്വദേശിനിയായ നഴ്സിനെ സൗദിയിൽ നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെത്തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത സംഭവവും ഈയിടെ നടന്നതാണ്. വിശദമായ അന്വേഷണത്തിനൊടുവിൽ നിരപരാധിയാണെന്ന് വ്യക്തമായതോടെയാണ് അവർ മോചിതയായത്.
ഗൾഫിലേക്ക് യാത്ര തിരിക്കുന്നവർ സുഹൃത്തുക്കളോ പരിചയക്കാരോ നൽകുന്ന അടച്ച പെട്ടികളോ പാഴ്സലുകളോ ഒരുകാരണവശാലും കൊണ്ടുപോകരുത്. അത്യാവശ്യമാണെങ്കിൽ ഉള്ളിലുള്ള സാധനങ്ങൾ പൂർണമായി തുറന്നു കണ്ട് ബോധ്യപ്പെട്ട ശേഷം മാത്രം വാങ്ങുക. വിമാനത്താവളങ്ങളിൽവെച്ച് അപരിചിതർ ആരെങ്കിലും സാധനങ്ങൾ നോക്കാൻ ഏൽപ്പിക്കുകയോ, അല്പം ലഗേജ് കൂടുതലുണ്ടെന്ന് പറഞ്ഞ് അവരുടെ സാധനങ്ങൾ നിങ്ങളുടെ ബാഗിൽ വെക്കാൻ തരികയോ ചെയ്താൽ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ നിരസിക്കുക.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൊണ്ടുപോകണമെങ്കിൽ ഡോക്ടറുടെ കൃത്യമായ കുറിപ്പടിയും ആറു മാസത്തിൽ താഴെ പഴക്കമുള്ള മെഡിക്കൽ റിപ്പോർട്ടും ഒപ്പമുണ്ടായിരിക്കണം. പരമാവധി ഒരു മാസത്തെ മരുന്ന് മാത്രമേ കൂടെ കരുതാൻ അനുവാദമുള്ളൂ. കൂടാതെ, നിയന്ത്രണമുള്ള മരുന്നുകളാണെങ്കിൽ യാത്രയ്ക്ക് മുമ്പുതന്നെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ ഔദ്യോഗിക പോർട്ടൽ (www.sfda.gov.sa/en)വഴി മുൻകൂർ അനുമതി വാങ്ങിയിരിക്കണം. ഒരു നിമിഷത്തെ അശ്രദ്ധയോ അമിതവിശ്വാസമോ കൊണ്ട് സ്വന്തം ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളും തകരാതിരിക്കാൻ ഓരോ പ്രവാസിയും വിമാനയാത്രകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

