മകന് ഭരണഘടനയുടെ ഒരു പകർപ്പ് ഞാൻ കൈമാറി, സ്വന്തം മതത്തിന്‍റെ പേരിൽ പ്രതിരോധത്തിലാകരുതെന്ന് അത് അവനെ പഠിപ്പിക്കും...
text_fieldsപ്രശസ്ത മാധ്യമപ്രവർത്തകനും ഇന്ത്യൻ എക്‌സ്പ്രസ് അസോസിയേറ്റ് എഡിറ്ററുമായ വാലി അഹ്മദ് എഴുതിയ ലേഖനം
ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ആവർത്തിച്ചുള്ള തോന്നൽ ഉണർത്തുന്ന ചില തീയതികളുണ്ട്. 26/11 എന്ന മുംബൈയിൽ ഭീകരാക്രമണം നടന്ന ദിവസം ഇന്ത്യൻ ജനമനസ്സിൽ മായാതെ കിടക്കുന്ന തീയതിയാണ്. മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു 26/11 ഓർമ്മയുണ്ട്, അത് ഒരു പൗരനെന്ന നിലയിലും പിതാവെന്ന നിലയിലും വ്യക്തിപരമായ വേദനയുള്ള ഓർമ്മയായി അവശേഷിക്കുകയാണ്.
2018 നവംബർ 26 ന്, ഗെയിമിൽ ‘എല്ലാവരും ചേർന്ന് എന്നെ വില്ലനാക്കി’ എന്ന് കരഞ്ഞുകൊണ്ട് മകൻ വീട്ടിലെത്തി. കമാൻഡോയുടെ വേഷം വേണമെന്ന് അപേക്ഷിച്ചും ആറുവയസ്സുള്ള മകനോട് വില്ലന്‍റെ വേഷം അഭിനയിക്കാൻ ആവശ്യപ്പെട്ടു. അത് ന്യായമാണ്, കാരണം എല്ലാ കൊച്ചുകുട്ടികളും ആഗ്രഹിക്കുന്നത് ഹീറോ ആകാനാണ്. ആരെങ്കിലും വില്ലനാകണം, പക്ഷേ, ആറ് വയസ്സുള്ള കുട്ടി മുസ്‌ലിം ആയതിനാലാണ് ആ വേഷം നൽകിയത് എന്നതൊഴിച്ചാൽ. അത് അവിടെ അവസാനിച്ചാൽ നന്നായിരുന്നു, പക്ഷേ അവനെ പാകിസ്താനി എന്നും ഇന്ത്യയുടെ ശത്രു എന്നും വിളിച്ചിരുന്നു. വർഗീയതയുമായി ബന്ധപ്പെട്ട തന്‍റെ ആദ്യ അനുഭവമാണ് അത് എന്ന് എന്റെ മകന് അറിയില്ലായിരുന്നു.
കുട്ടിക്ക് ചുറ്റുമുള്ള ലോകത്തെ പഠിക്കാനും ചോദ്യം ചെയ്യാനും യോജിക്കാനും വിയോജിക്കാനും അനുയോജ്യ അന്തരീക്ഷം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതു തലമുറയിലെ രക്ഷിതാവ് ധാരാളം പഠിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. കുട്ടികൾ ഓൺലൈനിൽ തിരയുന്നത് അവരുടെ പ്രായത്തിന് യോജിച്ചതാണെന്ന് ഉറപ്പാക്കണം, അരക്ഷിതാവസ്ഥകൾ തുറന്നുപറയാൻ അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കണം. എല്ലാ മാതാപിതാക്കൾക്കും പൊതുവായുള്ള ചെക്ക്-ബോക്സുകളാണ് ഇവ. എന്നാൽ നിങ്ങൾ ഒരു മുസ്‌ലിമാണെങ്കിൽ രക്ഷാകർതൃത്വത്തിന് ഒരു അധിക തലം കൂടിയുണ്ട്.
എന്തിനാണ് തന്നെ പാകിസ്താനി എന്ന് വിളിച്ചതെന്ന് മകൻ ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു. അതിലെ മുൻവിധി എന്താണെന്ന് എനിക്കറിയാം. എന്നാൽ, ഒരു കുട്ടിയെ തന്‍റെ മതത്തിന്‍റെ പേരിലോ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലോ തിരിച്ചറിയപ്പെടുന്ന ഒരു ലോകത്തിലേക്ക് എങ്ങനെ സജ്ജമാക്കും? മറ്റൊരു സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത് അപകടകരമാണെന്ന് ഒരു രക്ഷിതാവ് എങ്ങനെയാണ് കുട്ടിക്ക് പറഞ്ഞുകൊടുക്കുക?
ഇവയാണ് എനിക്ക് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ, ഉത്തരം എളുപ്പമല്ല. പൊതുസംവാദങ്ങളിൽ സൂക്ഷ്മതയ്ക്കുള്ള ഇടം ചുരുങ്ങുമ്പോൾ, ദേശീയതയുടെ പേരിൽ നിലനിൽക്കുന്ന മതഭ്രാന്തിനെ അവഗണിക്കാൻ ഞാൻ അവനോട് പറയണോ? അതോ, ഭരണഘടന നമ്മുടെ രാജ്യത്ത് എല്ലാവർക്കും തുല്യത ഉറപ്പുനൽകുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കണോ? ഉത്തരം വ്യക്തമായും രണ്ടാമത്തേതാണ്, പക്ഷേ ആ സത്യം എത്രത്തോളം ദൈനംദിന ജീവിതത്തിൽ സാധ്യമാണ്?
ഒരു തലമുറ മുഴുവൻ മത്സരബുദ്ധിയുള്ള മതവിശ്വാസത്തിന്റെയും പ്രകടനാത്മക ദേശീയതയുടെയും കോക്ടെയ്‌ലിൽ വളർന്നുവരികയാണ്. ഊൺ മേശയിലും സമപ്രായക്കാർക്കിടയിലും അവർ ഈ സംഭാഷണങ്ങൾ കേൾക്കുന്നു. തങ്ങളുടെ സുഹൃത്തുക്കൾ ആരാണെന്ന് പോലും അറിയാത്ത പ്രായത്തിൽ ‘ശത്രുക്കളെ തിരിച്ചറിയാൻ’ ടി.വിയും സമൂഹമാധ്യമങ്ങളും അവരോട് പറയുന്നു. ഇത് അസ്വസ്ഥമായ കാലമാണ്. പഹൽഗാം ആക്രമണത്തിനുശേഷം, എന്റെ മകന്റെ മുസ്‌ലിം സുഹൃത്തുക്കളെ അവരുടെ കൂട്ടത്തിലുള്ള മറ്റുള്ളവർ ‘‘പഹൽഗാംവാലോൺ’’ എന്ന് വിളിച്ചു. അതൊരു തമാശയായി ഉദ്ദേശിച്ചാണ്. പക്ഷേ അത് അങ്ങനെയല്ല ഫലിച്ചത്.
പ്രത്യേക മതം പിന്തുടരുന്ന അയൽരാജ്യത്തോടും, നമ്മുടെ സ്വന്തം രാജ്യത്തുൾപ്പെടെ എല്ലായിടത്തും ഒരേ മതം പിന്തുടരുന്നവരോടും ഒരാൾക്കുള്ള വെറുപ്പിന്റെ തോത് അനുസരിച്ചാണോ നമ്മുടെ ദേശീയതയെ നിർവചിക്കേണ്ടത്? ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ജാതി, നിറം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം ഉണ്ടാകില്ലെന്ന് കരുതുന്നത് ഉട്ടോപ്യൻ ചിന്താഗതിയാണ്. എന്നാൽ മുതിർന്നവരായ നമ്മൾ, മാതാപിതാക്കൾ എന്ന നിലയിൽ, ലോകത്തെ കൂടുതൽ നീതിയുക്തമായ സ്ഥലമാക്കി മാറ്റാൻ ശ്രമിക്കേണ്ടതുണ്ട്. ദേശീയത ഒഴിവാക്കപ്പെടരുത്, അതിന്റെ ക്യാൻവാസ് എല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം, ഇന്ത്യയുടെ വൈവിധ്യത്തെ കൂടുതൽ അംഗീകരിക്കുന്നതായിരിക്കണം. നാം പഠിപ്പിക്കുന്ന ദേശീയതയുടെ മൂല്യങ്ങളിലും ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ദേശീയതയുടെ മൂല്യങ്ങളിലും നമ്മുടെ കുട്ടികൾക്ക് വ്യത്യാസം ഉണ്ടാകരുത്, ഒരിക്കലും ഉണ്ടാകരുത്.
എന്റെ മകൻ കൗമാരത്തിലേക്ക് കടക്കുന്നതിനാൽ, അവന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാൻ എനിക്ക് കഴിയുന്ന ഒരേയൊരു മാർഗം ഞാൻ തിരഞ്ഞെടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ഞാൻ അവന് കൈമാറി. ഈ രാജ്യത്തെ മറ്റേതൊരു വ്യക്തിയെയും പോലെ ഒരു പൗരനെന്ന നിലയിൽ അവന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാൻ അത് അവനെ സഹായിക്കും. സ്വന്തം മതത്തിന്‍റെ പേരിൽ പ്രതിരോധത്തിലാകരുതെന്നും, താൻ ആരാണെന്നതിന്‍റെ പേരിൽ ക്ഷമ ചോദിക്കേണ്ടിവരരുതെന്നും അത് അവനെ പഠിപ്പിക്കും. ഒരു പിതാവെന്ന നിലയിൽ അവന്‍റെ ജീവിതം ‘ഭയമില്ലാത്തതും തല ഉയർത്തിപ്പിടിച്ചും’ ഉള്ളതാക്കാൻ എനിക്ക് അവന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഭാഗ്യചിഹ്നമാണിത്.
കടപ്പാട്: indianexpress.com/

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.