ഹജ്ജ് ഒരുക്കം ഇങ്ങനെ മതിയോ?
text_fieldsഅടുത്ത വർഷത്തെ ഹജ്ജിനുള്ള അപേക്ഷ കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്ഷണിച്ചുകഴിഞ്ഞു. വർഷം തോറും ഹജ്ജിനുള്ള തിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു. ഹജ്ജ് തീർഥാടനത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നതിൽ സൗദി അറേബ്യൻ ഭരണകൂടം പുതിയ കാലത്തോടും ആധുനിക സൗകര്യങ്ങളോടും മത്സരിക്കുന്നു. എന്നാൽ, ഏറ്റവുമധികം തീർഥാടകരെ അയക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ഹജ്ജ് അപേക്ഷയിലുള്ള തെരഞ്ഞെടുപ്പ് മുതൽ വിമാനക്കൂലി, ഹജ്ജ് യാത്ര, ഇന്ത്യൻ മിഷൻ സൗകര്യങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഇപ്പോഴും സാമ്പ്രദായിക രീതികളാണ് പിന്തുടരുന്നത്. ഇക്കഴിഞ്ഞ ഹജ്ജിൽ പങ്കെടുത്തപ്പോഴുണ്ടായ നേരിട്ടനുഭവങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവുകൾ വായനക്കാരുമായി പങ്കുവെക്കണമെന്നുതോന്നി.
‘നുസുക്’ ഐ.ഡി
ഈ വർഷത്തെ ഹജ്ജിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് തീർഥാടകർക്ക് ഒരുക്കിയ ‘നുസുക്’ ഐ.ഡി കാർഡാണ്. ഹജ്ജിനിടെ, ഹറമിൽ ത്വവാഫും സഅ്യും പൂർത്തിയാക്കി മിനാ തമ്പിലേക്ക് പുറപ്പെട്ട ഞങ്ങൾക്ക് വഴിതെറ്റി. രണ്ടു ലക്ഷത്തോളം തമ്പുകളുള്ള മിനാ നഗരിയിൽ എങ്ങനെ കണ്ടുപിടിക്കും? ആദ്യം കണ്ട സുരക്ഷാ ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. നുസുക് കാർഡ് സ്കാൻ ചെയ്ത അദ്ദേഹം ടെൻറും ലൊക്കേഷനും കാണിച്ചുതന്ന് അനായാസം ഞങ്ങളെ തമ്പിലേക്ക് തിരിച്ചുവിട്ടു. നേരത്തെ വ്യത്യസ്ത തിരിച്ചറിയൽ കാർഡുകൾ സൂക്ഷിക്കേണ്ടിയിരുന്ന സ്ഥാനത്ത് മെഡിക്കൽ സ്റ്റാറ്റസ്, യാത്രാവിവരങ്ങളുൾപ്പെടെ ഓരോ തീർഥാടകരുടെയും മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ച കാർഡ് ‘അനധികൃത’ തീർഥാടകരെ പിടികൂടുന്നതിലും വലിയ പങ്കുവഹിച്ചു. കാർഡിന് പുറമെ ഖുർആൻ, ഹദീസ്, പ്രാർഥനകൾ മുതൽ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ വരെ ഉൾപ്പെടുത്തിയ മൊബൈൽ ആപ്പും ഹജ്ജ്-ഉംറ മന്ത്രാലയം തയാറാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുവന്ന ഹാജിമാരുമായി സംസാരിക്കുമ്പോൾ പരിഭാഷകനായി പ്രവർത്തിച്ചതും നുസുക് ആപ്പാണ്!
എ.ഐ ഉപയോഗം
ലോകത്ത് എ.ഐ രംഗത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ അതിന്റെ എല്ലാ ഗുണഫലങ്ങളും ഏറ്റവും മനോഹരമായി ഹജ്ജിന് ഉപയോഗപ്പെടുത്തി. 10 മുതൽ 14 ലക്ഷം വരെ വിശ്വാസികൾ ഒരേസമയം മക്ക മസ്ജിദുൽ ഹറാമിൽ നിത്യവും പ്രാർഥനക്കെത്തുന്ന ഹജ്ജ് സീസണിൽ അഞ്ചു നേരങ്ങളിലും ആളുകളെ നിയന്ത്രിക്കുന്നത് നിർമിതബുദ്ധിയുടെ സഹായത്തോടെയാണ്. ഡ്രോണും ഹെലികോപ്ടറുകളും ഉപയോഗിച്ച് എ.ഐയുടെ സഹായത്തിൽ ക്രൗഡ് മാനേജ്മെന്റ് എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് തെളിയിക്കുന്നതായി ഈ ഹജ്ജ് കാലത്തെ തിരക്ക് നിയന്ത്രണം. എ.ഐ വഴി അന്തരീക്ഷതാപം മനസ്സിലാക്കി കൃത്യമായ പരിഹാരങ്ങൾ കാണാനും അധികൃതർ ശ്രദ്ധിച്ചു.
കർശന നിയന്ത്രണങ്ങൾ
ഇത്തവണ തീർഥാടകരെത്തും മുമ്പ് മുഴുവൻ വിദേശികളെയും മക്കയിൽനിന്ന് മാറ്റി പെർമിറ്റുള്ളവർക്ക് മാത്രമാണ് പ്രവേശനം നൽകിയത്. ഹജ്ജ് ദിനങ്ങളിൽ ടെന്റുകളിലും വലിയ നിയന്ത്രണങ്ങളുണ്ടായി. സ്വന്തം ടെന്റില്ലാത്തവർക്ക് പ്രദേശത്ത് പ്രവേശനമുണ്ടായില്ല. ഹജ്ജ് നാളുകളിൽ ഹറമിന്റെ മുറ്റം ഹജ്ജ് തീർഥാടകർക്ക് മാത്രമാക്കി. ഇതോടെ, ത്വവാഫും സഅ്യും സുഗമമായി നടത്താൻ തീർഥാടകർക്ക് കഴിഞ്ഞു. ഹാജിമാർക്ക് മാത്രമായി മക്കയെ മാറ്റിവെച്ച പ്രതീതിയാണുണ്ടായത്. 40,000ത്തോളം സൈനികരും അർധസൈനികരും സ്റ്റുഡന്റ്സ് കാഡറ്റുകളുമുൾപ്പെടെ ഒന്നേകാൽ ലക്ഷത്തോളം സുരക്ഷാ ജീവനക്കാരാണ് ആകാശത്തും ഭൂമിയിലും കാവലൊരുക്കിയത്. ഓരോ തീർഥാടകരെയും ദൈവത്തിന്റെ അതിഥികളായി പരിഗണിക്കുമ്പോൾ അത് ഹാജിമാർക്ക് നൽകുന്ന സുരക്ഷാബോധം കുറച്ചൊന്നുമല്ല.
മലയാളികൾ ഹജ്ജിനെ കാണേണ്ടത്
ഹജ്ജ് കായികാധ്വാനമുള്ള അനുഷ്ഠാനകർമമാണ്. പണവും ആരോഗ്യവുമുള്ളവർക്കാണ് ഹജ്ജ് നിർബന്ധമെന്നാണ് ഖുർആന്റെ അനുശാസന. യുവത്വത്തിൽ നിർവഹിക്കേണ്ടതാണ് ഹജ്ജ് എന്ന് നിർവഹിക്കുന്ന ഏതൊരാളും അനുഭവിച്ചറിയുന്ന സത്യം. നിരവധി തീർഥാടകർ ഹജ്ജിനെത്തി പ്രായാധിക്യം കാരണം വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നു. ഇത്തവണ ഹജ്ജിനെത്തിയ 16 ലക്ഷം തീർഥാടകരുടെ ശരാശരി പ്രായം 35നും 50നും ഇടയിലാണ്. എന്നാൽ, ഇന്ത്യക്കാരും മലയാളികളും ഇക്കാര്യത്തിൽ പിറകിലാണെന്നു പറയാതെ വയ്യ. പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്ന സമയത്താണ് ഇവിടെ നിന്ന് ഹജ്ജിന് പുറപ്പെടുന്നത്. ഇന്ത്യയിൽ സർക്കാറിന്റെ ഹജ്ജ് യാത്രപരിഗണന ലഭിക്കുന്നതിനുള്ള മാനദണ്ഡം തന്നെ പ്രായാധിക്യമാണ്. അതിന്റെ പ്രയാസങ്ങൾ പുണ്യനഗരങ്ങളിലെ ഇന്ത്യൻ ഹജ്ജ് മിഷൻ നന്നായി അനുഭവിക്കുന്നുമുണ്ട്. പ്രായ മാനദണ്ഡത്തിൽ മറിച്ചൊരു സമീപനമാണുണ്ടാകേണ്ടത്. ഉദാഹരണത്തിന്, 40 വയസ്സിന് താഴെയുള്ളവർക്ക് മുൻഗണന നൽകുക. ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഇതര അറബ് മുസ്ലിം രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുന്നവരിൽ കൂടുതലും യുവജനങ്ങളാണ്. മലേഷ്യയിൽ ‘തബൂങ് ഹാജി’ എന്ന സംവിധാനത്തിൽ വിദ്യാർഥി പ്രായത്തിലോ ജോലിയിൽ പ്രവേശിക്കുമ്പോഴോ എസ്.ഐ.പി പോലുള്ള നിക്ഷേപത്തിന് സൗകര്യമുണ്ട്. മാസത്തവണയോ വർഷത്തവണയോ ആയി സ്വീകരിക്കപ്പെടുന്ന നിക്ഷേപം ഹലാലായ ബിസിനസുകളിൽ ഇറക്കി ഹജ്ജ് ഫണ്ട് സമാഹരിക്കുന്ന പദ്ധതിയാണിത്. മലയാളി മുസ്ലിം സംഘടനകൾക്ക് ഈ പരീക്ഷണം നടത്തിനോക്കാവുന്നതാണ്. ആരോഗ്യമുള്ള സമയത്തെ ഹജ്ജ് ഇനിയും സമുദായത്തിനകത്ത് ബോധവത്കരണം വേണ്ട വിഷയമാണ്. ഹജ്ജ് കമ്മിറ്റിയും സമുദായസംഘടനകളും ഇക്കാര്യത്തിൽ ശ്രദ്ധയൂന്നുന്നത് നന്നായിരിക്കും.
ഹജ്ജിനിടയിലെ ചൂഷണങ്ങൾ
കോഴിക്കോട് എംബാർക്കേഷൻ പോയന്റായെടുത്തവർക്ക് 40,000 രൂപയോളം അധികം ഒടുക്കേണ്ടിവന്നതുപോലെ ഹജ്ജ് യാത്രക്കിടയിൽ അനുഭവിക്കേണ്ടിവരുന്ന വിവേചനവും അനീതിയും തീർഥാടകരെ ഏറെ നിരാശരാക്കുമെന്ന് സംസ്ഥാന, കേന്ദ്ര ഹജ്ജ് കമ്മിറ്റികളും ഗവൺമെന്റുകളും മനസ്സിലാക്കണം. തീർഥാടകരെ തീവെട്ടിക്കൊള്ളക്കിരയാക്കിയ നടപടി മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീർഥാടകരുടെ സൗകര്യാർഥം തിരുവനന്തപുരവും എംബാർക്കേഷൻ പോയന്റാക്കി മാറ്റുന്നതും പരിഗണിക്കേണ്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.