Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ഫലം: ഫലസ്തീനികളെ അവഗണിക്കാൻ ആർക്കുമാവില്ല

text_fields
bookmark_border
ഇസ്രായേൽ ഫലം: ഫലസ്തീനികളെ അവഗണിക്കാൻ  ആർക്കുമാവില്ല
cancel
camera_alt

ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന ജോയിന്റ് ലിസ്റ്റ് സഖ്യം നേതാവ് യൂസഫ് ജബാരിനും സഹപ്രവർത്തകരും

(AHMAD GHARABLI/AFP)

ഇസ്രായേൽ തെരഞ്ഞെടുപ്പുഫലങ്ങൾ നമ്മോട് പറയുന്നത് ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടു, എന്നാൽ തകർക്കപ്പെട്ടിട്ടില്ല എന്നാണ്. യഹൂദ വോട്ടർമാർക്കുമുന്നിൽ താൻ മുന്നോട്ടുവെച്ച കാര്യങ്ങൾ-യുദ്ധങ്ങൾ തുടരുക, അടിയന്തരാവസ്ഥ നിലനിർത്തുക എന്നിവ അംഗീകരിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന് തോന്നാം. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തന്റെ പിഴവല്ലെന്നും അതിന്റെ പഴി സൈന്യത്തിനാണെന്നും നെതന്യാഹു വോട്ടർമാരോട് പറഞ്ഞു. സൈനികനേതൃത്വത്തിന്റെ പരാജയത്തിനുശേഷം താൻ ഇടപെടുകയും ഒക്ടോബർ ഏഴിനുമുമ്പുണ്ടായിരുന്നതിനേക്കാൾ സുരക്ഷിതമാക്കി ഇസ്രായേലിനെ മാറ്റുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അത് ജനങ്ങളിൽ സ്വാധീനം ചെലുത്തിയെന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും, 2022-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നെതന്യാഹുവിനും കൂട്ടാളികൾക്കും വോട്ടുകൾ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മുന്നണിക്ക് എട്ടു മുതൽ പത്തു വരെ സീറ്റുകൾ കുറയുമെന്നും കാണുന്നു. എന്നാൽ, ‘മാറ്റത്തിനുവേണ്ടിയുള്ള മുന്നേറ്റം’ എന്ന് വിളിക്കപ്പെടുന്ന തന്റെ എതിരാളികളെയും ഒരു ന്യൂനപക്ഷമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

ഈ തെരഞ്ഞെടുപ്പിലെ പ്രധാനവും ശുഭസൂചകവുമായ സംഭവം, ഫലസ്തീൻ പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റിന്റെ വിജയം മാത്രമല്ല; കുറഞ്ഞ തോതിലാണെങ്കിലും മൻസൂർ അബ്ബാസിന്റെ റാഅം പാർട്ടിയുടെ മുന്നേറ്റംകൂടിയാണ്. ജൂത സയണിസ്റ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാനും ഫലസ്തീൻ സമൂഹത്തിന് നേട്ടങ്ങൾ ഉറപ്പാക്കാനുമുള്ള അവസരങ്ങൾ തേടിയാണ് അബ്ബാസ് ജോയിന്റ് ലിസ്റ്റിൽനിന്ന് വേർപിരിഞ്ഞത്. സമീപകാല തെരഞ്ഞെടുപ്പുകളിൽ അങ്ങനെ ചെയ്യുന്നതിൽ അദ്ദേഹം കുറച്ചൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രധാനപ്പെട്ട കാര്യം, റാഅം പാർട്ടിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി വോട്ടുകൾ ജോയിന്റ് ലിസ്റ്റിന് ലഭിച്ചിട്ടുണ്ടാകാം എന്നതാണ്.

ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം വരുന്നതും എന്നാൽ ഇസ്രായേൽ സർക്കാരുകളിൽനിന്നും രാഷ്ട്രീയത്തിൽനിന്നും എപ്പോഴും മാറ്റിനിർത്തപ്പെടുന്നതുമായ ഇസ്രായേലിലെ ഫലസ്തീൻ ന്യൂനപക്ഷം ഇപ്പോൾ കേന്ദ്രസ്ഥാനത്തെത്തുകയും തങ്ങളുടെ അധികാരം തെളിയിക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷനേതാവ് ഗാഡി ഐസൻകോട്ടുമായി ചേർന്ന് നെതന്യാഹു ഒരു ദേശീയ ഐക്യസർക്കാർ രൂപീകരിച്ചാൽപോലും ഫലസ്തീൻ സഖ്യം വിജയിച്ചതായി കണക്കാക്കാം; കാരണം അത്തരമൊരു മുന്നണിയിൽ തീവ്രവാദികളായ ഇറ്റാമർ ബെൻ ഗ്വിറിനെയും ബെസാലെൽ സ്മോട്രിച്ചിനെയും ഉൾപ്പെടുത്താൻ സാധ്യതയില്ല. ഈ രണ്ടു പേരെ തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫലസ്തീൻ വോട്ടർമാർ ഇത്രയും വലിയ തോതിൽ പോളിങ് ബൂത്തുകളിലേക്ക് എത്തിയതെന്നാണ് ഞാൻ കരുതുന്നത്.

എന്നാൽ അതിലും പ്രധാനമായി, ഇസ്രായേലിലെ ഫലസ്തീൻ പൗരർ ലിബറൽ മതേതര സയണിസ്റ്റ് പക്ഷത്തെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. തീവ്രദേശീയത പുലർത്തിയും അതിയാഥാസ്ഥിതിക സമൂഹത്തെ എതിർത്തും സൈന്യവുമായി തങ്ങളെ ബന്ധിപ്പിച്ചും ഭൂരിപക്ഷം നേടാനാകുമെന്ന വ്യാമോഹത്തിലായിരുന്നു ഈ പ്രതിപക്ഷപാർട്ടികൾ. എന്നാൽ, അറബികളില്ലാതെ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. ഇസ്രായേലിലെ ഫലസ്തീൻ പൗരർക്കുമാത്രമേ പുതിയൊരു നെതന്യാഹു സർക്കാരിൽനിന്ന് അവരെ രക്ഷിക്കാൻ കഴിയൂ; കാരണം ഫലസ്തീനികൾ ഇത്ര വലിയ തോതിൽ വോട്ട് ചെയ്തിരുന്നില്ലെങ്കിൽ പ്രധാനമന്ത്രിയുടെ മുന്നണി താരതമ്യേന എളുപ്പത്തിൽ വിജയിക്കുമായിരുന്നു.

ഫലസ്തീൻ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നത് പരസ്യമായി നിരസിച്ചിരുന്ന യഹൂദ മതേതര ലിബറൽ പക്ഷത്തിനിടയിൽ ഇത് ഒരു തിരിച്ചറിവിന് വഴിതുറന്നേക്കാം: ഒന്നുകിൽ നെതന്യാഹുവിന്റെയോ അദ്ദേഹത്തിന്റെ തരത്തിലുള്ള മറ്റാരുടെയെങ്കിലുമോ കീഴിൽ എന്നെന്നേക്കുമായി ജീവിക്കുക, അല്ലെങ്കിൽ അറബ് പാർട്ടികളുമായും വോട്ടർമാരുമായും ഒരു ധാരണയിലെത്തുക.

എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല. ഫലസ്തീൻ പാർട്ടികളുടെ ഈ വിജയം, അറബ് വോട്ടർമാർക്ക് ഇനി ഒരിക്കലും ഇതുപോലുള്ള തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ വലതുപക്ഷത്തെ പ്രേരിപ്പിച്ചേക്കാം. തീർച്ചയായും സ്മോട്രിച്ചും ബെൻ ഗ്വിറും ഒരുപക്ഷേ നെതന്യാഹുവും ഇപ്പോൾ ചിന്തിക്കുന്നത് അതായിരിക്കും. ഒരുപക്ഷേ അതിനുള്ള വഴികൾ അവർ കണ്ടെത്തിയേക്കാം.

അല്ലെങ്കിൽ, ലിബറൽ മതേതരപക്ഷത്തിന് തങ്ങളുടെ വംശീയപാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കാൻ കഴിയും. ഇതൊരു പ്രത്യയശാസ്ത്രപരമായ മാറ്റമൊന്നും ആയിരിക്കില്ല. സയണിസം ഒരു കുടിയേറ്റ-കൊളോണിയൽ പദ്ധതിയാണെന്നും ഇസ്രായേൽ ഫലസ്തീനികളോട് അനീതി കാണിച്ചുവെന്നും ഇസ്രായേലിലെ ലിബറൽ മതേതരവാദികൾ ഇനിയും മനസ്സിലാക്കാൻ പോകുന്നില്ല. എന്നാൽ പ്രായോഗികകാരണങ്ങളാൽ അവർക്ക് തങ്ങളുടെ ശത്രുത ഉപേക്ഷിക്കാൻ കഴിയും; ചരിത്രത്തിൽ ചിലപ്പോഴൊക്കെ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് പ്രത്യയശാസ്ത്രം മാറുമ്പോഴല്ല, മറിച്ച് സ്വന്തം താല്പര്യങ്ങൾ വരുമ്പോഴാണ്.

ഈ തെരഞ്ഞെടുപ്പുഫലങ്ങൾ ഇസ്രായേലിലെ ഫലസ്തീൻ സമൂഹത്തെക്കുറിച്ചും പ്രധാനപ്പെട്ട ചിലത് നമ്മോട് പറയുന്നുണ്ട്. തങ്ങളുടെ സമൂഹത്തിന് ഭൗതികനേട്ടങ്ങൾ ഉറപ്പാക്കുന്നതിന് ഇസ്രായേൽ ഭരണകൂടവുമായും സ്ഥാപിത രാഷ്ട്രീയശക്തികളുമായും ചേർന്നു പ്രവർത്തിക്കുകയെന്നതാണ് മുൻഗണനയെന്ന് അബ്ബാസും അദ്ദേഹത്തിന്റെ റാഅം പാർട്ടിയും വോട്ടർമാരോട് അടിസ്ഥാനപരമായി പറഞ്ഞിരുന്നു. ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും മറ്റിടങ്ങളിലും ദുരിതമനുഭവിക്കുന്ന ഫലസ്തീനികളിൽനിന്ന് ഇസ്രായേലിലെ ഫലസ്തീനികളെ ഒരു പരിധിവരെ വേർപെടുത്തുന്നത് ഇതിൽ ഉൾപ്പെടുന്നു. അബ്ബാസ് ഇസ്രായേലിലെ ഫലസ്തീൻ പൗരരോട് അടിസ്ഥാനപരമായി പറഞ്ഞത് ഇതാണ്: മറ്റിടങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ നാം വളരെ ദുർബലരാണ്, ഇസ്രായേൽ ഭരണകൂടം വളരെ ശക്തവുമാണ്; എന്നാൽ നമുക്ക് ചെയ്യാൻ കഴിയുന്നത് നമുക്കായി അവകാശങ്ങളും വിദ്യാഭ്യാസവും വികസനവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ്.

മറുവശത്ത്, ജോയിന്റ് ലിസ്റ്റ് അധിനിവേശത്തിനു കീഴിലും പ്രവാസത്തിലുമുള്ള ഫലസ്തീനികളോട് ധാർമിക ഉത്തരവാദിത്തം ഉപേക്ഷിച്ചിട്ടില്ല. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ, ഫലസ്തീൻ വോട്ടർമാർ തങ്ങളുടെ സ്വത്വത്തെയും മുൻഗണനകളെയും കുറിച്ചുള്ള ജോയിന്റ് ലിസ്റ്റിന്റെ കാഴ്ചപ്പാടിനെ രണ്ടിനെതിരെ ഒരു വോട്ട് എന്ന തോതിൽ പിന്തുണച്ചു. അതെ, ഞങ്ങൾക്ക് മികച്ച സേവനങ്ങൾ വേണം. തീർച്ചയായും ഞങ്ങൾക്കെതിരെയുള്ള വിവേചനം കുറയണം. ഞങ്ങൾക്ക് മികച്ച പാർപ്പിടം വേണം. ഇസ്രായേലിലെ ഫലസ്തീൻ സമൂഹങ്ങളിൽ വ്യാപിക്കാൻ അധികാരികൾ അനുവദിച്ച സംഘടിത കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത കൂടുതൽ സുരക്ഷിതമായ ഒരു സമൂഹം ഞങ്ങൾക്ക് വേണം. എന്നാൽ ഫലസ്തീനികൾ എന്ന നിലയിലുള്ള ഞങ്ങളുടെ സ്വത്വം ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല.

ഇതിനർഥം, ജോയിന്റ് ലിസ്റ്റും അബ്ബാസും ഏതെങ്കിലും തരത്തിലുള്ള സഹകരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഐസൻകോട്ടിനൊപ്പവും ബെന്നറ്റിനൊപ്പവും ഇരിക്കുകയാണെങ്കിൽ, ഫലസ്തീൻ സ്വത്വത്തിന്റെയും അധിനിവേശത്തിനു കീഴിലുള്ള ഫലസ്തീനികളുടെയും പ്രശ്നം മേശപ്പുറത്തുണ്ടാകും എന്നാണ്.

പ്രത്യേകിച്ച്, തെരഞ്ഞെടുപ്പുപ്രചാരണവേളയിൽ ജോയിന്റ് ലിസ്റ്റ് ചെയർമാൻ യൂസഫ് ജബാരിൻ, നെതന്യാഹുവിന് പകരമുള്ള ഒരു സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി നാല് നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു: കുറ്റകൃത്യങ്ങളെ ചെറുക്കുക, ഫലസ്തീൻ സമൂഹങ്ങളെ വികസിപ്പിക്കുക, അറബികൾക്ക് പൗരാവകാശങ്ങൾ ഉറപ്പാക്കുക, ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന വ്യക്തമായ ഒരു പ്രക്രിയ സ്ഥാപിക്കുക.

തങ്ങളുടെ പുതിയ രാഷ്ട്രീയ അധികാരംവെച്ച് എന്തു ചെയ്യണമെന്ന് ഫലസ്തീനികൾക്ക് തീരുമാനിക്കേണ്ടിവരും. അടുത്ത പ്രധാനമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ആദ്യമായി അവർക്ക് ഒരു പങ്കുണ്ടാകാം.

അതുകൊണ്ട് അവർ സ്വയം ചോദിക്കേണ്ടിവരുമെന്നാണ് ഞാൻ കരുതുന്നത്: നമ്മുടെ സ്വത്വവും ഫലസ്തീൻ രാഷ്ട്രപദവിക്കും അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള അടിസ്ഥാന ആവശ്യങ്ങളും ഉപേക്ഷിക്കാതെതന്നെ ജൂത സയണിസ്റ്റ് പാർട്ടികൾക്കും പൊതുജനങ്ങൾക്കും സ്വീകാര്യമായ ആവശ്യങ്ങൾ എങ്ങനെ രൂപപ്പെടുത്താം? ഇത് ഇസ്രായേലിന്റെ മതേതര കേന്ദ്രവാദികൾക്കും അവിടുത്തെ ഫലസ്തീൻ പൗരർക്കും ഒരുപോലെ വലിയൊരു വെല്ലുവിളിയായിരിക്കും.

(ഇസ്രായേലി മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ ലോക്കൽ കോൾ പത്രാധിപരാണ്)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli Election Outcome: No One Can Ignore the Palestinians
Next Story